മുസ്ലിം വനിതകള്‍ക്ക് നീതി ലഭിക്കാന്‍

Thursday 4 January 2018 2:45 am IST

സ്വതന്ത്രഭാരതത്തില്‍ പതിറ്റാണ്ടുകളായി തുടരുന്ന അനീതികളാണ് മുത്തലാഖും ബഹുഭാര്യാത്വവും. ലിംഗസമത്വവും ബഹുമാനവും ആഗ്രഹിക്കുന്ന ഇന്ത്യയിലെ മുസ്ലിം സ്ത്രീകള്‍ അഭിമുഖീകരിച്ച ഏറ്റവും വലിയ ചോദ്യത്തിനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഉത്തരം കണ്ടെത്തിയത്.

സ്വാതന്ത്ര്യലബ്ദിക്ക് പിന്നാലെ വന്ന ഹിന്ദു കോഡ് ബില്‍ വഴി ഹിന്ദുസമൂഹത്തെ ഏകീകൃത നിയമ സംവിധാനങ്ങള്‍ക്ക് കീഴിലെത്തിക്കുന്നതിന് സാധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ എഴുപത് വര്‍ഷങ്ങളായി രാജ്യത്തെ വിവിധ സര്‍ക്കാരുകള്‍ മനപ്പൂര്‍വ്വം അവഗണിച്ച മുത്തലാഖ് എന്ന സാമൂഹ്യ ദുരന്തത്തെ നേരിടാന്‍ മോദി സര്‍ക്കാര്‍ മാത്രമാണ് ചങ്കൂറ്റം കാണിച്ചത്.
മുസ്ലിം സ്ത്രീകളുടെ വിവാഹ അവകാശ സംരക്ഷണ ബില്‍ എന്നാണ് മുത്തലാഖ് നിരോധന ബില്ലിന്റെ പേര്. ചായ കിട്ടാന്‍ വൈകിയതിനും, രാവിലെ എണീക്കാന്‍ വൈകിയതിനും മുത്തലാഖ് ചൊല്ലി വിവാഹബന്ധം ഒഴിയുന്ന മുസ്ലിം സമൂഹത്തിലെ വ്യവസ്ഥ സ്ത്രീകളുടെ വിവാഹ അവകാശങ്ങള്‍ പാടേ നിഷേധിക്കുന്നതാണ്.

മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ഉത്തരവ് ആഗസ്ത് 22ന് പുറത്തിറങ്ങിയ ശേഷവും നൂറിലേറെ മുത്തലാഖുകളാണ് രാജ്യത്ത് നടന്നതെന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കുകയുണ്ടായി. ആറുമാസത്തിനകം നിയമനിര്‍മ്മാണം നടത്തണമെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് കേന്ദ്രം മുത്തലാഖ് നിരോധന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് പാസാക്കിയത്.

മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താവിന് മൂന്നുവര്‍ഷംവരെ തടവും പിഴയും പുതിയ ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ജാമ്യമില്ലാക്കുറ്റമായ മുത്തലാഖിന് വിധേയമാകുന്ന സ്ത്രീകള്‍ക്ക് പോലീസിനെ സമീപിക്കാനും നിയമസഹായം തേടാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. പുരുഷ കേന്ദ്രീകൃത വ്യവസ്ഥയ്‌ക്കെതിരെ ഉയരുന്ന നീക്കത്തെ ഒറ്റക്കെട്ടായി എതിര്‍ത്ത മുസ്ലിം വ്യക്തിനിയമ ബോര്‍ഡും മുസ്ലിം ലീഗും മറ്റു തീവ്ര മുസ്ലിം സംഘടനകളും മുസ്ലിം സ്ത്രീകളുടെ നീതി നിഷേധത്തിന് കാലാകാലങ്ങളായി കൂട്ടുനില്‍ക്കുന്നവരാണ്. മുസ്ലിങ്ങളുടെ കാര്യം സംസാരിക്കാന്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിന്റെ ലോക്‌സഭയിലെ വാക്കുകള്‍ മുസ്ലിം സമൂഹത്തില്‍ നിന്നുയരുന്ന ഉറച്ച ശബ്ദങ്ങളുടെ സൂചനയാണ്.

വോട്ട് ബാങ്കിനുവേണ്ടി ഷാബാനു കേസിലെ ചരിത്രപരമായ വിധി മറികടക്കാന്‍ നിയമ നിര്‍മ്മാണം നടത്തി മുസ്ലിം സമൂഹത്തിലെ അനാചാരങ്ങള്‍ക്ക് കുടപിടിച്ച രാജീവ് ഗാന്ധി സര്‍ക്കാരും, അതിനുമുമ്പ് നെഹ്രു-ഇന്ദിര സര്‍ക്കാരുകളും വരുത്തിയ നീതി നിഷേധങ്ങള്‍ രാജ്യത്തെ മുസ്ലിം സ്ത്രീകള്‍ക്ക് മുന്നിലുണ്ട്. രാജ്യത്തെ എട്ടരക്കോടിയോളം വരുന്ന മുസ്ലിം സ്ത്രീകളില്‍ ബഹുഭൂരിപക്ഷവും എതിര്‍ക്കുന്ന മുത്തലാഖും ബഹുഭാര്യാത്വവും നിരോധിക്കാനുള്ള നീക്കം അതുകൊണ്ടുതന്നെ മോദി സര്‍ക്കാരിനെ ജനപ്രിയമാക്കുന്നു.

മുത്തലാഖിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ഇസ്രത്ത് ജഹാന്‍ എന്ന യുവതി ബിജെപിയില്‍ ചേര്‍ന്നതും മുത്തലാഖ് നിരോധന നിയമത്തിന്റെ അനുരണനങ്ങളാണ്. ബഹുഭാര്യാത്വമുള്‍പ്പെടെയുള്ള അനാചാരങ്ങള്‍ക്കെതിരെ കക്ഷി രാഷ്ട്രീയ ഭേദെമന്യേ എല്ലാവരും ചേര്‍ന്നുള്ള മുന്നേറ്റമാണ് ആവശ്യം. അതിന് വോട്ട് ബാങ്ക് രാഷ്ട്രീയം തല്‍ക്കാലത്തേക്കെങ്കിലും മാറ്റിവെയ്ക്കുകയാണ് ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യേണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.