ഓമല്ലൂര്‍ പഞ്ചായത്തിലെ അംഗനവാടികളില്‍ പുഴുത്ത അരിയും ശര്‍ക്കരയും

Friday 5 January 2018 1:00 am IST

പത്തനംതിട്ട: ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടികളില്‍ കുരുന്നുകള്‍ക്ക് ഭക്ഷണം തയ്യാറാക്കാന്‍ ഉപയോഗിക്കുന്നത് പുഴുത്ത അരിയും ശര്‍ക്കരയും. പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലക്ഷ്മി മനോജ് അംഗനവാടികളില്‍ ഇന്നലെ നടത്തിയ പരിശോധനയിലാണ് ഏറെ ഗുരുതരമായ ആരോഗ്യ ഭീഷണി വെളിച്ചത്തായത്.
2017 ആഗസ്റ്റ് 15 ന് പാക്ക് ചെയ്ത ശര്‍ക്കരയാണ് അംഗനവാടികളില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇത് പഴകി പുഴുവരിച്ച നിലയിലായിരുന്നു. ഇതുപയോഗിച്ചാണ് കൊച്ചു കുട്ടികള്‍ക്ക് കപ്പലണ്ടി മിഠായി ഉണ്ടാക്കി നല്‍കിയിരുന്നത്. ചെള്ളും പുഴുവും നിറഞ്ഞ അരിയാണ് കുട്ടികള്‍ക്ക് ഭക്ഷണമുണ്ടാക്കാനായി ശേഖരിച്ചിരുന്നത്.
ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള 18 അംഗനവാടികളില്‍ 13 ഇടത്തും ഇതേസ്ഥിതിയാണ് കണ്ടെത്തിയതെന്ന് ലക്ഷ്മി മനോജ് പറഞ്ഞു. ബാക്കിയുള്ളിടത്ത് എത്തിയപ്പോഴേക്കും മുന്‍കൂട്ടി വിവരം അറിഞ്ഞതിലാകാം അരി വെയിലത്തു നിരത്തിയിരുന്നു.
പലയിടത്തും ഉണ്ടശര്‍ക്കര ചീകിയ നിലയിലുമായിരുന്നു. എന്നാല്‍ അരിയും മറ്റ് സാധനങ്ങളും ഗോഡൗണില്‍ നിന്നും ശേഖരിക്കുമ്പോള്‍ തന്നെ പുഴുവും, ചെള്ളും നിറഞ്ഞ നിലയിലായിരുന്നെന്നാണ് അംഗനവാടി ജീവനക്കാരുടെ വിശദീകരണം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഇടയ്ക്ക് അംഗനവാടികള്‍ സന്ദര്‍ശിക്കാറുണ്ട്.
എന്നാല്‍ കൊച്ചു കുട്ടികളുടെ ജീവനുപോലും ഭീഷണിയായേക്കാവുന്ന സാഹചര്യമാണ് എല്ലായിടത്തും ഉണ്ടായിരുന്നത്. ഇത് രക്ഷകര്‍ത്താക്കളെയും ആശങ്കയിലാക്കിയിട്ടുണ്ട്.
സ്ഥിതിഗതികള്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര ശ്രദ്ധയില്‍ പെടുത്തിയതായും ഗുണനിലവാരമുള്ള ഭക്ഷ വസ്തുക്കള്‍ അംഗന്‍വാടികളില്‍ എത്തിക്കുമെന്നും ലക്ഷ്മി മനോജ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.