അത്താണി ക്വാറി സര്‍ക്കാര്‍ ഭൂമിയില്‍ തന്നെ

Wednesday 3 January 2018 9:57 pm IST

കല്‍പ്പറ്റ : ഒടുവില്‍ സര്‍ക്കാര്‍ തന്നെ സമ്മതിച്ചു അത്താണി ക്വാറി സര്‍ക്കാര്‍ ഭൂമിയിലാണെന്ന്. കര്‍മ്മസമിതി നടത്തിവന്ന സമരങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും അഞ്ച് കൊല്ലത്തിനുശേഷം വിരാമമാകുമെന്ന് പ്രതീക്ഷിക്കാം. വ്യാജരേഖ ചമച്ച് ക്വാറി ഉടമ ഈ കാലയളവില്‍ കൈക്കലാക്കിയത് ലക്ഷങ്ങളാണ്.
നവംബര്‍ 27ന് വെള്ളമുണ്ട വില്ലേജ് ഓഫീസര്‍ നല്‍കിയ ആധികാരിക രേഖയില്‍ ക്വാറി പ്രവര്‍ത്തിക്കുന്ന ഭാഗം സര്‍ക്കാര്‍ ഭൂമിയാണെന്നും ക്വാറി ഉടമയുടെ കൈവശമുള്ള ലോക്കേഷന്‍ സ്‌കെച്ച് വ്യാജമായി സൃഷ്ടിക്കപ്പെട്ടതാണെന്നും ഇത് ഖനനത്തിനുവേണ്ടി ഉണ്ടാക്കിയതാണെന്ന് സംശയിക്കുന്നു എന്നും പറയുന്നു.
75 ആദിവാസി കുടുംബങ്ങളിലായി 300ഓളം അംഗങ്ങ ള്‍ താമസിക്കുന്ന വെള്ളമുണ്ട പഞ്ചായത്തിലെ വാളാരംകുന്ന് കൊയറ്റ്പാറക്കുന്നിലെ ക്വാറിക്കെതിരെയാണ് നാട്ടുകാര്‍ കാലങ്ങളായി സമരം നയിക്കുന്നത്. പാവപ്പെട്ട വനവാസികള്‍ താമസിക്കുന്ന ഈ പ്രദേശത്ത് വനവാസികളുടെ ഭൂമി കയ്യേറി അത്താണി ബ്രിക്‌സ് ആന്‍ഡ് മെറ്റല്‍സ് കമ്പനി ഉടമ മാത്യു ജോസഫ് എന്നയാളുടെ ക്വാറി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്നതായും ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് കര്‍മ്മസമിതി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ പത്രസമ്മേളനം നടത്തുകയുണ്ടായി.
നിരന്തര പ്രക്ഷോഭങ്ങളുടെഭാഗമായി ക്വാറിയുടെ പ്രവര്‍ത്തനം പല അവസരങ്ങളില്‍ നിര്‍ത്തിവെച്ചിരുന്നു. കേരള ഹൈക്കോടതിയില്‍ ഉണ്ടായിരുന്നഡബ്യു(സി)നമ്പര്‍ 35962/15 കേസ്സില്‍ ക്വാറിയിംഗ് ലിസ്സിന് അനുവദിക്കപ്പെട്ട ഭൂമിയുടെ അതിര്‍ത്തി നിശ്ചയിക്കാന്‍ താഹസില്‍ദാരെ ചുമതലപ്പെടുത്തി. പട്ടയ സ്‌ക്കെച്ച്പ്രകാരം ലിസ്സിന് ലഭിച്ച ഭൂമി അളക്കാതെ ലൊക്കേഷന്‍ സ്‌ക്കെച്ച്‌കൊണ്ട് ഭൂമി അളന്ന് റിപ്പോര്‍ട്ട് കലക്ടര്‍ക്ക് നല്‍കുകയാണ് ഉണ്ടായതെന്നാണ് ഭാരവാഹികള്‍ പറഞ്ഞത്. വെള്ളമുണ്ട വില്ലേജില്‍സര്‍വ്വേനമ്പര്‍ 622/എല്‍പ്പെട്ട പട്ടയസ്‌ക്കെച്ചുകള്‍ പ്രകാരം പതിച്ചുകിട്ടിയ ഭൂമികളായ എല്‍എ21/84 ചീനിക്കോട്ടില്‍ നാരായണന്‍ ഒരേക്കര്‍, എല്‍എ27/86 ടി. കെ. കണ്ണന്‍ 1.65, എല്‍എ 12/69 പി. പി.കുട്ടന്‍ 1.60ഏക്കര്‍ എന്നീ ഭുമികള്‍ എല്ലാംകൂടി നാല് ഏക്കര്‍ പതിനഞ്ച് സെന്റിനാണ് ക്വാറിക്ക് അനുമതി ലഭിച്ചിട്ടുള്ളത്.
പരസ്പരം അതിര്‍ത്തി പങ്കിടാത്ത ഈ ഭൂമികള്‍ക്ക് റവന്യു ഉദ്യോഗസ്ഥര്‍ ഒരു പ്ലോട്ടായി സ്‌ക്കെച്ച് വരച്ച് ക്വാറിക്ക് അനുമതി ലഭിക്കുവാന്‍ കൂട്ടുനിന്നതായും ഇവര്‍ ആരോപിച്ചിരുന്നു. ആരോപണങ്ങള്‍ ശരിവെക്കുന്ന രീതിയിലാണ് വില്ലേജ്ഓഫീസറുടെ റിപ്പോര്‍ട്ട്. ഇതുപ്രകാരമുള്ള ഭൂമിയില്‍പ്പെടാത്ത ആദിവാസികള്‍ കൈവശംവെക്കുന്ന സ്ഥലത്താണ് ഇത്രയുംവര്‍ഷം ക്വാറി പ്രവര്‍ത്തിച്ചിരുന്നത്.
കോടതി ഉത്തരവ് പ്രകാരം ലീസ്സിന് അനുവദിച്ച പട്ടയസ്‌ക്കെച്ച് പ്രകാരമുള്ള ഭൂമി അളക്കുകയാണെങ്കില്‍ ക്വാറിയെ സംബന്ധിച്ച അനധികൃത കയ്യേറ്റം കണ്ടെത്താന്‍ കഴിയും. സര്‍ക്കാര്‍ ഭൂമിയില്‍ കയ്യേറി പ്രവര്‍ത്തിക്കുന്ന ക്വാറി തൊട്ടടുത്തു താമസിക്കുന്ന ആദിവാസികളുടെ വീടിനും സ്വത്തിനും ജീവനും ഭീഷണിയാണ്. പകല്‍ സമയങ്ങളില്‍ തുടര്‍ച്ചയായി സ്‌ഫോടനം നടത്തി കല്ല് പൊട്ടിക്കുന്നതുകാരണം വീടുകളില്‍ താമസിക്കാന്‍ വനവാസികള്‍ ഭയപ്പെടുകയാണ്. ഇതും വില്ലേജ് ഓഫീസര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കോളനിയിലേക്കുള്ള ഏക വഴിയായ വാളാരംകുന്ന് കൊയറ്റ്പാറ റോഡില്‍കൂടി നിരന്തരം 10ഓളം ടിപ്പര്‍ലോറിക ള്‍ കല്ലുമായി പോകുന്നതിനാ ല്‍ ജനങ്ങള്‍ക്ക് യാത്ര ചെയ്യാ ന്‍ സാധിക്കുന്നില്ല. കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ പോകുവാനോ രോഗികളെ ആശുപത്രിയിലെത്തിക്കാനോ തുടങ്ങി പ്രധാന ആവശ്യങ്ങള്‍ക്കുപോലും ബുദ്ധിമുട്ടുകയാണ്. ഇതെല്ലാം ചൂണ്ടികാട്ടിയാണ് കര്‍മ്മസമിതിയുടെ പ്രക്ഷോഭം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.