സര്‍ക്കാര്‍ ഭൂമി കൈയേറ്റം; കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു

Friday 5 January 2018 2:00 am IST

പൂച്ചാക്കല്‍: വേമ്പനാട് കായല്‍ തീരത്ത് ഭൂരഹിതരുടെ ഭൂമി കൈയേറിയുള്ള അനധികൃത റിസോര്‍ട്ട് നിര്‍മാണത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു.
അരൂക്കുറ്റി പഞ്ചായത്ത് അഞ്ചുകണ്ടം കവലയ്ക്ക് സമീപമുള്ള സ്ഥലമാണ് കലക്ടര്‍ ടി.വി. അനുപമയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ സന്ദര്‍ശിച്ചത്. സര്‍ക്കാര്‍ ഭൂമി കൈയേറിയതായി കാട്ടി 2010 ല്‍ തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മൂന്ന് മാസത്തിനകം ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടറോട് കോടതി നിര്‍ദേശിച്ചത്.
ഒന്നരയേക്കറോളം ഭൂമിയാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ റിസോര്‍ട്ട് മാഫിയകള്‍ക്ക് പതിച്ച് നല്‍കിയത്. പകരം സ്ഥലം നല്‍കുമെന്ന് പറഞ്ഞെങ്കിലും നല്‍കിയില്ല. ടൂറിസത്തിന്റെ ആവശ്യത്തിനായാണ് സ്ഥലം കൈമാറിയതെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നത്. തീരദേശ പരിപാലന നിയമം ബാധകമായ വേമ്പനാട്ടുകായല്‍ തീരത്ത് നിയമം ലംഘിച്ചാണ് റിസോര്‍ട്ട് നിര്‍മിക്കുന്നത്.
കൈയേറ്റ ഭൂമിയില്‍ ബോട്ടിങ്ങ് അടക്കമുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിവരാവകാശ നിയമ പ്രകാരം നല്‍കിയ മറുപടിയില്‍ കൈയേറ്റ ഭൂമി സര്‍ക്കര്‍ വക സ്ഥലമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സമര സമിതിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.