മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി; കേന്ദ്ര ഏജന്‍സി സന്ദര്‍ശനം നടത്തി ആദ്യഘട്ട പദ്ധതി കുപ്പം മുതല്‍ മലപ്പട്ടം വരെ

Thursday 4 January 2018 9:08 pm IST


കണ്ണൂര്‍: മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ആദ്യഘട്ടത്തിന് കേന്ദ്രാനുമതി ലഭ്യമാക്കുന്നതിന് മുന്നോടിയായി കേന്ദ്ര ഏജന്‍സി പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതി രേഖയുടെ അടിസ്ഥാനത്തില്‍ പദ്ധതിയുടെ സാധ്യതകള്‍ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ടൂറിസം വകുപ്പിന്റെ പ്രൊജക്ട് മോണിറ്ററിംഗ് സെല്‍ പ്രതിനിധി ദര്‍ശന മാലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുപ്പം പുഴ മുതല്‍ പറശ്ശിനിക്കടവ് പുഴ വരെയുള്ള വിവിധ പ്രദേശങ്ങളില്‍ പുഴയിലൂടെ യാത്ര നടത്തിയത്. സംഘത്തോടൊപ്പം എംഎല്‍എമാരായ ജെയിംസ് മാത്യു, ടി.വി.രാജേഷ്, തളിപ്പറമ്പ് മുനിസിപ്പല്‍ ചെയര്‍മാന്‍ മഹ്മൂദ് അള്ളാംകുളം, സംസ്ഥാന ടൂറിസം പ്ലാനിംഗ് ഓഫീസര്‍ വി.എസ്.സതീശ്, അസിസ്റ്റന്റ് പ്പാനിംഗ് ഓഫീസര്‍ ജി.ജയകുമാരന്‍ നായര്‍, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് എ രാജേഷ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ ഡി.ഗിരീഷ് കുമാര്‍, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് തുടങ്ങിയവരാണ് കുപ്പത്ത് നിന്ന് യാത്രതിരിച്ചത്.
കേരളത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഏറെ വിനോദ സഞ്ചാര സാധ്യതകള്‍ ഉത്തര കേരളത്തിനുണ്ടെന്നും അവ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും ദര്‍ശന മാലി പറഞ്ഞു. കുപ്പം കടവില്‍ നിന്ന് ആരംഭിച്ച് മംഗലശ്ശേരി, കോട്ടക്കീല്‍ കടവ്, പഴയങ്ങാടി, തെക്കുമ്പാട്, അഴീക്കല്‍, പാപ്പിനിശ്ശേരി, വളപട്ടണം, നാറാത്ത് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് പറശ്ശിനിക്കടവിലാണ് യാത്ര സമാപിച്ചത്. ഓരോ കേന്ദ്രത്തിലും ആവേശകരമായ സ്വീകരണമാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ ഒരുക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.