പരിവര്‍ത്തനത്തിന്‍റേയും വികസനത്തിന്‍റേയും കല

Friday 5 January 2018 2:30 am IST

‘എന്തുചെയ്യാം ഞാനിങ്ങനെയൊക്കെ ആയിപ്പോയി’, പലരും പരിതപിക്കുന്നത് നാം കേട്ടിട്ടുണ്ട്! വളരെയധികം മനുഷ്യര്‍ തങ്ങളുടെ ജീവിതത്തില്‍ പരിവര്‍ത്തനം കൊണ്ടുവരാന്‍ അറിയാത്തവരാണ്. ആഗ്രഹമുണ്ടായിട്ടും സ്വഭാവം മാറ്റാന്‍ കഴിയുന്നില്ല. അതിനാല്‍ അവര്‍ പ്രയാസങ്ങളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു. അവര്‍ക്ക് തങ്ങളുടെ സ്വഭാവ സംസ്‌കാരങ്ങള്‍ പരിവര്‍ത്തനപ്പെടുത്താനുള്ള കല അറിയില്ല. അതുപോലെ തന്നെ മതാപിതാക്കള്‍ക്കും തങ്ങളുടെ കുട്ടികളുടെ സ്വഭാവം മെച്ചപ്പെടുത്തണമെന്ന അതിയായ ആഗ്രഹം കാണും. എന്നാല്‍ അറിവില്ലായ്മ കാരണം അവര്‍ ശകാരം, ശിക്ഷ തുടങ്ങിയ വിധികള്‍ അവലംബിച്ചേക്കാം, പക്ഷേ അതൊന്നും തന്നെ ആന്തരിക പരിവര്‍ത്തനം കൊണ്ടുവരുവാന്‍ ഉതകണം എന്നില്ല. മറിച്ച്, ഒരുപക്ഷേ വിപരീത ഫലമുണ്ടായെന്നും വരാം. പ്രായം ഏറുംതോറും ഇത്തരം മുറകള്‍ പര്യാപ്തമല്ലാതെ വരികയും ചെയ്യും.

സാഹോദര്യ ബന്ധങ്ങളിലും, സുഹൃദ് ബന്ധങ്ങളിലും, അദ്ധ്യാപക-വിദ്യാര്‍ത്ഥി ബന്ധങ്ങളിലും, ഭാര്യാഭര്‍തൃ ബന്ധങ്ങളിലും മറ്റു കുടുംബ, സാമൂഹിക ബന്ധങ്ങളിലും ഇതേ പ്രശ്‌നം ഉള്ളതായി കാണാം. ആരിലാണോ പരിവര്‍ത്തനം കൊണ്ടുവരേണ്ടത് അവരുടെ പ്രശ്‌നങ്ങനെക്കുറിച്ചു ചര്‍ച്ച ചെയ്യുകയോ അവര്‍ക്കെതിരായ ആരോപണങ്ങള്‍ ഉന്നയിക്കുകയോ ചെയ്യുന്നതിലൂടെ ബന്ധങ്ങള്‍ തകരുന്നു. ബന്ധം അകന്നതിനാല്‍ പിന്നെ അങ്ങനെ വിമര്‍ശിക്കുന്നവരില്‍ നിന്ന് ഒന്നും തന്നെ സ്വീകരിക്കാന്‍ ആ പരിവര്‍ത്തനപ്പെടേണ്ട വ്യക്തി തയ്യാറാവുകയും ഇല്ല. ഇത് അകല്‍ച്ചയ്ക്കും കലഹത്തിനും തീവ്രത കൂട്ടുന്നു. അതായത്, ചുരുക്കത്തില്‍ സ്വ പരിവര്‍ത്തനവും വ്യക്തിവികാസവും എന്നതുപോലെ അന്യരുടെ പരിവര്‍ത്തനവും വികാസവും ഒരു കല തന്നെയാണ്.

സ്വ പരിവര്‍ത്തനത്തിന് ഒന്നാമതായി ഒരു ഉത്കൃഷ്ട ലക്ഷ്യം അനിവാര്യമാണ്. ലക്ഷ്യത്തിന്റെ ഉത്കൃഷ്ടതയും സ്പഷ്ടതയും സ്മരണയും പ്രേരകങ്ങളാകുമ്പോള്‍ ആ വ്യക്തി പരിവര്‍ത്തനത്തിന് ഒരുങ്ങുന്നു. ശേഷം അയാളുടെ ഒരോ പ്രവര്‍ത്തിയും ഓരോ ചുവടുകളും ലക്ഷ്യപ്രാപ്തിക്കായി പരിവര്‍ത്തനപ്പെടുകയും അയാളുടെ സ്വഭാവ സംസ്‌കാരങ്ങളില്‍ തന്നെ പ്രതിഫലിക്കുകയും ചെയ്യുന്നു. ഉത്കൃഷ്ടങ്ങളായ പ്രവൃത്തികളുടെ ഫലപ്രാപ്തികള്‍ കണ്ടുതുടങ്ങുമ്പോള്‍ അയാളുടെ ഉത്സാഹവും ഉന്മേഷവും വര്‍ദ്ധിക്കുകയും കാതലായ പരിവര്‍ത്തനത്തിനും വികാസത്തിനും തുടക്കം കുറിക്കുകയും ചെയ്യുന്നു. അയാളുടെ ആന്തരിക സംസ്‌കാരത്തിനു തന്നെ അടിമുടി മാറ്റം സംഭവിക്കുന്നു. അയാളുടെ മനസ്സാകുന്ന കണ്ണുകളില്‍ ആ ലക്ഷ്യം സ്പഷ്ടമായിരിക്കുന്ന കാലത്തോളം ലക്ഷ്യം നേടുവാനുള്ള പരിശ്രമങ്ങളില്‍ മുഴുകുകയും അങ്ങനെ ഒരു ദിവസം സഫലത നേടുകയും ചെയ്യും.

മറ്റുള്ളവരുടെ ജീവിതത്തില്‍ പരിവര്‍ത്തനം കൊണ്ടുവരാന്‍ സാധിക്കണമെങ്കില്‍ മുഖ്യമായും ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. പരിവര്‍ത്തനപ്പെടുത്തേണ്ട വ്യക്തിയുടെ വിശേഷതകളെ അറിയുകയും അവയെ കാര്യങ്ങളില്‍ പ്രയോജനപ്പെടുത്തുകയും വേണം. അത്തരം കാര്യങ്ങളില്‍ അവരെ നിരന്തരം പ്രോത്സാഹിപ്പിക്കുകയും വേണം. മിത്രഭാവത്തോടെ സമീപിച്ച് സ്‌നേഹം, വിശ്വാസം എന്നിവ നല്‍കി അവരിലെ അവഗുണങ്ങളെ മൈത്രീഭാവത്തിലൂടെ കുറച്ചുകൊണ്ടുവന്ന് ഇല്ലാതാക്കണം. പരിവര്‍ത്തനത്തിന്റെ പാതയില്‍ അവരെ പ്രോത്സാഹിപ്പിച്ച് അവരിലെ പ്രകടമായ മാറ്റങ്ങള്‍ അംഗീകരിച്ച് നിരന്തരം ഉത്സുകരാക്കണം. അവരിലെ കുറവുകളെ ഇഷ്ടപ്പെടാതിരിക്കുകയും എന്നാല്‍ അവരെ നമുക്ക് ഇഷ്ടമുണ്ടായിരിക്കുകയും വേണം. അംഗ വൈകല്യം ബാധിച്ച ഒരാളെ നമ്മള്‍ സഹായിക്കുന്ന പോലെ സ്വഭാവ വൈകല്യം ബാധിച്ചവരെയും അതില്‍നിന്നു മുക്തമാകുവാന്‍ സഹായിക്കുകയാണ് വേണ്ടത്. ഒരുപക്ഷെ നമ്മളെ മനസ്സിലാക്കാന്‍ ആ അവസ്ഥയില്‍ അവര്‍ക്കു കഴിഞ്ഞെന്നു വരില്ല.

പക്ഷെ അവരിലെ വിചാരധാരയെ മനസ്സിലാക്കി പരിവര്‍ത്തനത്തിന്റേയും വികസനത്തിന്റേയും പാതയിലേ്ക്ക് അവര്‍ക്കു ബോധ്യമാകും വിധം മാറ്റിയെടുക്കണം. പരിവര്‍ത്തനപ്പെടുംതോറും അവര്‍ക്ക് ഉയര്‍ന്ന പരിഗണന കൊടുത്ത് അവരെ വികസനത്തിന്റെ പാതയിലേക്ക് ക്രമേണ അവരോധിക്കുകയും വേണം. അവരുടെ കുറവുള്ള ഭാഗങ്ങളില്‍ കൈകടത്തുകയല്ല വേണ്ടത്. അത് മുറിവിന്മേല്‍ തല്ലുന്ന പ്രതീതിയുണ്ടാക്കും. പകരം അവരുടെ നന്മകളെ ഉപയോഗിച്ചുകൊണ്ട് അവരിലെ തിന്മകളെ അകറ്റാവുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.