ചൈന വന്‍തോതില്‍ ആയുധങ്ങള്‍ നിര്‍മിക്കുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌

Saturday 18 June 2011 9:40 pm IST

വാഷിംഗ്ടണ്‍: അത്യുഗ്ര ശേഷിയുള്ള നശീകരണ ആയുധങ്ങള്‍ ചൈന വന്‍തോതില്‍ നിര്‍മിച്ചു വരുന്നതായി യുഎസ്‌ റിപ്പോര്‍ട്ട്‌. അണുവായുധങ്ങളും മിസെയിലുകളും വന്‍തോതില്‍ പാക്കിസ്ഥാനും ഇറാഖുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക്‌ കൈമാറുന്ന ചൈനയുടെ നടപടി ആ രാജ്യത്തിന്റെ ആയുധശേഷി വെളിപ്പെടുത്തുന്ന ചൂണ്ടുപലകയാണെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്താരാഷ്ട്ര ആണവ ഉടമ്പടി നയങ്ങള്‍ക്ക്‌ വിപരീതമായാണ്‌ ചൈന ആയുധങ്ങള്‍ നിര്‍മിച്ചു കൂട്ടുന്നതെന്നും അനിയന്ത്രിതമായി ഇവ മറ്റു രാജ്യങ്ങള്‍ക്ക്‌ കൈമാറുന്നത്‌ ഗുരുതരമായ സുരക്ഷാ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും വിലയിരുത്തപ്പെടുന്നു. ആണവായുധങ്ങളും ദീര്‍ഘദൂരം പ്രഹരണശേഷിയുള്ള മിസെയിലുകളും പാക്കിസ്ഥാന്‌ കൈമാറുന്ന ചൈന, പാക്‌ ആണവനിലയങ്ങള്‍ക്ക്‌ വേണ്ട സാങ്കേതിക സഹായവും നല്‍കിവരികയാണ്‌. ഇതോടൊപ്പം അത്യുഗ്ര പ്രഹരശേഷിയുള്ള മിസെയിലുകള്‍ ചൈന ഇറാനും കൈമാറുന്നുണ്ട്‌. ആഗോള തലത്തില്‍ നിലവിലിരിക്കുന്ന ആയുധ ഉടമ്പടികളെ തകര്‍ക്കുന്ന ചൈനയുടെ നടപടികള്‍ ഗൗരവപരമായി പരിഗണിക്കപ്പെടേണ്ടന്നതാണ്‌ റിപ്പോര്‍ട്ട്‌ പറയുന്നു. കനത്ത സുരക്ഷാ സംവിധാനങ്ങളില്‍ സൂക്ഷിക്കപ്പെടേണ്ടതുണ്ടെന്ന്‌ ഇത്തരം ആയുധങ്ങള്‍ അര്‍ഹതയില്ലാത്തവരുടെ കയ്യില്‍ എത്തിപ്പെടുകയാണെങ്കില്‍ പരിണതഫലം ഭയാനകമായിരിക്കുമെന്നും റിപ്പോര്‍ട്ട്‌ ഓര്‍മിപ്പിക്കുന്നു.
യുഎസ്‌ കോണ്‍ഗ്രസിന്റെ ഗവേഷണ വിഭാഗമായ സിആര്‍എസ്‌ ആണ്‌ ചൈനയുടെ ആയുധശേഷിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട്‌ പുറത്തുവിട്ടത്‌. മിസെയില്‍ ആണവായുധ കൈമാറ്റത്തിനായി ഭരണകൂടം ആവിഷ്ക്കരിച്ച കര്‍ക്കശ നിയമങ്ങള്‍ മിക്കവാറും എല്ലാ ലോകരാജ്യങ്ങളും തന്നെ അംഗീകരിച്ചിരുന്നെങ്കിലും ചൈന ഇതിനെതിരായി പ്രവര്‍ത്തിക്കുന്നത്‌ അതീവ ഗുരുതരമായാണ്‌ അമേരിക്ക നിരീക്ഷിക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.