മട്ടന്നൂരില്‍ കേന്ദ്രീയ വിദ്യാലയം വേണമെന്ന ആവശ്യം ശക്തമാവുന്നു

Wednesday 3 January 2018 4:44 pm IST

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ത്ഥ്യമാവുന്നതോടെ രാജ്യാന്തര ഭൂപടത്തില്‍ ഇടം നേടി മട്ടന്നൂര്‍ വികസന പാതയില്‍ കുതിക്കുമ്പോള്‍ കേന്ദ്രീയ വിദ്യാലയം എന്ന ആവശ്യം ശക്തമാവുന്നു. മട്ടന്നൂരില്‍ കേന്ദ്രീയ വിദ്യാലയത്തിനായി നിവേദനം നല്‍കി കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷം 5 കഴിഞ്ഞിട്ടും ഒരു നടപടിയുമായിട്ടില്ല. വിമാനത്താവളത്തില്‍ ജോലി ചെയ്യാനെത്തുന്ന സിഐഎസ്എഫ് അടക്കമുള്ള അന്യസംസ്ഥാന ജീവനക്കാരുടെ മക്കളുടെ പഠനം സുഗമമാക്കാന്‍ കേന്ദ്രീയ വിദ്യാലയം അനിവാര്യമാണ്.
വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ മട്ടന്നൂര്‍ പട്ടണം വികസിക്കുമെങ്കിലും മികവുറ്റ സര്‍ക്കാര്‍ വിദ്യാലയത്തിന്റെ അഭാവം ശ്രദ്ധിക്കപ്പെടും. കോളേജുകളുടെ പട്ടികയില്‍ ഗവ.പോളിടെക്‌നിക് കോളേജും പഴശ്ശിരാജ എന്‍എസ്എസ് കോളേജുമാണ് നിലവിലുള്ളത്. എടയന്നൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സാങ്കേതിക വിദ്യാഭ്യാസത്തിന് മുതല്‍കൂട്ടാണെങ്കിലും പരമ്പരാഗത കോഴ്‌സുകള്‍ മാത്രമാണ് ഇവിടെയുള്ളത്. സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് കീഴില്‍ ഒരു ഹയര്‍ സെക്കന്ററി സ്‌കൂളും സിബിഎസ്‌സി സിലബസ്സുള്ള രണ്ട് സ്‌കൂളുമാണ് നിലവിലുള്ളത്. മട്ടന്നൂര്‍ നഗരസഭ അതിര്‍ത്തിയോട് ചേര്‍ന്ന് ഇരിട്ടി നഗരസഭ പരിധിയില്‍ കളറോഡ് ഒരു സ്വകാര്യ സിബിഎസ്‌സി സ്‌കൂള്‍ കൂടി തുടങ്ങുന്നുമുണ്ട്. എന്നാല്‍ ഉന്നത വിദ്യാഭ്യാസത്തിനായി മികച്ച സര്‍ക്കാര്‍ സ്‌കൂള്‍ വേണമെന്ന ആവശ്യന് നാളിതുവരേയും പരിഹാരം കാണാനായിട്ടില്ല. ഇരിട്ടി യുള്‍പ്പെടെ മലയോര പ്രദേശത്തു നിന്ന് കൊട്ടിയൂര്‍, പേരാവൂര്‍, ഉളിക്കല്‍, മാലൂര്‍, അഞ്ചരക്കണ്ടി, ഇരിക്കൂര്‍ ഭാഗങ്ങളില്‍ നിന്നും കുട്ടികള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന തരത്തില്‍ മട്ടന്നൂരില്‍ കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കണമെന്നാണ് ആവശ്യം. മട്ടന്നൂര്‍ നഗരസഭയില്‍ പൊറോറ, ഏളന്നൂര്‍, ഇല്ലംമൂല എന്നിവിടങ്ങളില്‍ നഗരസഭയ്ക്ക് കേന്ദ്രീയ വിദ്യാലയത്തിനായി സ്ഥലസൗകര്യമൊരുക്കാന്‍ സാധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.