പയ്യോളി മനോജ് വധം: നേതാക്കള്‍ക്കും പങ്ക് പാര്‍ട്ടി വഞ്ചിച്ചു

Wednesday 3 January 2018 2:55 am IST

കോഴിക്കോട്: പയ്യോളിയില്‍ ബിഎംഎസ് നേതാവ് സി.ടി. മനോജിനെ കൊലചെയ്തതില്‍ സിപിഎം ജില്ലാ നേതൃത്വത്തിന് പ്രധാനപങ്കുണ്ടെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. ലോക്കല്‍പോലീസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ആളുടെ ശബ്ദരേഖയില്‍ ജില്ലാ നേതാക്കളൂടെ ആസൂത്രണത്തിലാണ് കൊലപാതകം നടന്നതെന്ന് വെളിപ്പെടുത്തുന്നു.

ബ്രാഞ്ച് കമ്മിറ്റിയുടെയും മേല്‍ക്കമ്മിറ്റികളുടെയും നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ആക്ഷന്‍ ആസൂത്രണം ചെയ്തതെന്നും വെളിപ്പെടുത്തുന്നു. കൊലപാതകമുണ്ടായതിന് ശേഷം തങ്ങളെ ഒളിവില്‍ പാര്‍പ്പിച്ചത് സിപിഎം ജില്ലാ കമ്മിറ്റി അംഗം ചന്തു മാസ്റ്ററുടെ നേതൃത്വത്തിലായിരൂന്നുവെന്നും ശബ്ദരേഖയിലുണ്ട്.

സമാധാനക്കമ്മിറ്റി ചേരും മുമ്പ് കൃത്യം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ശബ്ദരേഖയിലുള്ളത്. വടകര, പയ്യോളി, കൊയിലാണ്ടി ഏരിയാ കമ്മിറ്റികളുടെ പങ്കാളിത്തവും അറിവും കൊലപാതകത്തിന് പിന്നിലുണ്ടെന്ന വിവരവും ഇതോടെ പുറത്തുവന്നു. ബിജെപി കൊടുത്ത ലിസ്റ്റില്‍ ഉള്ളവരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പോലീസിന് മുമ്പാകെ പിടികൊടുക്കാന്‍ ഏരിയാ സെക്രട്ടറിയും ഇപ്പോള്‍ ജില്ലാ കമ്മിറ്റി അംഗവുമായ ചന്തു മാസ്റ്റര്‍ നിര്‍ദ്ദേശിച്ചത്.

കൊലപാതകത്തില്‍ മകന് പങ്കുണ്ടെന്നും കൊലനടത്തുമ്പോള്‍ മകന്റെ മുഖത്ത് രക്തം തെറിച്ചുവെന്നും ഡിവൈഎഫ്‌ഐ ബ്ലോക്ക് നേതാവായിരുന്ന ഇ.വി. സുരേഷ് തങ്ങളുടെ വീട്ടിലെത്തി അമ്മയോട് പറഞ്ഞു. മനോജിന്റെ ഭാര്യയുടെ അടുത്ത സുഹൃത്തായ ഡിവൈഎഫ്‌ഐ നേതാവിന്റെ പങ്കും കൊലപാതകത്തിന് പിന്നിലുണ്ടെന്ന് ശബ്ദരേഖയില്‍ ഉണ്ട്.
ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലയാളികള്‍ അറുപതു ദിവസംകൊണ്ട് ജാമ്യത്തില്‍ ഇറങ്ങിയെന്നും അതിനേക്കാള്‍ എളുപ്പത്തില്‍ ജാമ്യം ലഭിക്കുമെന്നും ഉറപ്പ് കൊടുത്തു.

കൊലപാതകം നടന്ന ഉടനെ പയ്യോളി സിഐ വിനോദ്, ചന്തു മാസ്റ്ററെ വിവരം അറിയിച്ചിരുന്നു. ഡിവൈഎസ്പിയുമായി സംസാരിച്ച് ധാരണയുണ്ടാക്കി എന്ന ഉറപ്പുനല്‍കിയാണ് അറസ്റ്റിന് തയ്യാറാവാന്‍ നേതൃത്വം നിര്‍ബന്ധിച്ചത്. ജയിലിലായ ശേഷം പാര്‍ട്ടി തിരിഞ്ഞുനോക്കിയില്ല. കേസില്‍ പ്രതികളായ ആറു പേരുടെ കേസ് നടത്താന്‍ കുടുംബങ്ങള്‍ക്ക് ലക്ഷങ്ങളാണ് ചെലവായത്. ഇപ്പോഴും സിപിഎമ്മിലാണെന്നും സിബിഐയുടെ അന്വേഷണം ശരിയായ നിലയിലാണന്നും ശബ്ദരേഖയില്‍ വ്യക്തമാക്കുന്നുണ്ട്.

സമാധാന കമ്മിറ്റിക്ക് മുമ്പ് കൊലപാതകം നടത്തണമെന്ന നിര്‍ദ്ദേശം നല്‍കുക വഴി സിപിഎമ്മിന്റെ യഥാര്‍ത്ഥ മുഖമാണ് പുറത്തായിരിക്കുന്നത്. കൊലപാതകത്തിനും പ്രതികളാക്കപ്പെടുന്നവരെ ഒളിവില്‍ താമസിപ്പിക്കുന്നതിലും നേതൃത്വത്തിന് പങ്കുണ്ടെന്നും വെളിവാകുന്നു. പോലീസ-സിപിഎം രഹസ്യബന്ധത്തിന്റെ ഞെട്ടിക്കുന്ന തെളിവുകളാണ് ശബ്ദരേഖയില്‍ ഉടനീളമുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.