ജെ.ഡേ വധം സി.ബി.ഐ അന്വേഷിക്കേണ്ടതില്ല - ഹൈക്കോടതി

Monday 18 July 2011 2:38 pm IST

മുംബൈ: മാധ്യമ പ്രവര്‍ത്തകന്‍ ജ്യോതിര്‍മയി ഡേയുടെ കൊലപാതക കേസ് അന്വേഷണം സി.ബി.ഐക്കു വിടണമെന്ന ഹര്‍ജികള്‍ ബോംബെ ഹൈക്കോടതി തള്ളി. കേസില്‍ മുംബൈ പോലീസ്‌ ഇപ്പോള്‍ നടത്തുന്ന അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ രഞ്ജന ദേശായി, ആര്‍.വി. മോറെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് ഉത്തരവ്. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തെ മഹാരാഷ്‌ട്ര സര്‍ക്കാരും നേരത്തെ എതിര്‍ത്തിരുന്നു. കേസില്‍ അധോലോക രാജാവ് ഛോട്ടാ രാജന്റെ എട്ട് അനുയായികളെ അറസ്റ്റ് ചെയ്തെന്നും ഇവര്‍ക്കെതിരേ മഹരാഷ്ട്ര സംഘടിത കുറ്റകൃത്യ നിരോധന നിയമം (മോക്ക) ചുമത്തിയെന്നും പോലീസ് കോടതിയെ അറിയിച്ചു. ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിനാണ്‌ ജെ.ഡേയെ മുംബയിലെ വസതിയ്ക്ക്‌ സമീപം വച്ച്‌ ഛോട്ടാരാജന്റെ അനുയായികളെന്ന്‌ സംശയിക്കുന്നവര്‍ വെടിവച്ചു കൊന്നത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ മലയാളിയായ സതീഷ്‌ കാലിയ ഉള്‍പ്പെടെ എട്ടു പേര്‍ അറസ്റ്റിലായിരുന്നു.