ഹിന്ദിയെ എതിര്‍ത്ത് തരൂര്‍

Thursday 4 January 2018 2:45 am IST

ന്യൂദല്‍ഹി: ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷയായി ഹിന്ദിയെ ഉള്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളെ എതിര്‍ത്ത് മുന്‍ യുഎന്‍ ഉദ്യോഗസ്ഥന്‍ കൂടിയായ ശശി തരൂര്‍. ഹിന്ദി യുഎന്‍ ഔദ്യോഗിക ഭാഷയാക്കാന്‍ ശ്രമിക്കുന്നുവെന്നറിയിച്ച വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെതിരെ രംഗത്തെത്തിയ തരൂര്‍ ഹിന്ദി പരിഭാഷയ്ക്കായി അധികം പണം ചെലവഴിക്കേണ്ടിവരുമെന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചു. ഇംഗ്ലീഷ്, ചൈനീസ്, അറബി, റഷ്യന്‍, സ്പാനിഷ്, ഫ്രഞ്ച് എന്നിവയാണ് യുഎന്നിലെ ഔദ്യോഗിക ഭാഷകള്‍.

ലോക ജനസംഖ്യയുടെ ആറിലൊന്ന് ഇന്ത്യയിലാണെന്നതിനാലാണ് ഹിന്ദിയെക്കൂടി ഔദ്യോഗിക ഭാഷകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രം ശ്രമിക്കുന്നത്. 193 അംഗരാജ്യങ്ങളില്‍ മൂന്നില്‍ രണ്ട് പേരുടെ പിന്തുണ ഉണ്ടെങ്കിലേ ഹിന്ദിയെ ഔദ്യോഗിക ഭാഷയായി ഉള്‍പ്പെടുത്താന്‍ സാധിക്കൂ. ഇതിനുള്ള ശ്രമത്തിലാണ് കേന്ദ്രമെന്ന് വിദേശകാര്യമന്ത്രി ലോക്‌സഭയെ അറിയിച്ചു. എന്നാല്‍ ഇതിന് ഭാരിച്ച സാമ്പത്തിക ചിലവ് വരുമെന്ന് പറഞ്ഞാണ് തരൂര്‍ ഈ നീക്കത്തെ എതിര്‍ത്തത്.

കേരളത്തില്‍ നിന്നുള്ള ഒരാള്‍ പ്രധാനമന്ത്രിയായാല്‍ അദ്ദേഹത്തിന് ഹിന്ദി പ്രസംഗിക്കാന്‍ താല്‍പ്പര്യമുണ്ടാകില്ലെന്നും തരൂര്‍ പറഞ്ഞു. ഇന്ത്യക്കാര്‍ മാത്രമല്ല, നേപ്പാള്‍, ഫിജി, സുരിനാം, ട്രിനിഡാഡ് രാജ്യങ്ങളും ഹിന്ദിയാണ് സംസാരിക്കുന്നതെന്നും ഇന്ത്യയില്‍ മാത്രമാണ് ഹിന്ദിയെന്നത് തരൂരിന്റെ വിവരമില്ലായ്മയാണെന്നും സുഷമാ സ്വരാജ് തിരിച്ചടിച്ചു. മൊഴിമാറ്റത്തിന്റെ ചെലവിലേക്ക് 40 കോടി രൂപ മാറ്റിവെക്കണമെന്ന് ബിജെപി അംഗം പറഞ്ഞപ്പോള്‍ 400 കോടി മാറ്റിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും സുഷമ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.