മുസ്ലീം ലീഗിന്റെ ഹിതം

Sunday 7 October 2012 10:39 pm IST

കേരളത്തില്‍ മുസ്ലീം ലീഗ്‌ വിചാരിക്കുന്നതേ നടക്കൂ എന്ന സ്ഥിതിവിശേഷം ഉണ്ടാക്കിയത്‌ കമ്മ്യൂണിസ്റ്റ്‌-കോണ്‍ഗ്രസ്‌ പാര്‍ട്ടികളാണ്‌. ഭരണം പിടിക്കാന്‍ മുസ്ലീം ലീഗിനെ കൂട്ടുപിടിക്കുന്നതിന്‌ ഇവര്‍ക്ക്‌ ഒരു മടിയും മനസ്സാക്ഷിക്കുത്തും ഉണ്ടായിട്ടില്ല. ഇന്നത്‌ ഭസ്മാസുരന്‌ വരം ലഭിച്ചതുപോലെയായി. വളം വച്ചു കൊടുത്തവര്‍ക്ക്‌ തന്നെ മുസ്ലീം ലീഗ്‌ വിനയായി തീര്‍ന്നിരിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ മുസ്ലീം ലീഗ്‌ മന്ത്രി ഇബ്രാംഹിം കുഞ്ഞിന്റെ പ്രസ്താവന. കേരളം ഭരിക്കുന്നത്‌ മുസ്ലീംലീഗ്‌ തന്നെയെന്നാണ്‌ ലീഗ്‌ നേതാവും പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രിയുമായ വി.കെ. ഇബ്രാഹിംകുഞ്ഞ്‌ പരസ്യമായി പ്രസ്താവിച്ചത്‌. ലീഗിന്‌ ഹിതകരമല്ലാത്തത്‌ ഒന്നും നടക്കില്ല. ആരും പരസ്യമായി ഇക്കാര്യം സമ്മതിക്കാറില്ലെങ്കിലും സത്യമാണെന്ന്‌ കൂടി മന്ത്രി പറഞ്ഞിരിക്കുന്നു. നമ്മളാണ്‌ കേരളം ഭരിക്കുന്നതും എല്ലാംകൊണ്ടു നടക്കുന്നതും. നമ്മളാണ്‌ കാര്യകര്‍ത്താക്കള്‍. ഇത്‌ ലീഗ്‌ പ്രവര്‍ത്തകരും നേതാക്കളും മനസ്സിലാക്കണമെന്നും മന്ത്രി വിശദീകരിക്കുന്നുണ്ട്‌. മന്ത്രിയുടെ നിഷ്ക്കളങ്കമായ പ്രസ്താവന നിഷേധിച്ചുകൊണ്ടും വിശദീകരിച്ചും വിമര്‍ശിച്ചും ഒരുപാട്‌ അഭിപ്രായങ്ങള്‍ ഉണ്ടായി. എന്നാല്‍ മുസ്ലീം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റോ അദ്ദേഹത്തെ നിയന്ത്രിക്കുന്ന സംസ്ഥാന പ്രസിഡന്റോ ഒരക്ഷരം മിണ്ടിയിട്ടില്ല. മുസ്ലീം ലീഗിന്റെ നിയമസഭാ കക്ഷി ലീഡറായ വ്യവസായ മന്ത്രിക്കും ഇക്കാര്യത്തില്‍ മൗനമാണ്‌ ആശ്രയം. അതിനര്‍ത്ഥം മറ്റാളുകള്‍ പറയാന്‍ മടിച്ച സത്യം ഇബ്രാഹിം കുഞ്ഞ്‌ വിളിച്ച്‌ പറഞ്ഞിരിക്കുന്നു എന്നാണ്‌. അതിലവര്‍ക്ക്‌ സങ്കടമല്ല സന്തോഷമാണ്‌ ഉള്ളതെന്ന്‌ വ്യക്തം. മന്ത്രിമാര്‍ക്ക്‌ വകുപ്പ്‌ വിഭജിച്ച്‌ നല്‍കുന്നത്‌ മുഖ്യമന്ത്രിയാണ്‌. അതാണ്‌ കേരളത്തിലെ നടപടി ക്രമങ്ങളും കീഴ്‌വഴക്കങ്ങളും. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ ലീഗ്‌ മന്ത്രിമാര്‍ക്ക്‌ വകുപ്പ്‌ നല്‍കി പ്രഖ്യാപനം നടത്തിയത്‌ മുസ്ലീം ലീഗ്‌ പ്രസിഡന്റായിരുന്നു. മുസ്ലീം ലീഗിന്‌ അഞ്ചാമതൊരു മന്ത്രിയുണ്ടാകുമെന്നും അത്‌ ഇന്നയാളാണെന്നും ആദ്യം പ്രസ്താവിച്ചത്‌ മുസ്ലീം ലീഗിന്റെ പ്രസിഡന്റ്‌ തന്നെയാണ്‌. അതൊക്കെ വിവാദമായിട്ടും ഒരു കൂസലുമില്ലാതെ ധാര്‍ഷ്ട്യത്തോടെയാണ്‌ ഇപ്പോള്‍ ഒരു ലീഗ്‌ മന്ത്രി മുസ്ലീം ലീഗിന്‌ അഹിതമായതൊന്നും കേരളത്തില്‍ നടക്കില്ലെന്ന്‌ അവകാശപ്പെട്ടിരിക്കുന്നത്‌. കേരളത്തില്‍ സാമുദായിക സന്തുലിതാവസ്ഥ അട്ടിമറിക്കപ്പെടുകയാണെന്നും ലീഗിന്റെ ആജ്ഞാനുവര്‍ത്തികളായി ഭരണത്തെ നയിക്കുന്ന കോണ്‍ഗ്രസ്സ്‌ പെരുമാറുകയാണെന്നും പരക്കെ ആക്ഷേപം നിലനില്‍ക്കുകയാണ്‌. അതിനിടയിലാണ്‌ പല സംഘടനകളും ആക്ഷേപിച്ചുകൊണ്ടിരിക്കുന്നതെല്ലാം ശരിവച്ചുകൊണ്ട്‌ ലീഗ്‌ മന്ത്രിതന്നെ സത്യം വെളിപ്പെടുത്തിയത്‌. മുസ്ലീംലീഗ്‌ തീരുമാനിക്കുന്നു ഉമ്മന്‍ചാണ്ടി നടപ്പാക്കുന്നു എന്നതാണ്‌ കേരളത്തിന്റെ ഇന്നത്തെ അവസ്ഥ. ഇതില്‍ കോണ്‍ഗ്രസ്സുകാരില്‍ തന്നെ അമര്‍ഷം പുകയുകയാണ്‌. എന്നാല്‍ മുഖ്യമന്ത്രിക്കും കോണ്‍ഗ്രസ്‌ നേതൃത്വത്തിനും കുലുക്കമില്ല. ഭരണം നിലനിര്‍ത്താന്‍ മുസ്ലീം ലീഗിന്റെ ആട്ടും തുപ്പും സഹിക്കുന്നതിന്‌ അവര്‍ സന്നദ്ധരായിരിക്കുന്നു. കേരളത്തിലെ പാര്‍ട്ടി മാത്രമല്ല അഖിലേന്ത്യാ നേതൃത്വത്തിന്റെ അവസ്ഥയും മറിച്ചല്ല. കേരളത്തിലെ കോണ്‍ഗ്രസ്‌ നേതൃത്വത്തേക്കാള്‍ കേന്ദ്രം വിശ്വാസത്തിലെടുക്കുന്നത്‌ മുസ്ലീം ലീഗ്‌ നേതൃത്വത്തെയാണ്‌. കേന്ദ്രത്തില്‍ പല തീരുമാനങ്ങളും ഉണ്ടാകുന്നതും ഇല്ലാതാകുന്നതും മുസ്ലിം ലീഗിന്റെ മനസ്സറിഞ്ഞുകൊണ്ടാണ്‌. മാറാട്‌ സംഭവം അതിന്റെ ഒരുദാഹരണം മാത്രം. മാറാട്‌ സംഭവം നടന്നിട്ട്‌ പത്ത്‌ വര്‍ഷം തികയുന്നു. ഇതിന്റെ ദുരൂഹതകള്‍ ഇപ്പോഴും ബാക്കി നില്‍ക്കുകയാണ്‌. ഗൂഢാലോചന, വിദേശ പങ്കാളിത്തം തുടങ്ങി നിരവധി കാര്യങ്ങള്‍ സംബന്ധിച്ച്‌ സിബിഐ അന്വേഷണത്തിന്‌ വിടാന്‍ ഹിന്ദു സംഘടനകള്‍ മാത്രമല്ല സംസ്ഥാന സര്‍ക്കാര്‍ തന്നെ ആവശ്യപ്പെട്ടതാണ്‌. ഇതിന്‌ ജുഡീഷ്യല്‍ കമ്മീഷനും കോടതിയും നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ സിബിഐ അന്വേഷണത്തിന്‌ ഉത്തരവിടാന്‍ കേന്ദ്ര തീരുമാനമുണ്ടാകുന്നില്ല. കേന്ദ്രസര്‍ക്കാരില്‍ മുസ്ലീം ലീഗിനും അവരുടെ മന്ത്രിക്കുമുള്ള സ്വാധീനമാണ്‌ ഇതിന്‌ പിന്നിലുള്ളതെന്ന്‌ വ്യക്തം. മാറാട്‌ നിഷ്ഠൂരമായ കൂട്ടക്കൊല നടത്തിയതിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ചു എന്ന്‌ ആക്ഷേപിക്കപ്പെടുന്ന വ്യക്തിയാണ്‌ മുസ്ലീം ലീഗിനെ പ്രതിനിധീകരിച്ച്‌ ഇന്ന്‌ കേന്ദ്ര മന്ത്രിസഭയിലുള്ളത്‌. അതുപോലെതന്നെ മുസ്ലീം ഭീകരവാദികള്‍ക്ക്‌ യഥേഷ്ടം പ്രവര്‍ത്തിക്കാനും പ്രശ്നങ്ങള്‍ ഉണ്ടാക്കാനും കഴിയുന്ന പ്രദേശമായി കേരളം മാറിയത്‌ മുസ്ലീം ലീഗിന്റെ ഹിതമനുസരിച്ചാണെന്ന്‌ ആര്‍ക്കാണ്‌ അറിയാത്തത്‌. ലൗജിഹാദ്‌ എന്ന ഒളിയുദ്ധം ഹിന്ദുക്കള്‍ക്കെതിരെ ആരംഭിച്ചിച്ചിട്ട്‌ വര്‍ഷങ്ങളായി. ആയിരക്കണക്കിന്‌ കുടുംബങ്ങളെ കണ്ണീരിലാഴ്ത്തിയ ഈ വിഷയം പരക്കെ ചര്‍ച്ച ചെയ്യപ്പെടുകയാണ്‌. ഇതിനിടയിലും പ്രകോപനങ്ങള്‍ സൃഷ്ടിച്ച്‌ പ്രതികള്‍ വിലസുന്നു. ഒരു പ്രസ്താവനയില്‍ക്കൂടിപ്പോലും പ്രതികരിക്കാന്‍ സര്‍ക്കാരോ മുഖ്യ പ്രതിപക്ഷമോ കൂട്ടാക്കുന്നില്ല. മുഖ്യമന്ത്രിക്ക്‌ അഭിപ്രായം പറയാന്‍ നാക്കു പൊങ്ങുന്നില്ല. എന്തുകൊണ്ടാണത്‌. മുസ്ലീം ലീഗിന്റെ ഹിതം അറിഞ്ഞുകൊണ്ടല്ലേ. ഏഴായിരത്തോളം ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുകയോ തട്ടിയെടുക്കുകയോ മതം മാറ്റുകയോ ചെയ്തതായാണ്‌ ഇതിനകം വ്യക്തമായിട്ടുള്ളത്‌. അതിന്റെ പേരില്‍ ആരെയും ചുട്ടുകൊന്നില്ല. എന്നാല്‍ ഒരു മുസ്ലീം പെണ്‍കുട്ടിയെ സ്നേഹിച്ച യുവാവിനെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച സംഭവം കേരളത്തിലാണ്‌ നടന്നിട്ടുള്ളത്‌. മതരഹിത സമൂഹത്തിനുവേണ്ടി വാദിക്കുന്നവരോ മതേതരത്വം പാടി നടക്കുന്നവരോ ഈ വിഷയത്തില്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നാവനക്കാന്‍ തോന്നിയിട്ടില്ല. തിരിച്ചായിരുന്നെങ്കില്‍ ഈ നിലപാടായിരിക്കുമോ ഇവര്‍ക്കൊക്കെ ? ഇതൊക്കെ ഏതിന്റെ സൂചനയാണ്‌ ? ധീരതയുടെയോ ? ഭീരുത്വത്തിന്റെയോ ? മുസ്ലീം ലീഗിന്റെ ഹിതമനുസരിച്ചാണ്‌ ഇതൊക്കെ നടക്കുന്നത്‌ എന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അത്‌ മുസ്ലീം ലീഗ്‌ മന്ത്രി തന്നെ ഇപ്പോള്‍ ദൂരീകരിച്ചിരിക്കുകയാണ്‌. കേരളത്തില്‍ ഭീകരവാദത്തിന്‌ മുസ്ലീം ലീഗ്‌ വളംവച്ചുകൊടുക്കുന്നുവെന്ന്‌ ബിജെപി പ്രമേയത്തില്‍ കുറ്റപ്പെടുത്തിയപ്പോള്‍ കയര്‍ത്തുകയറിയവര്‍ക്ക്‌ അടിക്കടി ഭീകരമായ സംഭവങ്ങള്‍ കേരളത്തില്‍ നടക്കുമ്പോള്‍ മിണ്ടാട്ടമില്ല. മുസ്ലീം ലീഗിന്റെ ഹിതാനുസരണമാണ്‌ ഈ വക കാര്യങ്ങള്‍ നടക്കുന്നതെന്ന്‌ തിരിച്ചറിവ്‌ കൊണ്ടാണിത്‌. മുസ്ലീം ലീഗിന്റെ തോളില്‍ സഞ്ചരിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക്‌ ഇതൊക്കെ ഭൂഷണമായിരിക്കാം. എന്നാല്‍ കേരളത്തിലെ ജനത ഇങ്ങനെ സഹിച്ചിരിക്കണമോ എന്ന്‌ ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.