വണ്ടിപ്പെരിയാറില്‍ അഞ്ച് കടകള്‍ കുത്തിത്തുറന്ന് മോഷണം

Wednesday 3 January 2018 9:56 pm IST

 

പീരുമേട്/കുമളി: വണ്ടിപ്പെരിയാര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് വ്യാപാരസ്ഥാപനങ്ങളില്‍ ഷട്ടര്‍ ജാക്കി ഉപയോഗിച്ച് പൊക്കി മോഷണം. മുബാറക് ഓട്ടോമൊബൈല്‍സ്, ശ്രീകൃഷ്ണ സ്റ്റോഴ്‌സ്, ലെനിന്‍ ബ്രദേഴ്‌സ് ഇലക്ട്രിക്കല്‍സ്, മുബാറക് പ്ലൈവുഡ്‌സ്, സമീപത്തെ സിഡി ഷോപ്പ് എന്നിവിടങ്ങളിലാണ് മോഷണം നടന്ന്.
മുബാറക് സ്‌റ്റോഴ്‌സില്‍ നിന്ന് 18000 രൂപയും ശ്രീകൃഷ്ണ സ്റ്റോഴ്‌സില്‍ നിന്ന് 13000 രൂപയുമാണ് നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച രാത്രി എട്ടുമണിക്കും ഇന്നലെ രാവിലെ അഞ്ചിനും ഇടയിലാണ് സംഭവം. മറ്റു കടകളിലും കയറിയിട്ടുണ്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. എല്ലാ സ്ഥാപനങ്ങളും അടുത്തടുത്തായി പ്രവര്‍ത്തിച്ചുവരുന്നവയാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ വണ്ടിപ്പെരിയാര്‍ പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇടുക്കിയില്‍ നിന്ന് പോലീസ് നായയും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് ഷട്ടറുകള്‍ ഉയര്‍ത്തിയാണ് കടയ്ക്ക് ഉള്ളില്‍ കടന്നിരിക്കുന്നത്. എല്ലാ ഷട്ടറുകളും നടുഭാഗത്ത് നിന്ന് പൊക്കിയിരിക്കുന്നതിനാല്‍ റാ ആകൃതിയില്‍ വളഞ്ഞ നിലയിലാണ്. സംഭവത്തില്‍ വ്യാപാരികള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ടൗണിന്റെ ഹൃദയഭാഗത്ത് മോഷണം ഉണ്ടായത് പോലീസ് നിഷ്‌ക്രിയമായതുകൊണ്ടാണെന്നാണ് ഇവരുടെ പരാതി. രാത്രികാലങ്ങളില്‍ മേഖലയില്‍ പെട്രോളിങ് തുടങ്ങണമെന്ന ആവശ്യവും ശക്തമാണ്.
അതേസമയം സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതായി എസ്‌ഐ ബ്രിജിത്ത് ലാല്‍ ജന്മഭൂമിയോട് പറഞ്ഞു. മുബാറക്ക് ഓട്ടോമൊബൈല്‍ കടയിലെ സിസിടിവിയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പാന്റും ഷര്‍ട്ടും ഇട്ടയാളാണ് മോഷണത്തിന് പിന്നിലെന്നാണ് വിവരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.