കേന്ദ്രസഹായം നിര്‍മ്മാണചെലവിന്റെ അടിസ്ഥാനത്തിലാക്കണമെന്ന്‌ കരാറുകാര്‍

Monday 8 October 2012 8:58 pm IST

കോട്ടയം: കേന്ദ്രസഹായ പദ്ധതികളില്‍ പ്രഥമ അടങ്കലിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം നിശ്ചയിക്കുന്നത്‌ അശാസ്ത്രീയമാണെന്നും യഥാര്‍ത്ഥ നിര്‍മ്മാണ ചെലവ്‌ കണക്കാക്കി തുക പങ്കിടുന്നതിന്‌ വ്യവസ്ഥയുണ്ടാക്കണമെന്നും കേരളാ ഗവ. കോണ്‍ട്രാക്ടേഴ്സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേന്ദ്രസഹായ പദ്ധതികളില്‍ കേന്ദ്രവിഹിതം പ്രാഥമിക അടങ്കല്‍ തുകയുടെ 75 മുതല്‍ 90 ശതമാനം വരെയാണ്‌. എന്നാല്‍ ടെണ്ടര്‍ തുകയില്‍ വേണ്ടിവരുന്ന അധിക നിരക്ക്‌, അടങ്കല്‍ പരിഷ്കരിക്കേണ്ടിവരുമ്പോള്‍ അനിവാര്യമാകുന്ന അധിക ചെലവ്‌ എന്നിവ സംസ്ഥാന സര്‍ക്കാര്‍ മാത്രമായി വഹിക്കണം. ഇത്‌ പലപ്പോഴും കേന്ദ്രവിഹിതത്തേക്കാള്‍ അധികരിക്കുന്നതിനാല്‍ പദ്ധതികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുന്നു.
കുട്ടനാട്‌ പാക്കേജില്‍ കേന്ദ്രവിഹിതം പ്രാഥമിക അടങ്കലിന്റെ 75 ശതമാനമാണ്‌. സംസ്ഥാനവിഹിതമായ 25 ശതമാനത്തിന്‌ പുറമേ ടെണ്ടര്‍ അധികനിരക്ക്‌, പുതുക്കിയ അടങ്കല്‍ പ്രകാരമുള്ള അധിക നിരക്ക്‌ തുടങ്ങിയവയും സര്‍ക്കാര്‍ വഹിക്കേണ്ടിവരുന്നതിനാല്‍ പദ്ധതി ഉപേക്ഷിക്കപ്പെടുന്ന സ്ഥിതിയിലാണ്‌. പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്‌യോജനയ്ക്കായി ഈ വര്‍ഷം 480 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ടെങ്കിലും ടെണ്ടര്‍ അധികനിരക്കിനായി 240 കോടി രൂപയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയാല്‍ മാത്രമേ പദ്ധതി പ്രാവര്‍ത്തികമാകൂ. ഡീസല്‍ പെട്രോള്‍ സെസ്‌ ഉപയോഗിച്ച്‌ നടത്തുന്ന ഈപദ്ധതിയുടെ മുഴുവന്‍ ചെലവും സെസ്സ്‌ ഫണ്ടില്‍ നിന്നു തന്നെ വിനിയോഗിക്കണം.
യാഥാര്‍ത്ഥ്യബോധമില്ലാതെയും വിപണി നിരക്കുകളുമായി പൊരുത്തപ്പെടുന്ന വിധത്തിലും പ്രാഥമിക അടങ്കലുകള്‍ തയ്യാറാക്കാന്‍ കഴിയാതെ വരുന്നതും അടങ്കല്‍ അംഗീകരിച്ചുകിട്ടുന്നതില്‍ വരുന്ന കാലതാമസവുമാണ്‌ സംസ്ഥാന സര്‍ക്കാരിന്‌ ഭീമമായ ബാധ്യത സൃഷ്ടിക്കുന്നത്‌.
പുതുക്കിയ പൊതുമരാമത്ത്‌ പട്ടിക പ്രകാരം ഒരു ചാക്ക്‌ സിമന്റിന്റെ വില 297 രൂപയാണ്‌. വിപണി വില 360. തൊഴിലാളികളുടെ കൂലി നിരക്കുകളും തീര്‍ത്തും അപര്യാപ്തമാണ്‌.
ഗ്രാവല്‍, ചെമ്മണ്ണ്‌ എന്നിവ സംഭരിക്കുന്നതിനും പണി സ്ഥലത്തേക്ക്‌ കൊണ്ടുപോകുന്നതിനും ഉണ്ടാകുന്ന പ്രയാസങ്ങള്‍ നിലനില്‍ക്കുകയാണ്‌. വിപണി നിരക്കുകളുടെ പകുതിപോലും പുതുക്കിയ പൊതുമരാമത്ത്‌ പട്ടികയിലില്ല. ഇതിനാല്‍ ഗ്രാവല്‍, ചെമ്മണ്ണ്‌ എന്നിവ മുഖ്യഇനമായി വരുന്ന പണികള്‍ കരാറുകാര്‍ ബഹിഷ്ക്കരിക്കുന്നതാണ്‌.
കേരളാ ഗവ.കോണ്‍ട്രാക്ടേഴ്സ്‌ അസോസിയേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം 22 ന്‌ മാനന്തവാടിയില്‍ ജലവിഭവമന്ത്രി പി.ജെ ജോസഫ്‌ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.കെ ജയലക്ഷ്മി മുഖ്യപ്രഭാഷണം നടത്തും. എം.ഐ ഷാനവാസ്‌ എം.പി, ബില്‍ഡേഴ്സ്‌ എക്യുപ്മെന്റ്‌ സോസൈറ്റി ഉദ്ഘാടനം ചെയ്യും.
എംഎല്‍എമാരായ എം.വി ശ്രേയാംസ്സ്കുമാര്‍, ഐ.സി. ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത്പ്രസിഡന്റ്‌ കെ.എല്‍ പൗലോസ്‌ എന്നിവര്‍ ആശംസകളര്‍പ്പിക്കും. പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ്‌ വര്‍ഗീസ്‌ കണ്ണമ്പള്ളി, ജില്ലാ പ്രസിഡന്റ്‌ ജോര്‍ജ്ജ്‌ വര്‍ഗീസ്‌, ടി.എസ്‌ ജയപ്രകാശ്‌, കുര്യന്‍ ജോസഫ്‌, റെജി ടി. ചാക്കോ, ഷാജി ജോസഫ്‌ കടുത്തുരുത്തി, അനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.