നെല്ല് സംഭരണം പകുതി കുറഞ്ഞു; മില്ലുടമകളെ പഴിചാരി സര്‍ക്കാര്‍

Wednesday 3 January 2018 9:55 pm IST

പാലക്കാട്: സപ്ലൈക്കോ വഴിയുള്ള ഒന്നാം വിള നെല്ലു സംഭരണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പകുതിയിലും താഴെയായി കുറഞ്ഞു. സംഭരണം പാളിയതോടെ മില്ലുടമകളുടെ മേല്‍ എല്ലാ പഴിയും ചാരി പരാജയം മറച്ചുവെക്കാന്‍ അധികൃതര്‍ ശ്രമം തുടങ്ങി.
കഴിഞ്ഞ ദിവസം സപ്ലൈക്കോ പുറത്തുവിട്ട കണക്കനുസരിച്ച് 27 ലക്ഷം കിലോ നെല്ലാണ് ഇതുവരെ ജില്ലയില്‍ നിന്ന് സംഭരിച്ചത്. മറ്റൊരിടത്ത് 58000മെട്രിക്ക് ടണ്‍ നെല്ല് സംഭരിച്ചെന്നും കണക്കുപറയുന്നു. കഴിഞ്ഞ വര്‍ഷം ഇതിന്റെ ഇരട്ടിയിലധികം നെല്ല് സംഭരിച്ചിരുന്നു. മില്ലുടമകളുടെ നിസ്സഹകരണം മൂലമാണ് നെല്ല് സംഭരണം അട്ടിമറിക്കപ്പെട്ടതെന്ന പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്.
സര്‍ക്കാറിന്റെ ആസൂത്രണത്തിലെ പിഴവ് സംഭരണം കുറയാന്‍ കാരണമായെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു. മില്ലുടമകളുടെ സമരവും നിസ്സഹകരണവും മാത്രമാണിതിനു കാരണമെന്ന് വരുത്തിതീര്‍ക്കാന്‍ സര്‍ക്കാര്‍ അനുകൂല സംഘടനകളുടെ ഭാരവാഹികളായ ചില ഉദ്യോഗസ്ഥരും ശ്രമിക്കുന്നുണ്ട്.
കഴിഞ്ഞ മൂന്നു വര്‍ഷമായി കൊയ്ത്ത് തുടങ്ങിയ ശേഷമാണ് സര്‍ക്കാര്‍ മില്ലുടമകളുടെ യോഗം വിളിക്കുന്നതെന്ന് കര്‍ഷകരും സംഘടനകളും പറയുന്നു.
ഇക്കുറിയുംആദ്യം വിളിച്ച യോഗത്തില്‍ പാഡിക്കോ ഉള്‍പ്പടെ പത്തില്‍ താഴെ മില്ലുകളുടെ പ്രതിനിധികള്‍ മാത്രമാണ് പങ്കെടുത്തത്. ജില്ലയില്‍ നെല്ലു സംഭരണത്തിന് കരാര്‍ ഒപ്പിട്ട ബഹു ഭൂരിപക്ഷം മില്ലുടമകളും വിട്ടുനിന്നു. കൈകാര്യ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യം മുന്നോട്ടു വച്ചാണ് ഇവര്‍ നിസ്സഹകരിച്ചത്. ഈ പ്രശ്‌നം മുന്‍കൂട്ടി പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതുമില്ല.
ഇതേ സമയത്തുതന്നെ മില്ലുടമകള്‍ ചെറുകിടമില്ലുകള്‍ വഴിയും ഏജന്റുമാര്‍ വഴിയും കര്‍ഷകരില്‍ നിന്നും കുറഞ്ഞ വിലക്ക് നെല്ല് ശേഖരിച്ചു തുടങ്ങിയിരുന്നു. കിലോയ്ക്ക് 21.50രൂപ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കെ 16-17 രൂപ നിരക്കില്‍ ഗുണനിലവാരം കൂടിയ നെല്ല് ഇവര്‍ക്ക് അളക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി. ഈര്‍പ്പമുള്ള നെല്ല് സൂക്ഷിച്ചുവെക്കാനുള്ള സംവിധാനമില്ലാത്തതും സാമ്പത്തിക ബാധ്യതയും ഇതിനു ് കാരണമായി. കുറഞ്ഞത് 15ലക്ഷം കിലോ നെല്ലെങ്കിലും ഇത്തരത്തില്‍ ശേഖരിച്ചതിനുശേഷമാണ് കരാറൊപ്പിട്ട മില്ലുകള്‍ ഔദ്യോഗിക നെല്ല്‌സംഭരണം തുടങ്ങിയത്.
പാലക്കാടന്‍ മട്ടയെന്നു പേരുകേട്ട ജ്യോതിഉള്‍പ്പെടെയുള്ള നെല്ല് കര്‍ഷകര്‍ക്ക് കുറഞ്ഞ വിലക്ക് വിറ്റഴിക്കേണ്ടിവന്നു. അളന്ന നെല്ലിന്റെ പണം നല്‍കാന്‍ കാലതാമസം വരുത്തി, ചെറുകിട കര്‍ഷകരെ ചൂഷണം ചെയ്യാന്‍ മില്ലുടമകള്‍ക്ക് അവസരം ഒരുക്കികൊടുത്തതും അധികൃതര്‍ തന്നെ. രണ്ടാം വിള നെല്ലു സംഭരണമെങ്കിലും മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
മില്ലുടമകളും പൊതുമേഖല ബാങ്കുകളുമായുള്ള ചര്‍ച്ചകള്‍ നേരത്തെ തുടങ്ങണമെന്ന് കര്‍ഷക സംഘടനകളും ആവശ്യപ്പെടുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.