മുത്തലാഖ് ബില്ല് ഇന്ന് രാജ്യസഭയിൽ

Thursday 4 January 2018 10:26 am IST

ന്യൂദല്‍ഹി: മുത്തലാഖ് നിരോധിക്കുന്നതും ക്രിമിനല്‍ കുറ്റമാക്കുന്നതുമായുള്ള ബില്‍ ഇന്ന് വീണ്ടും രാജ്യസഭ പരിഗണിക്കും.ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭയില്‍ മുത്തലാഖ് ബില്ലവതരണം ഇന്നലെ തടസ്സപ്പെട്ടിരുന്നു. ബില്‍ സെലക്‌ട് കമ്മറ്റിക്ക് വിടണമെന്ന പ്രതിപക്ഷ പ്രമേയമാണ് ഭരണപക്ഷത്തെ വെട്ടിലാക്കിയത്.

ബില്‍ സെലക്‌ട് കമ്മറ്റിക്ക് വിടണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ ഒരു ദിവസം മുമ്പെങ്കിലും നോട്ടീസ് നല്‍കണമെന്ന ചട്ടം ചൂണ്ടിക്കാട്ടി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇതിനെ എതിര്‍ത്തു. ലോക്സഭയില്‍ ബില്ലിനെ പിന്തുണയ്ക്കുകയും രാജ്യസഭയില്‍ എതിര്‍ക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ്സ് നിലപാട് ഇരട്ടത്താപ്പാണന്നും അരുണ്‍ ജയ്റ്റ്ലി പരിഹസിച്ചിരുന്നു.

സെലക്‌ട് കമ്മറ്റിയില്‍ ഉള്‍പ്പെടുത്തേണ്ട അംഗങ്ങളുടെ പേരുവിവരങ്ങള്‍ സഹിതം കോണ്‍ഗ്രസ്സ് നേതാവ് ആനന്ദ് ശര്‍മ്മ ഇന്നലെ പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞ ഡിസംബര്‍ 28നാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുസ്ലിം വനിതാ വിവാഹ അവകാശ ബില്‍ ലോക്സഭ പാസാക്കിയത്. മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ മോചനം നേടുന്ന പുരുഷന് മൂന്ന് വര്‍ഷം വരെ തടവുശിക്ഷയ്ക്ക് ശുപാര്‍ശ ചെയ്യുന്ന ബില്ലാണിത്.

വാക്കാലുള്ളതും രേഖാമൂലമുള്ളതും ഇലക്‌ട്രോണിക് രൂപത്തിലുള്ളതുമായ മുത്തലാഖിനെ തടയുന്നതാണ് പുതിയ ബില്‍. ഇതിന് പുറമെ മുസ്ലീം സ്ത്രീകള്‍ക്ക് ജീവനാംശം ഉറപ്പുവരുത്തുകയും പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ സംരക്ഷണച്ചുമതല സ്ത്രീകള്‍ക്ക് നല്‍കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.