കീഴാറ്റൂര്‍ വയല്‍ക്കിളി സമരം: അനുകൂലിച്ചവരെ സിപിഎം പുറത്താക്കി: പാര്‍ട്ടിക്കുളളില്‍ പൊട്ടിത്തെറി

Tuesday 2 January 2018 10:40 pm IST

കണ്ണൂര്‍: തളിപ്പറമ്പ് കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ച് ദേശീയപാത ബൈപ്പാസ് വിരുദ്ധസമരം സംഘടിപ്പിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ നടപടി. സമരം നടത്തിയ പതിനൊന്നുപേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കീഴാറ്റൂര്‍ സെന്‍ട്രല്‍ ബ്രാഞ്ചിലെ ആകെയുള്ള 12 പേരില്‍ 9 അംഗങ്ങളെയും വടക്ക് ബ്രാഞ്ചിലെ രണ്ട് അംഗങ്ങളെയുമാണ് പാര്‍ട്ടിയില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്താക്കിയിരിക്കുന്നത്. സെന്‍ട്രല്‍ ബ്രാഞ്ചിലെ പി.ശശി, എം.ബൈജു, ബിജു, രാഹുല്‍, പ്രിന്‍സ്, ബാലന, രാമകൃഷ്ണന്‍, രജിത്ത്, ബി. ഗോവിന്ദന്‍, വടക്ക് ബ്രാഞ്ചിലെ കെ. വി.ബാലകൃഷ്ണന്‍, ലാലു പ്രസാദ് എന്നിവരാണ് പുറത്തായിരിക്കുന്നത്.
കീഴാറ്റൂര്‍ സെന്‍ട്രല്‍, വടക്ക് കീഴാറ്റൂര്‍ ബ്രാഞ്ചുകളിലെ പതിനൊന്ന് അംഗങ്ങളെയാണ് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് കാണിച്ചാണ് അംഗങ്ങള്‍ക്കെതിരെ സിപിഎം പുറത്താക്കല്‍ നടപടിയെടുത്തത്. സമരത്തില്‍ പങ്കെടുത്ത അംഗങ്ങളില്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. അംഗങ്ങളോട് കഴിഞ്ഞ നവംബറിലാണ് പാര്‍ട്ടി നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടത്. പാര്‍ട്ടി ജില്ലാ കമ്മറ്റി സമരത്തെ പരസ്യമായി തള്ളിപ്പറഞ്ഞിട്ടും വയല്‍ക്കിളി സമരത്തില്‍ പങ്കെടുത്തതിനാണ് വിശദീകരണം ആവശ്യപ്പെട്ടത്. തങ്ങള്‍ കീഴാറ്റൂരിലെ ജനങ്ങളുടെ സമരത്തിനൊപ്പമാണ് നിലകൊണ്ടതെന്നും മറ്റ് വിശദീകരണങ്ങളൊന്നും നല്‍കാനില്ലെന്നുമായിരുന്നു സമരാനുകൂലികളായ പാര്‍ട്ടി അംഗങ്ങളുടെ നിലപാട്.
സമരം സിപിഎം വിരുദ്ധമാണ്. ദേശീയപാതയ്ക്ക് വീതി കൂട്ടാന്‍ കഴിയാത്തിടത്ത് ബൈപ്പാസ് വരും. അത് എല്‍ഡിഎഫ് പ്രകടനപത്രികയിലുള്ളതാണ്. നാടിന്റെ വികസനത്തിന്റെ ശത്രുക്കളാണ് സമരത്തെ പിന്തുണയ്ക്കുന്നതെന്നും വയല്‍ക്കിളി സമരം സംബന്ധിച്ച് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ കീഴാറ്റൂരിലെത്തി പ്രഖ്യാപിച്ചിരുന്നു. സമരത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ ബ്രാഞ്ച് സമ്മേളനങ്ങള്‍ പോലും പാര്‍ട്ടിക്ക് മാറ്റിവെയ്‌ക്കേണ്ടി വന്നിരുന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന പരിസ്ഥിതിവിരുദ്ധ നിലപാടുകളുമായി ബന്ധപ്പെട്ട് വയല്‍ക്കിളി സമരം സാമൂഹ്യമാധ്യമങ്ങളിലടക്കം ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരുന്നു. തളിപ്പറമ്പ് നഗരത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയിലെ ഗതാഗത പ്രശ്‌നത്തിന് പരിഹാരമായി കുപ്പംകുറ്റിക്കോല്‍ ബൈപ്പാസിനായി സ്ഥലം ഏറ്റെടുത്ത മുന്‍വിജ്ഞാപനം അട്ടിമറിച്ച് പുതിയ നീക്കത്തിലൂടെ ഏക്കര്‍ കണക്കിന് പാടം നികത്തിയുള്ള പുതിയ വികസന പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു നീങ്ങിയപ്പോഴാണ് കീഴാറ്റൂരിലെ നാട്ടുകാര്‍ സംഘടിച്ച് സമരത്തിനിറങ്ങിയത്. സമരത്തിന്റെ ആദ്യ നാളുകളില്‍ സമരസമിതി നേതാക്കളെ പങ്കെടുപ്പിച്ച് നേരത്തേ സ്ഥലം എംഎല്‍എയും ജില്ലാ കലക്ടറും വിളിച്ചുചേര്‍ത്ത ചര്‍ച്ച പരാജയത്തില്‍ കലാശിച്ചിരുന്നു. തുടര്‍ന്ന് പാര്‍ട്ടി അച്ചടക്കത്തിന്റെ പേരില്‍ സമരക്കാരെ പിന്തിരിപ്പിക്കാന്‍ തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെയും ജെയിംസ് മാത്യു എംഎല്‍എയുടേയും നേതൃത്വത്തില്‍ ശ്രമം നടത്തി. പിന്നെയും സമരം ശക്തമായതിനെ തുടര്‍ന്ന് പാര്‍ട്ടി കമ്മിറ്റികളിലും കുടുംബങ്ങള്‍ക്കിടയിലും വിശദീകരണ യോഗം നടത്തി സമരം അടിച്ചമര്‍ത്താനും ശ്രമം നടന്നു. എന്നാല്‍ നാട്ടുകാര്‍ സമരവുമായി മുന്നോട്ട് പോവുകയായിരുന്നു.
വയല്‍ക്കിളി കൂട്ടായ്മയുടെ സമരവാര്‍ഷികാചരണത്തിന് കഴിഞ്ഞ ദിവസം സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ വിലക്ക് ലംഘിച്ച് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുകയുണ്ടായി. മാര്‍ച്ചില്‍ പങ്കെടുത്ത 50ഓളം പ്രവര്‍ത്തകര്‍ക്കെതിരെ ഇന്നലെ കേസെടുത്തു. സമരസസമിതിയുടേയും സിപിഎമ്മിന്റെയും നേതാക്കളായ സുരേഷ് കീഴാറ്റൂര്‍, സി.മനോഹരന്‍, ജാനകി തുടങ്ങി 50 ഓളം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. പരിപാടിക്ക് മൈക്ക് ഉപയോഗിക്കാന്‍ ഉള്‍പ്പെടെ സമരക്കാര്‍ നല്‍കിയ അപേക്ഷ അവസാന നിമിഷം നിഷേധിക്കുകയായിരുന്നു. 11 പേരെ പുറത്താക്കിയ പാര്‍ട്ടി നേതൃത്വത്തിന്റെ നടപടി മേഖലയിലെ പാര്‍ട്ടിയില്‍ വന്‍ അഭിപ്രായഭിന്നതകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
പി.ജയരാജന് എതിരായ പാര്‍ട്ടി നടപടി കീഴ്ഘടകങ്ങളിലേക്ക് റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി
കല്‍ക്കട്ട പ്ലീനം നിലപാട് ലംഘിച്ചുവെന്ന് കുറ്റപ്പെടുത്തല്‍
കണ്ണൂര്‍: പി.ജയരാജന് എതിരായ സംസ്ഥാന സമിതിയുടെ നടപടി കീഴ്ഘടകങ്ങളിലേക്ക് റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. ജില്ലയിലെ ബ്രാഞ്ച് കമ്മിറ്റികളിലാണ് ആദ്യഘട്ടമായി നടപടി വിശദീകരിച്ച് തുടങ്ങിയത്. കഴിഞ്ഞ ദിവസം മുതലാണ് ചില തെറ്റായ പ്രവണതകള്‍ എന്ന പേരിലുള്ള നടപടി ബ്രാഞ്ചുകളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്. ബ്രാഞ്ചുകളില്‍ വായിച്ച അഞ്ച് പേജുള്ള സര്‍ക്കുലറില്‍, വ്യക്തിയല്ല പാര്‍ട്ടിയാണ് വലുത് എന്ന് വ്യക്തമാക്കിയ കല്‍ക്കട്ട പ്ലീനം നിലപാട് ജയരാജന്‍ ലംഘിച്ചുവെന്ന് കുറ്റപ്പെടുത്തുന്നു.
ജയരാജനെ മഹത്വവത്കരിച്ച് പുറച്ചേരി ഗ്രാമീണ കലാവേദി പുറത്തിറക്കിയ സംഗീതശില്‍പവും ഭാവി ആഭ്യന്തരമന്ത്രിയായി കാണിച്ച് കണ്ണൂരില്‍ ഉയര്‍ന്ന ഫഌക്‌സുകളും ദൈവദൂതനായി വാഴ്ത്തിയുള്ള ജീവിതരേഖയുമുള്‍പ്പെടെയുളള കാര്യങ്ങളാണ് ജയരാജനെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സമിതിയെ പ്രേരിപ്പിച്ചത്. വ്യക്തികേന്ദ്രീകൃതമായ പ്രചാരണങ്ങള്‍ നടന്നിട്ടും തടയാന്‍ ജരാജന്‍ ശ്രമിച്ചില്ല എന്നാണ് സംസ്ഥാന സമിതിയുടെ തീരുമാനമായി റിപ്പോര്‍ട്ടിലുളളത്. ജില്ലാ സമ്മേളന ഒരുക്കങ്ങള്‍ പ്രധാന അജണ്ട ആകേണ്ടുന്ന ബ്രാഞ്ച് യോഗങ്ങളുടെ സുപ്രധാന അജണ്ട.
ജയരാജന്റെ വീഴ്ചകള്‍ എണ്ണിയെണ്ണി പറഞ്ഞുകൊണ്ടുളള സംസ്ഥാന കമ്മറ്റിയുടെ റിപ്പോര്‍ട്ടാണ് പാര്‍ട്ടി കമ്മിറ്റികളില്‍ അവതരിപ്പിക്കുന്നത്. അഞ്ച് പേജുള്ള സര്‍ക്കുലര്‍ നിശ്ചയിക്കപ്പെട്ട ഏരിയ കമ്മറ്റിയംഗം നേരിട്ടെത്തിയാണ് ബ്രാഞ്ചുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാര്‍ട്ടി എന്നതില്‍ ഉപരി വ്യക്തികളില്‍ ആകൃഷ്ടരായി പാര്‍ട്ടിയിലേക്ക് ആള്‍ക്കൂട്ടം എത്തുന്ന പ്രവണതയെയും സര്‍ക്കുലറില്‍ സൂചിപ്പിക്കുന്നുണ്ട്.
ജയരാജനെ ദൈവദൂതനായി വാഴ്ത്തിയ ജീവിതരേഖയാണ് നവംബറില്‍ ചേര്‍ന്ന സംസ്ഥാന സമിതിയില്‍ പ്രധാന ചര്‍ച്ചാവിഷയമായത്. സ്വയം വാഴ്ത്തിയുള്ള പ്രചാരണങ്ങള്‍ സംസ്ഥാന നേതൃപദവിയിലേക്ക് ഉയരാനുള്ള ശ്രമമായാണ് റിപ്പോര്‍ട്ടിംഗിലെ വിലയിരുത്തല്‍. ജയരാജനെതിരായ റിപ്പോര്‍ട്ടിംഗിനെ അനുകൂലിച്ചും പ്രതികൂലിച്ചും പാര്‍ട്ടി കമ്മറ്റികളില്‍ അഭിപ്രായഭിന്നതകള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.