മലമ്പനിയിലും കോളറയിലും ഒന്നാമത്; എലിപ്പനിയും പടരുന്നു

Tuesday 2 January 2018 10:12 pm IST

കോഴിക്കോട്: മലമ്പനിയും കോളറയും ജില്ലയില്‍ ഭീതി പരത്തുന്നു. കേരളത്തില്‍ നിന്ന് തുരത്തിയ കോളറ ജില്ലയിലെ അഞ്ചുപേരിലാണ് സ്ഥിരീകരിച്ചത്. മലമ്പനി ബാധിച്ചവരും ഏറ്റവുംകൂടുതല്‍ ജില്ലയിലാണ്. 179 പേരിലാണ് മലമ്പനി കണ്ടെത്തിയത്. എലിപ്പനി പിടിപെട്ട 159 പേരില്‍ ഒരാള്‍ മരിച്ചു.
ജില്ലയില്‍ സ്ഥിരതാമസമുള്ള 33 പേരില്‍ മലമ്പനി സ്ഥിരീകരിച്ചത് ഗുരുതര ആരോഗ്യ പ്രശ്‌നംഉയര്‍ത്തുന്നു. ഇതര സംസ്ഥാനങ്ങളില്‍ താമസിച്ച് മടങ്ങിയെത്തിയ 50 മലയാളികളിലും 96 ഇതരസസംസ്ഥാന തൊഴിലാളികളിലും മലമ്പനി സ്ഥിരീകരിച്ചു. തീരദേശ മേഖലയിലാണ് അധികവും മലമ്പനി കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രേദശങ്ങളില്‍ മലമ്പനി പരത്തുന്ന അനോഫിലിസ് കൊതുവിന്റെ സാന്നിധ്യം ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. സ്ഥിരതാമസക്കാരില്‍ മലമ്പനി കണ്ടെത്തിയത് ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്തിയിട്ടുണ്ട്.
ഇതര സംസ്ഥാന തൊഴിലാളികളിലാണ് കോളറ സ്ഥിരീകരിച്ചത്. മാവൂരില്‍ മൂന്നും നഗരസഭിലെ മിഠായിത്തെരുവില്‍ രണ്ടും പേര്‍ക്കാണ് കോളറ കണ്ടെത്തിയത്. ഇവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുകയും താമസസ്ഥലം ശുചീകരിക്കുകയും ചെയ്‌തെങ്കിലും കോളറ പടരുമെന്ന ഭീതി ഒഴിവാക്കാനായിട്ടില്ല. എച്ച്എഫ്എംഡി(വായക്ക്ചുറ്റും കയ്യിലും കാല്‍ പാദത്തിലും ഉണ്ടാകുന്ന വൈറസ് ആക്രമണം)യും ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കണ്ടെത്തിയത്. 194 പേരാണ് എച്ച്എഫ്എംഡി ബാധിച്ച് ചികിത്സ തേടിയത്.
1336 ആളുകളില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. അഞ്ചുപേര്‍മരിച്ചു. 3.1 ലക്ഷം പേര്‍ക്കാണ് ഈവര്‍ഷം പനി പിടിപെട്ടത്. മൂന്നുപേര്‍ മരിച്ചു. അതിസാരത്തിന് 46899 പേര്‍ ചികിത്സതേടി. ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. മഞ്ഞപ്പിത്തം 187 പേരിലേക്ക് പടര്‍ന്നു. ഒരാള്‍ മരിച്ചു. 41 പേരില്‍ ടൈഫോയിഡും ചെള്ളുപനി എട്ടു പേരിലുമാണ് സ്ഥിരീകരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.