അതിരൂപതയുടെ വസ്തു ഇടപാട്: പോലീസ് അന്വേഷണം തുടങ്ങി

Thursday 4 January 2018 2:45 am IST

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ കോടികളുടെ വസ്തു ഇടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും മുതിര്‍ന്ന പാതിരിമാര്‍ക്കുമെതിരെ പോലീസ് അന്വേഷണം. കേരള കാത്തലിക് അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് പ്രസിഡന്റ് അഡ്വ. പോളച്ചന്‍ പുതുപ്പാറ കൊച്ചി റേഞ്ച് ഐജി പി. വിജയന് നല്‍കിയ പരാതിയിലാണ് അന്വേഷണം. പരാതി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശിന് കൈമാറി.

വസ്തു ഇടപാട് സംബന്ധിച്ച് ഡിസംബര്‍ 27ന് ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തയും സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത് പാതിരിമാര്‍ക്ക് അയച്ച സര്‍ക്കുലറും ഉള്‍പ്പെടെയാണ് പോളച്ചന്‍ റേഞ്ച് ഐജിക്ക് പരാതി നല്‍കിയത്. വസ്തു ഇടപാടിലെ നികുതി വെട്ടിപ്പ്, കള്ളപ്പണത്തിന്റെയും ഹവാലയുടെയും ഉപയോഗം, സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ് തുടങ്ങിയവയും അന്വേഷിക്കണമെന്നാണാവശ്യം. കര്‍ദ്ദിനാളിന് പുറമെ പ്രൊക്യുറേറ്റര്‍ ജോഷി പുതുവ, വികാരി ജനറല്‍ മോണ്‍. സെബാറ്റിയന്‍ വടക്കുംപാടന്‍ എന്നിവരെ പ്രതിചേര്‍ക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വസ്തു ഇടപാടില്‍ തനിക്ക് തെറ്റുപറ്റിയെന്ന് കര്‍ദ്ദിനാള്‍ പാതിരിമാരുടെ സമിതിയെയും സീറോ മലബാര്‍ സിനഡിനെയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കോടികളുടെ ക്രമക്കേട് സംബന്ധിച്ച് പോലീസ് അന്വേഷണം ആവശ്യപ്പെട്ട് പോളച്ചന്‍ പരാതി നല്‍കിയത്. വസ്തു ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേട് സഭയ്ക്കുള്ളില്‍ ഒതുക്കിത്തീര്‍ക്കാവുന്നതല്ല. ക്രിമിനല്‍ കുറ്റമാണ് നടന്നത്. ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട് നഷ്ടമുണ്ടായിരിക്കുന്നത് വിശ്വാസികള്‍ക്കാണ്. സഭയ്ക്കകത്ത് ഒതുക്കിത്തീര്‍ക്കാവുന്ന വിഷയമല്ല. 27.3 കോടി രൂപ പ്രതീക്ഷിച്ച വസ്തുവിന് കിട്ടിയത് 9.13 കോടി മാത്രം. ബാക്കി ലഭിക്കേണ്ട 18.17 കോടി രൂപ എവിടെപ്പോയെന്ന് അന്വേഷിക്കണം. മൂന്നേക്കര്‍ സ്ഥലം 36 പ്ലോട്ടുകളായി തിരിച്ച് വില്‍പ്പന നടത്തിയത് സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കാനാണ്. ഇതുമൂലം സര്‍ക്കാറിന് രണ്ടുകോടിയുടെ നഷ്ടമുണ്ടായെന്നും പരാതിയില്‍ പറയുന്നു.

വസ്തു വില്‍ക്കുമ്പോള്‍ മുഴുവന്‍ പണവും കിട്ടാതെ ആരും ആധാരത്തില്‍ ഒപ്പിടില്ല. കര്‍ദ്ദിനാള്‍ ബുദ്ധിയില്ലാത്ത ആളല്ല. സാമ്പത്തിക ശാസ്ത്രത്തില്‍ റാങ്കോടെ പാസായ ആളാണ്. അദ്ദേഹമാണ് എല്ലാ ആധാരങ്ങളിലും ഒപ്പിട്ടിരിക്കുന്നത്. പോളച്ചന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മറ്റു രൂപതകളിലും ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. ഇത് തടയാന്‍ ദേവസ്വം, വഖഫ് ബോര്‍ഡ് മാതൃകയില്‍ ചര്‍ച്ച് ആക്ട് കൊണ്ടുവരണമെന്നാണാവശ്യം.

വസ്തു ഇടപാട് സംബന്ധിച്ച് അന്വേഷിക്കാന്‍ സഭ നിയമിച്ച പാരിതിരിമാരുടെ സമിതിയും ഇന്ന് യോഗം ചേരും. കര്‍ദ്ദിനാളും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. വസ്തു വില്‍പ്പനയിലെ ഇടനിലക്കാരന്‍ കുറഞ്ഞ കാലത്തിനുള്ളില്‍ കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചതായും റിപ്പോര്‍ട്ടുണ്ട്. കുമളി അണക്കര സ്വദേശിയായ ഇയാള്‍ പടമുകളിലാണ് ഇപ്പോള്‍ താമസം. സഭയിലെ പള്ളികളില്‍ ചാരിറ്റി സഹായം വാഗ്ദാനം ചെയ്താണ് ഇയാള്‍ രംഗത്തെത്തിയത്. സഭാ നേതൃത്വവുമായി അടുത്ത ബന്ധം സ്ഥാപിച്ചാണ് വസ്തു ഇടപാട് നടത്തിയതെന്നുമാണ് വിവരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.