'ഒരു ദിവസം ഒരു കോടി' ദൗത്യം ചരിത്രമെഴുതി

Sunday 7 October 2012 11:12 pm IST

സ്വന്തം ലേഖകന്‍ പാലാ: സൈക്കിള്‍ വാങ്ങാന്‍ നാണയത്തുട്ടുകള്‍ ശേഖരിച്ച അഞ്ചുവയസ്സുകാരന്‍ കണ്ണന്‍മോന്റെ മണ്‍കുടുക്ക, കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രം വക പതിനായിരം രൂപ, വീടുകളില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍, വളര്‍ത്തുമൃഗങ്ങളായ ആട്, കോടി, കോഴിമുട്ടവരെ സംഭാവനയായി ഒഴുകിയെത്തി. ഇന്നലെ മാത്രം തുക 75 ലക്ഷം കവിഞ്ഞതായി യൂണിയന്‍ സെക്രട്ടറി അറിയിച്ചു. വരും ദിവസങ്ങളില്‍ ഇത് ഒരു കോടി കവിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രവര്‍ത്തകര്‍. എസ്എന്‍ഡിപി മീനച്ചില്‍ യൂണിയന്റെ കീഴില്‍ താലൂക്കില്‍ ഒരു കുടിപ്പള്ളിക്കൂടം പോലുമില്ല എന്ന ദീര്‍ഘനാളത്തെ പരിതാപത്തില്‍ നിന്നും ഉന്നതവിദ്യാഭ്യാസ സ്ഥാപനം പടുത്തുയര്‍ത്താന്‍ വേണ്ട സ്ഥലം വാങ്ങുന്ന ദൗത്യത്തിന്റെ ഭാഗമായി ആണ് ഒരു ദിവസം ഒരു കോടി എന്ന നൂതന ആശയവുമായി യൂണിയന്‍ നേതാക്കള്‍ രംഗത്ത് വന്നത്. യൂണിയനിലെ പതിനായിരം കുടുംബങ്ങളെ ലക്ഷ്യമിട്ടായിരുന്നു തുടക്കമെങ്കിലും സമുദായത്തിനപ്പുറം ഒരു ജനത തന്നെ ഈ മഹത്തായ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ഏഴാച്ചേരി തുമ്പയില്‍ വീട്ടിലെ അഞ്ചുവയസ്സുകാരന്‍ കണ്ണന്‍ എന്ന എസ്. അഭിനവ് കൃഷ്ണ തനിക്ക് സൈക്കിള്‍ വാങ്ങാന്‍ അച്ഛനും അമ്മയും നല്‍കുന്ന ചില്ലറ നാണയങ്ങള്‍ സ്വന്തം മണ്‍കുടുക്കയില്‍ സൂക്ഷിച്ചിരുന്ന തുക അച്ഛനായ കേരള കൗമുദി ലേഖകന്‍ കൂടിയായ സുനില്‍, അധ്യാപികയായ അമ്മ ശ്രീജ നായര്‍ എന്നിവര്‍ക്കൊപ്പം യൂണിയന്‍ ഓഫീസിലെത്തി യൂണിയന്‍ സെക്രട്ടറി അഡ്വ. കെ.എം സന്തോഷ്‌കുമാറിനെ ഏല്‍പിച്ചു. ഒരു ദിവസം ഒരു കോടി ഉത്സവത്തിന്റെ ആരവമുണര്‍ത്തുന്ന വീട്ടിലെ ചര്‍ച്ചകളിലും പത്രങ്ങളില്‍ വരുന്ന ചിത്രങ്ങളുമായിരുന്നു കണ്ണന്റെ പ്രചോദനം. സൈക്കിള്‍ അച്ഛന്‍ പിന്നെ വാങ്ങിത്തന്നാല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ കുഞ്ഞു മനസ്സിന്റെ വലിപ്പമറിഞ്ഞ മാതാപിതാക്കള്‍ കുഞ്ഞിനെയും കൂട്ടിയെത്തി സമ്പാദ്യം ഏല്‍പിക്കുകയായിരുന്നു. കണ്ണന്റെ കുഞ്ഞ് വലിയ മനസ്സിനെ അഭിനന്ദിക്കാനും സെക്രട്ടറി കെ.എം സന്തോഷ്‌കുമാര്‍ മറന്നില്ല. ഒരു കോടി ഉത്സവത്തിന്റെ സന്ദേശം കുഞ്ഞുമനസ്സുകളെ വരെ സ്വാധീനിച്ചതിന്റെ ആവേശത്തിലാണ് യൂണിയന്‍ നേതാക്കള്‍. ഒരു ദിവസം കൊണ്ട് ഒരു കോടി എന്ന സ്വപ്‌നപദ്ധതിയിലൂടെ മീനച്ചില്‍ യൂണിയന്‍ പുത്തന്‍ ചരിത്രമെഴുതിയതിന്റെ ആവേശവും ഒപ്പം ആശങ്കയും മിന്നിമറയുന്ന രംഗങ്ങളായിരുന്നു ഇന്നലെ യൂണിയന്‍ ഓഫീസില്‍ യൂണിയന്‍ സെക്രട്ടറി അഡ്വ. കെ.എം സന്തോഷ്‌കുമാറിന്റെയും പ്രസിഡന്റ് എ.കെ ഗോപിശാസ്താപുരത്തിന്റെയും മുഖത്ത്. സമൂഹത്തിന്റെ ഒന്നാകെയുള്ള പ്രാര്‍ത്ഥനയും കൂട്ടായ പ്രവര്‍ത്തനവും കൊണ്ടാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയതെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. ഇന്നലെ രാവിലെ മുതല്‍ ഒരു കോടി ഉത്സവത്തിന്റെ ഏകോപനവുമായി യൂണിയന്‍ നേതാക്കള്‍ പാലായിലെ യൂണിയന്‍ ആസ്ഥാനത്തു തന്നെ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയിക്കുന്നതുപോലെ ഓരോ ശാഖയിലെയും പ്രവര്‍ത്തനങ്ങളും തുക സമാഹാരണവും അപ്പപ്പോള്‍ ശാഖാ ഭാരവാഹികള്‍ യൂണിയന്‍ നേതാക്കളെ അറിയിച്ചുകൊണ്ടിരുന്നു. വിദ്യകൊണ്ട് പ്രബുദ്ധരാകുവിന്‍ എന്ന ശ്രീനാരായണഗുരുദേവന്റെ ഉപദേശം സാര്‍ത്ഥകമാക്കാനുള്ള ആവേശത്തില്‍ കൈമെയ് മറന്ന് എല്ലാവരും കൈകോര്‍ത്തു. തെക്കുംമുറി ശാഖയിലെ ഒരു വീട്ടില്‍ നിന്നും സംഭാവനക്കൊപ്പം കോഴികളും മറ്റൊരുവീട്ടില്‍ നിന്ന് റബര്‍ഷീറ്റും കിട്ടിയപ്പോള്‍ അമ്പാറയില്‍ ഒരു വീട്ടമ്മ രണ്ട് ആടുകളെയാണ് നിറഞ്ഞ മനസ്സോടെ കോടിക്കായി സംഭാവനചെയ്തത്. ഈരാറ്റുപേട്ട പൂഞ്ഞാര്‍ മേഖലകളിലെ ചില വീടുകളില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ സമര്‍പ്പിച്ചു. കടപ്പാട്ടൂര്‍ എന്‍എസ്എസ് ദേവസ്വം 10001 രൂപ നല്‍കി. എന്‍എസ്എസ് ഡയറക്ടര്‍ബോര്‍ഡംഗവും മീനച്ചില്‍ താലൂക്ക് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റുമായ സി.പി ചന്ദ്രന്‍ നായര്‍, ബിജെപി സംസ്ഥാന ക്യാമ്പയിന്‍ കമ്മറ്റി കണ്‍വീനര്‍ അഡ്വ. എന്‍.കെ നാരായണന്‍ നമ്പൂതിരി, ജില്ലാ സെക്രട്ടറി കെ.എം സന്തോഷ്‌കുമാര്‍, ഉഴവൂര്‍ ബിഡിഒ ഗംഗാധരന്‍ നായര്‍ തുടങ്ങിയവര്‍ യൂണിയന്‍ ഓഫീസില്‍ നേരിട്ടെത്തി തങ്ങളുടെ സംഭാവനകള്‍ കൈമാറി. വിവിധ യൂണിയനുകള്‍ക്ക് കീഴിലെ നിരവധി ശാഖാ നേതാക്കള്‍ മീനച്ചില്‍ യൂണിയന്‍ ഓഫീസില്‍ നേരിട്ടെത്തി തങ്ങളുടെ സംഭാവന യൂണിയന്‍ നേതാക്കള്‍ക്ക് കൈമാറി. വിവിധ ശാഖകളിലും യൂണിയന്‍ ഓഫീസുകളിലും നടന്ന ഒരു ദിവസം ഒരു കോടി ഉത്സവപരിപാടിക്ക് യൂണിയന്‍ പ്രസിഡന്റ് എ.കെ ഗോപി ശാസ്താപുരം, സെക്ര ട്ടറി അഡ്വ. കെ.എം സന്തോഷ്‌കുമാര്‍, വൈസ്പ്രസിഡന്റ് ഡി. രാജപ്പന്‍, നിയുക്ത ബോര്‍ഡംഗങ്ങളായ പി.എസ് ശാര്‍ങ്ധരന്‍, എം.എന്‍ ഷാജി മുകളേല്‍, യൂണിയന്‍ കൗണ്‍സിലര്‍മാരായ ഷാജി കടപ്പൂര്, സുരേഷ് ഇട്ടിക്കുന്നേ ല്‍, മനോജ്കുമാര്‍ കിടങ്ങൂര്‍, രവീന്ദ്രന്‍ ഈരാറ്റുപേട്ട, പ്രദീപ് പ്ലാച്ചേരില്‍, കെ.ആര്‍ ഷാജി തല നാട്, സജീവ് വയല, അംബികാ സുകുമാരന്‍, മനോജ് പുലിയള്ളില്‍, ലക്ഷ്മിക്കുട്ടി ടീച്ചര്‍, ഷാജി കെഴുവംകുഴം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.