സിപിഎം ജില്ലാ കമ്മറ്റിയില്‍ കൊലക്കേസ് പ്രതിയും

Thursday 4 January 2018 9:56 pm IST

കൊയിലാണ്ടി: സിപിഎ മ്മിന്റെ പുതിയ ജില്ലാ കമ്മിറ്റിയില്‍ പയ്യോളി മനോജ് വധക്കേസിലെ പ്രതി സ്ഥാനം പിടിച്ചു. പയ്യോളി മനോജ് വധക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ടി ചന്തുമാസ്റ്റര്‍ ജില്ലാ കമ്മിറ്റിയില്‍ തുടരും.
കടുത്ത വിമര്‍ശനത്തിനിടയിലും ജില്ലാ സെക്രട്ടറിയായി പി മോഹനന്‍ തുടരും. മോഹനന് പകരം ഔദ്യോഗിക വിഭാഗത്തില്‍ നിന്ന് എം മെഹബൂബിന്റെയും കെ. പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്ററുടെയും പേര് ഉയര്‍ന്നെങ്കിലും മോഹനന് തന്നെ സെക്രട്ടറിയായി നിലനിര്‍ത്തണമെന്ന സംസ്ഥാന തല തീരുമാനം നടപ്പാവുകയായിരുന്നു.
ടി പി ചന്ദ്രശേഖരന്‍ വധക്കേസിലുള്‍പ്പെടെ പാര്‍ട്ടിക്കുവേണ്ടി ജയില്‍വാസം അനുഭവിച്ച മോഹനനെ മാറ്റിയാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു വിലയിരുത്തല്‍.
43 അംഗ ജില്ലാ കമ്മിറ്റിയില്‍ ഏഴ് പേര്‍ പുതുമുഖങ്ങളാണ്. ഒഴിവാക്കപ്പെടുമെന്ന് കരുതിയ എം കെ നളിനിയെ നിലനിര്‍ത്തി. മന്ത്രി ടി പി രാമകൃഷ്ണന്റെ ഭാര്യയാണ് നളിനി. ജില്ലാ സെക്രട്ടറി പി മോഹനന്റെ ഭാര്യ കെ കെ ലതികയും കമ്മിറ്റിയില്‍ ഇടമുറപ്പാക്കി. എന്നാല്‍ ടി പി ബാലകൃഷ്ണന്‍ നായരെ ഒഴിവാക്കി. ഔദ്യോഗിക പക്ഷത്തിന് ഭീഷണി ഉയര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഭാസ്‌കരന്‍ വിഭാഗത്തിന് കനത്ത തിരിച്ചടി നല്‍കിയാണ് പുതിയ കമ്മിറ്റി. മുമ്പ് വിഎസ് പക്ഷക്കാരായിരുന്ന പലരും കൂറുമാറി ഔദ്യോഗിക പക്ഷത്ത് ചേര്‍ന്നതോടെയാണ് ജില്ലാ കമ്മിറ്റിയില്‍ ഇടം പിടിച്ചത്.
പി വിശ്വന്‍, എം ഭാസ്‌കരന്‍, സി ഭാസ്‌കരന്‍, എം മെഹബൂബ്, കെ പി കുഞ്ഞമ്മദ്കുട്ടി, ടി പി ദാസന്‍, എം മെഹബൂബ്, ജോര്‍ജ്ജ് എം തോമസ്, എ കെ പത്മനാഭന്‍, കെ ദാസന്‍, കെ കുഞ്ഞമ്മദ്, എ കെ ബാലന്‍, കെ ടി കുഞ്ഞിക്കണ്ണന്‍, പി എ മുഹമ്മദ് റിയാസ്, എം ഗിരീഷ്, ടി. ചന്തുമാസ്റ്റര്‍, കാനത്തില്‍ ജമീല, ടി പി. ബിനീഷ് തുടങ്ങിയവരാണ് ജില്ലാ കമ്മിറ്റിയിലെ പ്രമുഖര്‍.
മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ പൊതുചര്‍ച്ചയിലും ഗ്രൂപ്പ് ചര്‍ച്ചയിലും കടുത്ത വിമര്‍ ശനം ഉയര്‍ന്നിരുന്നു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, എ കെ ബാലന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദന്‍ എന്നിവര്‍ വിവിധ ഘട്ടത്തില്‍ ഇടപെട്ടാണ് ചര്‍ച്ചകള്‍ ഒഴിവാക്കിയത്.
സമ്മേളനം ഗെയില്‍ വിരുദ്ധ സമരത്തെ തള്ളികൊണ്ട് പ്രമേയം പാസാക്കി. വികസന വിരോധികളാണ് സമരത്തിലെന്ന് നിക്ഷിപ്ത താത്പര്യക്കാരും വര്‍ഗീയതീവ്രവാദ സംഘടനകളുമാണ് സമരത്തിലെന്ന് പ്രമേയം കുറ്റപ്പെടുത്തി.ജനങ്ങളെ ഇളക്കി വിടാനും കലാപം സൃഷ്ടിക്കാ നും ശ്രമം നടന്നുവെന്ന് പ്രമേയം കുറ്റപ്പെടുത്തി. വര്‍ഗ്ഗീയ മതതീവ്രവാദ നിലപാടുകള്‍ തിരിച്ചറിഞ്ഞ് പൈപ്പ് ലൈന്‍ പദ്ധതിക്ക് പിന്തുണ നല്‍കണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്.
സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായിവിജയന്‍ സംസാരിച്ചു. പി.മോഹനന്‍ അധ്യക്ഷനായി. ടി.പി.രാമകൃഷ്ണന്‍, എളമരം കരീം, എ.പ്രദീപ്കുമാര്‍, എം.മെഹ്ബൂബ്, പി.സതീദേവി, എന്‍. കെ.രാധ, പി.വിശ്വന്‍, കെ.കുഞ്ഞമ്മദ്കുട്ടി, കെ.കെ.മുഹമ്മദ്, പി.വിശ്വന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.