ഷോജിയുടെ ഘാതകരെതേടി ബംഗാളിലേക്ക്‌ പോയ പോലീസ്‌ തിരിച്ചെത്തി

Tuesday 9 October 2012 9:42 am IST

കോതമംഗലം: കോതമംഗലം മാതിരപ്പിള്ളി കണ്ണാടിപ്പാറ ഷോജിയുടെ ഘാതകരെന്ന്‌ സംശയിച്ച്‌ ഷോജിയുടെ വീട്ടില്‍ പണിചെയ്തിരുന്ന ബംഗാള്‍ സ്വദേശിയേയും കൂട്ടാളികളേയും അന്വേഷിച്ച്‌ ബംഗാളിലെ മൂര്‍ഷിദാബാദിലെത്തിയ കോതമംഗലം പോലീസിന്‌ കൊലപാതകത്തെക്കുറിച്ച്‌ യാതൊരു സൂചനയും ലഭിച്ചില്ല. ഷോജിയുടെ വീട്ടിലും ഭര്‍ത്താവിന്റെ വ്യാപാരസ്ഥാപനത്തിലും ജോലിചെയ്തിട്ടുള്ള പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ്‌ സ്വദേശി സന്‍വീര്‍ നാട്ടില്‍നിന്നും പെട്ടന്ന്‌ അപ്രത്യക്ഷനായതിനെതുടര്‍ന്ന്‌ ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ പോലീസ്‌ ശ്രമിച്ചെങ്കിലും ഇയാളുടെ ഫോണ്‍ നമ്പര്‍ മാറ്റിയിരുന്നു. ഇതില്‍ സംശയം തോന്നിയ കോതമഗലം പോലീസ്‌ കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ ഇയാളുടെ ബന്ധുക്കളും കേരളം വിട്ടതായി സൂചന ലഭിച്ചതിനെതുടര്‍ന്ന്‌ കോതമംഗലം സിഐ കെ.പി.ജോസ്‌, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ അബ്ദുള്‍ സത്താര്‍, എം.എം.ഷമീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം മുര്‍ഷിദാബാദിലെത്തി. സുഹൃത്തിന്റെ സഹായത്തോടെ സന്‍വീറിന്റെ വീട്ടിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്തിട്ടും കൊലപാതകത്തെക്കുറിച്ച്‌ യാതൊരു സൂചനയും പോലീസിന്‌ ലഭിച്ചിട്ടില്ല. കേസന്വേഷണത്തിന്‌ വഴിത്തിരിവാകുമെന്ന്‌ പ്രതീക്ഷിച്ച പോലീസിന്‌ നിരാശയായിരുന്നു ഫലം. ഇതോടെ ലോക്കല്‍ പോലീസ്‌ അന്വേഷണത്തില്‍ നാട്ടുകാര്‍ക്കുള്ള പ്രതീക്ഷയും അസ്ഥാനത്തായി.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.