ഇടതുസര്‍ക്കാരിന് ഇസ്ലാമിക അജണ്ട

Friday 5 January 2018 2:45 am IST

ഇസ്ലാമിക മതമൗലിക വാദികളേയും ജിഹാദി ഭീകരരേയും പ്രീതിപ്പെടുത്താന്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ ഏതറ്റം വരേയും പോകുമെന്നതിന്റെ ദൃഷ്ടാന്തമാണ് സംസ്ഥാനത്ത് ലൗജിഹാദ് എന്നൊന്നില്ലെന്ന ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ട്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ തയ്യാറാക്കിയതാണെന്ന് അവകാശപ്പെടുന്ന ഈ റിപ്പോര്‍ട്ട് അങ്ങേയറ്റം വസ്തുതാവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്ന് പ്രത്യക്ഷത്തില്‍ വ്യക്തം.

ലൗജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന് കാണിച്ച് ടി.പി. സെന്‍കുമാറിനെപ്പോലുള്ള സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടും, ഹിന്ദു-ക്രൈസ്തവ പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി മതംമാറ്റുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുള്ള കോടതി ഉത്തരവുകളും യാതൊരു വീണ്ടുവിചാരവുമില്ലാതെ കാറ്റില്‍പ്പറത്തിയാണ് ദുരുപദിഷ്ടമായ റിപ്പോര്‍ട്ടുമയി സംസ്ഥാനസര്‍ക്കാര്‍ രംഗത്തുവന്നിട്ടുള്ളത്. സംസ്ഥാനത്ത് ലൗജിഹാദ് ഉണ്ടെന്ന് കണ്ടെത്തി ഇപ്പോഴത്തെ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും 2017 ല്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇരുപത്തിയഞ്ച് കേസുകളില്‍ അന്വേഷണം നടത്തി എഡിജിപി രാജേഷ് ദിവാന്‍ നല്‍കിയ റിപ്പോര്‍ട്ടിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഇവയൊക്കെ മറികടക്കാന്‍ പോരുന്ന സമ്മര്‍ദ്ദത്തിന് ഇടതുമുന്നണി സര്‍ക്കാര്‍ കീഴടങ്ങിയിരിക്കുകയാണ്.

തിടുക്കപ്പെട്ട് തയ്യാറാക്കിയ ഈ റിപ്പോര്‍ട്ടിനുപിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചന നടന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന സിപിഎമ്മും, ഇസ്ലാമിക മതമൗലികവാദ സംഘടനയായ എസ്ഡിപിഐയും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിനിടയാക്കിയതെന്ന് കരുതാന്‍ കാരണങ്ങളുമുണ്ട്. ലൗ ജിഹാദ് എന്നൊരു സംഭവമേയില്ലെന്ന് വീറോടെ വാദിച്ചുകൊണ്ടിരിക്കുന്ന എസ്ഡിപിഐ, അണിയറയില്‍ ഇതിനുവേണ്ടി സര്‍വസന്നാഹങ്ങളോടെയും പ്രവര്‍ത്തിക്കുകയാണെന്ന നിരവധി റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ വിവാദമായിരിക്കുന്ന അഖില-ഷഫിന്‍ ജഹാന്‍ ബന്ധത്തില്‍ മതംമാറ്റം നടന്നതായും, അതില്‍ എസ്ഡിപിഐ വനിതാ നേതാവ് സൈനബയുടെ പങ്കും സ്ഥിരീകരിക്കപ്പെട്ടതാണ്. ഒരു ഇംഗ്ലീഷ് വാര്‍ത്താ ചാനല്‍ നടത്തിയ ഒളിക്യാമറാ ഓപ്പറേഷനില്‍ അന്യമതസ്ഥരായ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുള്ള മതംമാറ്റത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതായും, അതിന്റെ രീതികള്‍ എങ്ങനെയാണെന്നുമൊക്കെ സൈനബ സമ്മതിച്ചതുമാണ്. സൈനബ-എസ്ഡിപിഐ ബന്ധം സത്യമാണെങ്കില്‍ എസ്ഡിപിഐയ്ക്ക് ലൗജിഹാദുമായുള്ള ബന്ധവും യാഥാര്‍ത്ഥ്യമാണെന്ന് കരുതേണ്ടിവരും.

മതസൗഹാര്‍ദ്ദം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന മലയാളികളെയെല്ലാം വിഡ്ഢികളാക്കി പൊടുന്നനെ ഇങ്ങനെയൊരു റിപ്പോര്‍ട്ട് തട്ടിക്കൂട്ടിയതിന്റെ പശ്ചാത്തലം പ്രത്യേകം വിവരിക്കേണ്ടതില്ല. അഖില കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ കേസുമായി ബന്ധപ്പെട്ട് ലൗജിഹാദിനെക്കുറിച്ച് സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം എന്‍ഐഎ അന്വേഷിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി അഖിലയെ പഠനം പൂര്‍ത്തിയാക്കാന്‍ വിടുകയായിരുന്നു. എന്‍ഐഎ നല്‍കിയ റിപ്പോര്‍ട്ടില്‍ ലൗജിഹാദ് സ്ഥിരീകരിച്ചതായാണ് സൂചന.

കേസ് ജനുവരി മൂന്നാം വാരത്തില്‍ വീണ്ടും പരിഗണിക്കുമ്പോള്‍ സുപ്രീംകോടതി ഈ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പരിശോധിക്കും. റിപ്പോര്‍ട്ട് കോടതി ശരിവയ്ക്കുന്ന പക്ഷം പ്രതിക്കൂട്ടിലാവുന്നത് എസ്ഡിപിഐ ആയിരിക്കും. എന്‍ഐഎ അന്വേഷണത്തെ കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകര്‍ പിന്തുണച്ചതുമാണ്. കോടതിയില്‍ നിന്ന് പ്രതികൂല ഉത്തരവുണ്ടാവുമെന്ന് മുന്‍കൂട്ടിക്കണ്ട് ഇസ്ലാമിക മതമൗലികവാദികളെ വെള്ളപൂശാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ ശ്രമം. ഇതിനെ ജനങ്ങള്‍ ഒറ്റക്കെട്ടായിനിന്ന് ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.