ഇനിയൊരു കാത്തിരിപ്പിന് ഞങ്ങള്‍ക്ക് സമയമില്ല

Friday 5 January 2018 2:30 am IST

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ പെന്‍ഷന്‍ കിട്ടാതെ ഭക്ഷണത്തിനും മരുന്നിനുംവരെ മറ്റുള്ളവരെ ആശ്രയിക്കേണ്ട ഗതികേടിലാണ്.

കഴിഞ്ഞ 34 വര്‍ഷമായി ട്രാന്‍സ്‌പോര്‍ട്ട് പെന്‍ഷന്‍കാര്‍ അനുഭവിച്ചുവരുന്ന സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നിലനിര്‍ത്തുന്നതിനുള്ള അന്തിമപോരാട്ടത്തിലേക്ക് ട്രാന്‍. പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഇറങ്ങുകയാണ്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഒന്നരവര്‍ഷത്തിലധികമായി. നിരന്തര സമരങ്ങള്‍ക്കും ക്ഷമാപൂര്‍വ്വമായ കാത്തിരിപ്പിനുശേഷവും പെന്‍ഷന്‍കാരുടെ പ്രശ്‌നങ്ങള്‍ക്ക് മാത്രം പരിഹാരമായിട്ടില്ല.

ഇപ്പോള്‍ അഞ്ച് മാസത്തെ പെന്‍ഷന്‍ കുടിശ്ശികയാണ്. മന്ത്രിമാരുടെ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നില്ല. പ്രഖ്യാപനങ്ങളല്ലാതെ പ്രായോഗികതയില്ല. ഇനിയൊരു കാത്തിരിപ്പിന് പെന്‍ഷന്‍കാര്‍ക്ക് സമയം അവശേഷിച്ചിട്ടില്ല. യുഡിഎഫ് സര്‍ക്കാര്‍ പകുതി പെന്‍ഷന്‍ ഏറ്റെടുത്തപ്പോള്‍ എല്‍ഡിഎഫ് വന്നാല്‍ മുഴുവന്‍ പെന്‍ഷനും ഏറ്റെടുക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അക്കാര്യത്തിന് ചില നിസ്സാര സാങ്കേതിക തടസ്സം മാത്രമാണുന്നയിക്കുന്നത്.

തുച്ഛവരുമാനക്കാരായ പെന്‍ഷന്‍കാര്‍ക്ക് ജീവിതം മുമ്പോട്ടുകൊണ്ടുപോകാനാവാത്ത അവസ്ഥയാണ്. മിക്കവരും ആത്മഹത്യയുടെ വക്കിലുമാണ്. ഇപ്പോള്‍ പെന്‍ഷന്‍കാര്‍ ട്രാന്‍സ്‌പോര്‍ട്ട് ഭവനു മുമ്പിലും, കേരളത്തിലെ മുഴുവന്‍ ഡിപ്പോകള്‍ക്ക് മുമ്പിലും അനിശ്ചിതകാല ധര്‍ണ്ണ നടത്തിവരുന്നു.

സുദര്‍ശനന്‍ കാട്ടാമ്പള്ളി,
തിരുവനന്തപുരം

മുങ്ങിയൊടുങ്ങുന്ന കുരുന്നുകള്‍

ഓരോ ദിവസവും നമ്മുടെ നാട്ടില്‍ എത്ര കുട്ടികളാണ് വെള്ളത്തില്‍ വീണ് മുങ്ങിമരിച്ചുകൊണ്ടിരിക്കുന്നത്! ഒരേ വീട്ടില്‍നിന്നുതന്നെ ചിലപ്പോള്‍ രണ്ടുമൂന്നൂപേര്‍!!

കുളിമുറിയിലെ കുളി ശീലമായപ്പോള്‍ നീന്തല്‍ പഠിക്കാതായി. മക്കളിങ്ങനെ വെള്ളത്തില്‍ മുങ്ങി മരിക്കുന്നതിന് രക്ഷകര്‍ത്താക്കളുടെ ശ്രദ്ധക്കുറവ് കാരണമാകുന്നില്ലേ? ഇതിനെയെല്ലാം വിധിയെന്നുവച്ച് സമാധാനിക്കാനാവുമോ? ഒരുപക്ഷേ സ്വന്തം കുറ്റബോധത്തില്‍നിന്നു മുഖംതിരിക്കാന്‍ വിധിയെ ആശ്രയിക്കുകയാവാം.

ഇതെല്ലാം കൂട്ടുകുടുംബ ജീവിതത്തിന്റെ തകര്‍ച്ചയുടെ പരിണിതഫലമല്ലെന്നുണ്ടോ? അച്ഛനും അമ്മയും കാലത്ത് ജോലിക്കുപോകും. പിന്നെ മക്കളെ നോക്കാന്‍ ആരുമുണ്ടാവില്ല. അവര്‍ സ്‌കൂള്‍ വിട്ടുനിന്നാലും വീട്ടിലാളുണ്ടാവില്ല. പിന്നെയവര്‍ക്ക് അവരുടെ വഴി. കുളമെന്നോ കിണറെന്നോ പുഴയെന്നോ കടലെന്നോ ഒന്നും അവര്‍ നോക്കില്ല.

ഓരോ ദിവസവും നേരം പുലരുന്നതുതന്നെ പിഞ്ചുകുഞ്ഞുങ്ങളുടെ മുങ്ങിമരണ ദുരന്തവാര്‍ത്തകളും ചിത്രങ്ങളുമായാണ്. എന്തു ചെയ്യാം!

എം. ശ്രീധരന്‍,
വരവൂര്‍, തൃശൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.