കൃഷ്ണാ! ഇതാ മൂന്നുലോകവും ഭയന്നു വിറയ്ക്കുന്നു! (11-20)

Thursday 4 January 2018 2:45 am IST

ഈ ഭൂമിയുടെയും സ്വര്‍ഗ്ഗലോകത്തിന്റെയും അതിനുമുകളിലുള്ള ലോകങ്ങളുടെയും, അതലം മുതലായ അധോലോകങ്ങളുടെയും ഇടയിലുള്ള അന്തരാളസ്ഥലങ്ങളും അന്തരീക്ഷവും അങ്ങ് ഒരാളുടെ തേജോരാശികള്‍ നിറഞ്ഞുനില്‍ക്കുന്നു-വ്യാപിച്ചു നില്‍ക്കുന്നു. ‘വ്യാപ്തം ത്വയാ” മറ്റു രൂപങ്ങള്‍ ധരിച്ച് അങ്ങ് കിഴക്ക്, തെക്ക്, പടിഞ്ഞാറു, വടക്കു എന്നീ ദിക്കുകളും നിറഞ്ഞുനില്‍ക്കുന്നു. ”ദിശശ്ച സര്‍വ്വാ വ്യാപ്‌തോഃ”
”ബ്രഹ്മൈവേദം സര്‍വ്വം” എന്ന വേദവാക്യം ബ്രഹ്മരൂപിയായ ഭഗവാന്‍ ഇവിടെ കാട്ടിയിരിക്കുന്നു എന്ന് നാം മനസ്സിലാക്കണം.
അതാ, അങ്ങയുടെ രൂപം മാറി?
ഇതുവരെ അങ്ങയുടെ രൂപംകാണുമ്പോള്‍ ആശ്ചര്യമാണുണ്ടായിരുന്നത്. ഇപ്പോഴതാ ഉഗ്രരൂപമായി! ഇപ്പോള്‍ ഭയം തോന്നുന്നു. തോന്നുകമാത്രമല്ല,ഭയം കൊണ്ടുദേഹം വിറക്കുന്നു. ്യൂഞാന്‍ മാത്രമല്ല, ഭയന്ന് വിറയ്ക്കുന്നത്. മൂന്നുലോകത്തിലുമുള്ള പ്രാണിജാതം മുഴുവന്‍ വിറയ്ക്കുന്നു.
ലോകത്രയം പ്രവ്യഥിതം
എന്ന് അര്‍ജ്ജുനന്‍ പറയുന്ന പദങ്ങള്‍ നാം പ്രത്യേകം ശ്രദ്ധിക്കണം. അര്‍ജ്ജുനന് ദിവ്യചക്ഷുസ്സ് കിട്ടിയതുകൊണ്ടാണല്ലോ വിശ്വരൂപം കാണാന്‍ കഴിഞ്ഞത്. മറ്റുള്ളവര്‍ക്ക് ദിവ്യചക്ഷുസ്സില്ലാതെ എങ്ങനെ കാണാന്‍ കഴിഞ്ഞു?
രാഘവേന്ദ്രമുനി എന്ന ആചാര്യന്‍ പറയുന്നത്-അര്‍ജ്ജുനന് ദിവ്യചക്ഷുസ്സ് കൊടുത്തപ്പോള്‍ തന്നെ എല്ലാ ലോകത്തിലുമുള്ള ഭഗവദ് ഭക്തന്മാര്‍ക്കും ദിവ്യചക്ഷുസ്സ് കൊടുത്തിരുന്നുവത്രെ! എന്നാണ്. അവര്‍ക്ക് ഭയമുണ്ടായില്ല. ഭക്തന്മാര്‍ക്ക് അതുകൊണ്ട് ഭയവുമുണ്ടായില്ല.
ഭക്തന്മാരല്ലാത്തവര്‍ക്ക് മാത്രമാണ് ഭയമുണ്ടായതും, ദേഹം വിറച്ചതും, അവര്‍ ഭയന്നതുകണ്ട്, അവര്‍ വിറയ്ക്കുന്നതുകണ്ട് എല്ലാവരും വിറക്കുന്നു, എന്ന് അര്‍ജ്ജുനന്‍ പറയുന്നു. ”ലോകത്രയം പ്രവ്യഥിതം” എന്ന്. അങ്ങ് മഹാത്മാവാണ്- ദീനാനുകമ്പയുള്ളവനാണ്. വിശ്വവ്യാപകമായ ദേഹം ഉള്ളവനാണ്.
അര്‍ജ്ജുനന്‍ ആ കാഴ്ച വിവരിക്കുന്നു
(11-21)
കഴിഞ്ഞ ശ്ലോകത്തില്‍ മൂന്നു ലോകങ്ങളും ഭയന്ന് വിറയ്ക്കുന്നു എന്ന് അര്‍ജ്ജുനന്‍ പറഞ്ഞുവല്ലോ. അതുതന്നെ വിവരിക്കുന്നു.
ത്വാം സുരസംഘാ വിശതി
ഭാരതയുദ്ധം കാണാന്‍ വേണ്ടി ആകാശത്തില്‍ എത്തിച്ചേര്‍ന്ന ദേവസംഘങ്ങള്‍ ഗന്ധര്‍വന്മാരും, ചാരണന്മാരും, യക്ഷന്മാരും-അങ്ങയെ ആശ്രയിക്കാന്‍വേണ്ടി അതാ സമീപത്തേക്കു വരുന്നു.കേചിത് ഭീതാഃ പ്രാഞ്ജയഃ ഗൃണന്തി- അങ്ങയുടെ സമീപത്തേക്ക് വരാന്‍ ധൈര്യമില്ലാതെ, അതാ ദൂരെ നിന്നുകൊണ്ട്- ജയ, ജയ, പാഹി, അങ്ങു ജയിക്കണേ! ഞങ്ങളെ രക്ഷിക്കണേ! എന്ന് വിളിച്ചു പറയുന്നു!
മഹര്‍ഷി സിദ്ധസംഘാഃ സ്വാസ്തീ സുക്താപു ഷ്‌കലാദി സ്തുതിഭിഃ സ്തുവന്തി
അതാ അങ്ങയുടെ കത്തിജ്വലിക്കുന്ന മുഖം, കണ്ട് ഉല്‍ക്കാപാതമാണ്; ദുര്‍നിമിത്തമാണ് എന്നുധരിച്ച്-സ്വസ്തി നന്മവരട്ടെ- എന്നു പറയുന്നു; ഭൃഗു, വസിഷ്ഠന്‍ മുതലായ മഹര്‍ഷിമാരും കപിലന്‍ മുതലായ സിദ്ധയോഗികളും! വേദാന്തങ്ങള്‍ നിറഞ്ഞതും നീണ്ടതുമായ സ്തുതികള്‍ ചൊല്ലി സ്തുതിക്കാതെ ചെയ്യുന്നു!
കൃഷ്ണാ, അവരൊക്കെ
വിസ്മയപ്പെടുന്നു!
(11-22)
അതാ, പതിനൊന്നു രുദ്രന്മാര്‍! അതാ പന്ത്രണ്ട് ആദിത്യന്മാര്‍, എട്ട് വസുക്കള്‍, സാധ്യന്മാര്‍ എന്നുപേരുള്ള പ്രത്യേക വിഭാഗം ദേവന്മാര്‍ അശ്വിനീ ദേവന്മാര്‍- നാ സത്യനും ഭൂസുനും. അതാ നാല്‍പ്പത്തൊമ്പതു മരുത്തുകള്‍, ഊഷ്മപന്മാര്‍-അതായത് പിതൃഗണങ്ങള്‍-ഹാഹാ. ഹുഹൂ, ചിത്രരഥന്‍ തുടങ്ങിയ ഗന്ധവന്മാര്‍, കുബേരന്‍ തുടങ്ങിയ യക്ഷന്മാര്‍, വിരോചനന്‍, വിഭീഷണനന്‍ തുടങ്ങിയ അസുരന്മാര്‍-ഇവരും ഇവരുടെ ഭൃത്യഗണങ്ങളും കൂട്ടം കൂട്ടമായിനിന്ന്, കൃഷ്ണാ, അദ്ഭുത രൂപങ്ങള്‍ കണ്ട് അതാ വിസ്മയപ്പെടുന്നു!

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.