ബിനാമികളെ മുന്‍നിര്‍ത്തി നഗരസഭ ലക്ഷങ്ങള്‍ തട്ടുന്നു

Wednesday 3 January 2018 2:05 pm IST

പുനലൂര്‍: ബിനാമികളെ മുന്‍നിര്‍ത്തി ഫെസ്റ്റുകള്‍ സംഘടിപ്പിച്ച് പുനലൂര്‍ നഗരസഭ ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുന്നു.
ഓണത്തിന് ഓണംഫെസ്റ്റ് നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത നഗരസഭ ഭരണാധികാരികള്‍ ഇപ്പോള്‍ വേണാട് ഫെസ്റ്റ് സംഘടിപ്പിച്ച് പണം കൊയ്യുകയാണ്. വികസനപ്രവര്‍ത്തനങ്ങള്‍ യാതൊന്നും നടക്കുന്നില്ലെങ്കിലും ഫെസ്റ്റുകള്‍ നടത്തി പണം തട്ടുന്ന കാര്യത്തില്‍ നഗരസഭ ഒന്നാംസ്ഥാനത്താണ്. പേരിന് വേണ്ടി ചില ബിനാമികളെ മുന്നില്‍ നിര്‍ത്തിയാണ് നഗരസഭാ ഭരണാധികാരികളുടെ അഭ്യാസം.
വികസന മുരടിപ്പ് നഗരസഭാ ഭരണത്തിന് കരിനിഴല്‍ വീഴ്ത്തുമ്പോഴും പണം തട്ടാന്‍ വേണ്ടി തട്ടിക്കൂട്ടു പരിപാടികള്‍ നഗരസഭ സംഘടിപ്പിക്കുമ്പോള്‍ പ്രതിപക്ഷത്തിനും പ്രതിഷേധമില്ല. ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിന്റെ പിടിയിലാണ് പുനലൂര്‍ നഗരസഭയിലെ പ്രതിപക്ഷം.
എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ് നഗരസഭ’ഭരണം നടത്തുന്നത്. സിപിഎമ്മിന്റെ നേതാവുകൂടിയായ എം.എ.രാജഗോപാലാണ് നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തുള്ളത്. ഭരണപക്ഷം കാണിക്കുന്ന കൊള്ളരുതായ്മക്ക് പ്രതിപക്ഷമായ യുഡിഎഫ് കുട പിടിക്കുന്ന അവസ്ഥയാണ്. പ്രതിഷേധം ഏത് കോണില്‍നിന്നുണ്ടായാലും ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിലൂടെ അതിനെയെല്ലാം ഒതുക്കുകയെന്നതാണ് ഭരണപക്ഷത്തിന്റെ നിലപാട്.
നഗരസഭയില്‍ ഭരണസ്തംഭനം നിലനില്‍ക്കുമ്പോഴും പ്രതിപക്ഷം മൗനംപാലിക്കുകയാണ്. വികസനപദ്ധതികളെപറ്റി കൊട്ടിഘോഷിക്കുന്നവര്‍ യാതൊന്നും ചെയ്യാനാതാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.