പറന്നിറങ്ങുന്ന ലഹരി

Thursday 4 January 2018 2:45 am IST

ബാറുകള്‍ പൂട്ടും മുമ്പുവരെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസുകള്‍ ആയിരത്തില്‍ താഴെ. എന്നാല്‍, പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇവയുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. കേരളത്തിന്റെ മെട്രോ നഗരം ലഹരിയുടെ തലസ്ഥാനമായി മാറി. സ്‌കൂള്‍ വരാന്ത മുതല്‍ നിശാപ്പാര്‍ട്ടികള്‍ വരെ ലഹരി. ഒപ്പം രാജ്യാന്തര ലഹരിമാഫിയയുടെയും ലഹരിക്കടത്തിന്റേയും കേന്ദ്രമെന്ന വിളിപ്പേരും.

2017ഒക്‌ടോബര്‍ 30വരെ കൊച്ചി നഗരത്തില്‍ മാത്രം ലഹരിവിരുദ്ധ നിയമപ്രകാരം 1384 കേസ് രജിസ്റ്റര്‍ ചെയ്തു. മൂന്ന് മാസത്തിനിടെ കൊച്ചി രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ചു 45 കോടി രൂപയുടെ ലഹരി മരുന്നാണ് പിടികൂടിയത്. കൊച്ചിയില്‍ വര്‍ധിച്ചുവരുന്ന ലഹരിമരുന്ന് ഉപഭോഗത്തിലേക്കാണ് ഇതു വിരല്‍ചൂണ്ടുന്നത്. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ കഞ്ചാവ്- മയക്കുമരുന്ന് സംഘങ്ങളെ വീണ്ടും സജീവമാക്കി. ക്രിമിനലുകള്‍ക്ക് പുറമേ, സ്‌കൂള്‍ വിദ്യാര്‍ഥികളും ബിരുദധാരികളും ഐടി പ്രൊഫഷണലുകളും വരെ ലഹരി വസ്തുക്കളുടെ ശേഖരണവും വിപണനവുമായി ബന്ധപ്പെടുന്നുണ്ട്.

സ്വര്‍ണ്ണക്കള്ളക്കടത്തിന് പുറമേ മയക്കുമരുന്ന് കടത്തലിന്റെയും പ്രധാന കവാടമായി നെടുമ്പാശ്ശേരി വിമാനത്താവളം മാറി. ഡിസംബറില്‍ വെനസ്വേല സ്വദേശിയായ യുവാവ് ഒരു കിലോഗ്രാം കൊക്കെയ്ന്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചിരുന്നു. 101 ലഹരി കാപ്‌സ്യൂളുകള്‍ വിഴുങ്ങിയാണ് ഇയാളെത്തിയത്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നു നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. ബ്രസീലില്‍ നിന്നാണ് ലഹരിയുമായി കൊച്ചിയിലെത്തിയത്. യൂറോപ്പിലേക്കും അമേരിക്കയിലേക്കും ഏഷ്യന്‍ രാജ്യങ്ങളിലേക്കും ബ്രസീലില്‍ നിന്നു വന്‍തോതില്‍ കൊക്കെയ്ന്‍ എത്തുന്നുണ്ട്.

അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്തു സംഘത്തിലെ കണ്ണിയായ ഇയാള്‍, ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിലും ഗോവയിലും അരങ്ങേറുന്ന നിശാപ്പാര്‍ട്ടികളിലേക്കാണ് കൊക്കെയ്ന്‍ ഗുളികകള്‍ കൊണ്ടുവന്നത്. ഒക്ടോബറില്‍ 27 കോടിയുടെയും ഓഗസ്റ്റില്‍ 110 കോടിയുടെയും എഫഡ്രിന്‍ എന്ന മയക്കുമരുന്ന് വിമാനത്താവളത്തില്‍ പിടികൂടി.

കഴിഞ്ഞ നവംബര്‍ 19നു പരഗ്വായ് സ്വദേശി 3.69 കിലോഗ്രാം കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ചിരുന്നു. 15 കോടിയിലേറെ രൂപ ഇതിന് മൂല്യമുണ്ട്. ചെറിയ പായ്ക്കറ്റുകളിലാക്കി വയറിലും കാലിലും ഷൂസുകള്‍ക്കിടയില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. കൊച്ചിയിലെത്തി ബെംഗളൂരു വഴി ഗോവയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് സിഐഎസ്എഫ് ഇയാളെ പിടികൂടിയത്.

അടുത്തിടെ കൊക്കെയ്നുമായി വിദേശികളെയടക്കം രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ പിടികൂടിയിരുന്നു. ഇതോടെ മുംബൈ, ദല്‍ഹി, ഗോവ വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കി. ഇതാണ് കൊച്ചിയെ കടത്തു കേന്ദ്രമാക്കാന്‍ മാഫിയ സംഘങ്ങളെ പ്രേരിപ്പിച്ചത്. ഗോവയില്‍ പരിശോധനകള്‍ കൂട്ടിയതോടെ ലഹരിയുടെ ഹബ്ബായി മാറുകയാണ് കൊച്ചി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.