ദേശീയ പാതയില്‍ മുഴപ്പിലങ്ങാട് ലോറി കത്തി നശിച്ചു; ഒഴിവായത് വന്‍ ദുരന്തം

Tuesday 2 January 2018 10:46 pm IST


തലശേരി: ദേശീയ പാതയില്‍ മുഴപ്പിലങ്ങാട് ടോള്‍ ബൂത്തിനു സമീപം ചരക്ക് ലോറി കത്തി നശിച്ചു. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. ലോറിയിലുണ്ടായിരുന്ന െ്രെഡവറും ക്ലീനറും ചാടി രക്ഷപെട്ടു. മംഗലാപുരത്തു നിന്നും പെയിന്റ് കയറ്റി കൊച്ചിയിലേക്ക് പോകുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. ലോറി പൂര്‍ണമായും കത്തി നശിച്ചു.ദേശീയ പാതയില്‍ രണ്ട് മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. ആകാശത്തോളം ഉയര്‍ന്ന് തീ കണ്ട് വാഹനങ്ങളിലുണ്ടായിരുന്നവരും പരിസരത്തെ വീടുകളിലുണ്ടായിരുന്നവരും ഭയവിഹ്വലരായി പുറത്തേക്കോടി.
തീപ്പിടുത്തത്തിനിടയില്‍ ലോറിയില്‍ നിന്നുണ്ടായ പൊട്ടിത്തെറികള്‍ ആശങ്ക സൃഷ്ടിച്ചു. പരിസരത്തെ വീടുകളില്‍ നിന്നും ജനങ്ങളെ അധികൃതര്‍ ഒഴിപ്പിക്കുകയും ചെയ്തു. ഗ്യാസ് ടാങ്കറാണ് പൊട്ടിത്തെറിച്ചതെന്ന പ്രചരണമുണ്ടായതിനെ തുടര്‍ന്ന് പരിസര പ്രദേശങ്ങളിലുള്ള ജനങ്ങളും ഭീതീയിലായി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പത്ത് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ രണ്ട് മണിക്കൂര്‍ നീണ്ട കഠിന പ്രയത്‌നത്തിലൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇരു ഭാഗത്തു നിന്നുമുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു കൊണ്ടാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. വൈദ്യുതി ബന്ധം വിഛേദിക്കുകയും ചെയ്തിരുന്നു.നാട്ടുകാരും പോലീസും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. തലശേരി എഎസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഗതാഗതം നിയന്ത്രിച്ചു. ടോള്‍ ബൂത്ത് കടക്കുന്നതിനിടയില്‍ ലോറിയുടെ ഡീസല്‍ ടാങ്കിന് തീ പിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.