ഓഖി ദുരുതാശ്വാസ നിധി: സര്‍ക്കാരിനോട് ഇടത് അനുകൂല സര്‍വ്വീസ് സംഘടനകളും സഹകരിച്ചില്ല

Tuesday 2 January 2018 10:37 pm IST

കണ്ണൂര്‍: സര്‍ക്കാരിന്റെ ഓഖി ദുരിതാശ്വാസ നിധി ശേഖരണവുമായി ഇടത് അനുകൂല സര്‍വ്വീസ് സംഘടനകളും സഹകരിച്ചില്ല. എല്ലാ സര്‍ക്കാര്‍ ജീവനക്കാരും തങ്ങളുടെ രണ്ട് ദിവസത്തെ വേതനം ഓഖി ദുരുതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ ഔദ്യോഗികമായി നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ ഈ തീരുമാനത്തെ എതിര്‍ത്തുകൊണ്ട് ഇടത് അനുകൂല സംഘടനകള്‍ രംഗത്തു വന്നു. എതിര്‍പ്പ് ശക്തമായതാണ് ഓരോ ജീവനക്കാരനും തങ്ങള്‍ക്ക് ഇഷ്ടമുള്ള തുക നല്‍കിയാല്‍ മതിയെന്ന തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഇത് സംബന്ധിച്ച് ഓരോ ജീവനക്കാരില്‍ നിന്നും രേഖാമൂലം എഴുതി വാങ്ങുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ എഴുതി നല്‍കാത്ത ജീവനക്കാരില്‍ നിന്ന് രണ്ട് ദിവസത്തെ വേതനം പിടിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഓഖി ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ഒന്നില്‍ കൂടുതല്‍ സംഘടനകള്‍ക്ക് പണം നല്‍കേണ്ടി വന്നിട്ടുണ്ടെന്നാണ് ജീവനക്കാര്‍ വ്യക്തമാക്കുന്നത്. എല്ലാ ഓഫീസുകളിലും വിവിധ സര്‍വ്വീസ് സംഘടനകള്‍ നിധി ശേഖരണം നടത്തിയിട്ടുണ്ട്. ഇതിനു പുറമേ സിപിഎം നേരിട്ട് ഓരോ പ്രദേശത്തും ബക്കറ്റ് പിരിവ് നടത്തുകയും ചെയ്തു. ബക്കറ്റ് പിരിവിന് റസീറ്റ് നല്‍കുന്നില്ലെങ്കിലും പിരിവിനെത്തിയ സിപിഎം സംഘം നിശ്ചിത തുക ചോദിച്ചുവാങ്ങിയതായി ജീവനക്കാര്‍ പറയുന്നു. ഒരേ ആവശ്യത്തിലേക്ക് ഒന്നില്‍ കൂടുതല്‍ തവണ കലക്ഷന്‍ നല്‍കിയവരില്‍ നിന്നാണ് സര്‍ക്കാര്‍ ഔദ്യോഗിക സംവിധാനമുപയോഗിച്ച് നിര്‍ബന്ധിത പിരിവെടുക്കുന്നത്. ഏതെങ്കിലും ജീവനക്കാരന്‍ എഴുതി നല്‍കിയില്ലെങ്കില്‍ ശമ്പളത്തില്‍ നിന്ന് കട്ട് ചെയ്യുമെന്നതിനാലാണ് മിക്ക ജീവനക്കാരനും സര്‍ക്കാര്‍ തീരുമാനത്തോട് സഹകരിച്ചത്. എന്നാല്‍ മുഖ്യമന്ത്രി തന്നെ മുന്‍കയ്യെടുത്ത് നടപ്പിലാക്കിയ തീരുമാനത്തെ ഭരണാനുകൂല സംഘടനകളും എതിര്‍ത്തത് സര്‍ക്കാരിനെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.