ലീഗ്-സമസ്ത ബന്ധം ഉലയുന്നു

Wednesday 3 January 2018 2:50 am IST

കോഴിക്കോട്: മുജാഹിദ് സമ്മേളനത്തില്‍ പാണക്കാട് സയിദ് റഷീദ് അലി ശിഹാബ് തങ്ങളും സയിദ് മുനവറലി ശിഹാബ് തങ്ങളും പങ്കെടുത്തത് വിവാദമായതോടെ മുസ്ലിം ലീഗ് – സുന്നി ബന്ധം വഷളാവുന്നു. മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് സമസ്ത മത നേതൃത്വത്തിന്റെ വിലക്കുണ്ടായിട്ടും പാണക്കാട് തങ്ങള്‍ കുടുംബത്തിലെ രണ്ടു പ്രധാനികള്‍ പങ്കെടുത്തതാണ് വിവാദമായിരിക്കുന്നത്.

വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയിലാണ് താന്‍ പങ്കെടുത്തതെന്ന് റഷീദലി തങ്ങളുടെ വിശദീകരണവും യുവജന സമ്മേളനത്തിലാണ് താന്‍ പങ്കെടുത്തതെന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങളുടെ വിശദീകരണവും സമസ്ത നേതൃത്വത്തിന് തൃപ്തികരമായിട്ടില്ല. സോഷ്യല്‍ മീഡിയയിലും മറ്റും പരസ്യമായി ഇവര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെയും പോഷക സംഘടനകളുടെയും യോഗം ഇതു സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളടങ്ങുന്ന അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി.

അന്തിമ തീരുമാനമെടുക്കുന്ന ഉന്നതാധികാര സമിതിയില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ഉള്‍പ്പെടും. തീരുമാനം എന്തായാലും ഇതും മുസ്ലിം ലീഗില്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിടും.

മലപ്പുറം കൂരിയാട് നടന്ന മുജാഹിദ് ഒമ്പതാം സംസ്ഥാന സമ്മേളനത്തില്‍ ഇ കെ സുന്നി വിഭാഗം നേതാക്കള്‍ പങ്കെടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. മുസ്ലിം ലീഗും ഇ കെ വിഭാഗവും തമ്മിലുള്ള ഭിന്നിപ്പ് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ടു മാസം മുമ്പ് പാണക്കാട് യോഗം ചേര്‍ന്നിരുന്നു. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള നീക്കത്തിനിടയിലാണ് പുതിയ വിവാദം പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നത്. മുജാഹിദ് സമ്മേളനത്തിലെ പള്ളി, മദ്രസ, മഹല്ല് സമ്മേളനത്തിലാണ് താന്‍ പങ്കെടുത്തതെന്നും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍ ഇത്തരം സമ്മേളനങ്ങളില്‍ മുമ്പും പങ്കെടുത്ത കീഴ്‌വഴക്കമുണ്ടെന്നും റഷീദലി ശിഹാബ് തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

പത്തിന് കോഴിക്കോട് ചേരുന്ന ഏകോപന സമിതി യോഗം മുസ്ലിം ലീഗ്-സുന്നി ബന്ധത്തില്‍ സുപ്രധാന തീരുമാനം എടുക്കുമെന്നാണ് സൂചനകള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.