മുത്തലാഖ് നിരോധന ബില്‍ രാജ്യസഭയില്‍ വൈകുന്നു

Friday 5 January 2018 2:51 am IST

 

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മുത്തലാഖ് നിരോധന ബില്ലവതരണം രാജ്യസഭയില്‍ വൈകുന്നു. ബില്‍ സഭയില്‍ അവതരിപ്പിക്കാനുള്ള കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ശ്രമങ്ങള്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെയും പരാജയപ്പെട്ടു. ശീതകാല സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്ന് ബില്‍ പാസാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍.

മുത്തലാഖ് നിരോധന ബില്‍ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന ആവശ്യത്തിലാണ് പ്രതിപക്ഷം. രാജ്യസഭയില്‍ ബില്‍ പരിഗണിക്കാനിരിക്കെ ഈ ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. എന്നാല്‍ ബില്‍ സെലക്ട് കമ്മറ്റിക്ക് വിടാനുള്ള കോണ്‍ഗ്രസിന്റെ ആവശ്യം മുത്തലാഖ് നിരോധന ബില്ലിനെ ഇല്ലാതാക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തിന്റെ ഭാഗമാണെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാജ്യസഭയില്‍ പറഞ്ഞു. എന്നാല്‍ ബില്‍ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് ഉറച്ചു നിന്നതോടെ ബില്‍ വീണ്ടും വൈകുമെന്നുറപ്പായി.

കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുഗേന്ദു ശേഖറും ബില്‍ സെലക്ട് കമ്മറ്റിക്ക് വിടണമെന്നാവശ്യപ്പെട്ട് സഭയില്‍ പ്രത്യേക പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

ബില്‍ ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറാവാത്ത കോണ്‍ഗ്രസിന്റെ നിലപാടിനെ വിമര്‍ശിച്ച് കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി. ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുകയാണ് കോണ്‍ഗ്രസെന്നും സ്മൃതി പറഞ്ഞു.

ചര്‍ച്ചയ്്ക്ക് പോലും തയ്യാറാവാത്ത കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയുമെന്നും രാജ്യത്തെ മുസ്ലിം വനിതകളുടെ ശാക്തീകരണം കേന്ദ്രസര്‍ക്കാരിന്റെ ദൗത്യമാണെന്നും രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു. ശീതകാല സമ്മേളനത്തില്‍ ബില്‍ പാസാക്കാന്‍ സാധിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിനെതിരെ രാജ്യവ്യാപക പ്രചരണം നടത്താനാണ് ബിജെപിയുടെ തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.