കുടുംബശ്രീ രാപ്പകല്‍ സമരം പിന്‍‌വലിച്ചു

Tuesday 9 October 2012 5:36 pm IST

തിരുവനന്തപുരം: കുടുംബശ്രീ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തി വന്ന രാപ്പകല്‍ സമരം പിന്‍‌വലിച്ചു. എല്‍.ഡി.എഫ് നേതാക്കളുമായി മന്ത്രിമാരായ എം.കെ.മുനീറും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. കുടുംബശ്രീ മുന്നോട്ടുവച്ച പത്ത് ആവശ്യങ്ങളില്‍ ഭൂരിപക്ഷവും സര്‍ക്കാര്‍ അംഗീകരിച്ചു. ചര്‍ച്ചയ്ക്ക് ശേഷം സമരസമിതി നേതാക്കളെ സന്ദര്‍ശിച്ച മന്ത്രി എന്‍.കെ.മുനീര്‍ തീരുമാനങ്ങള്‍ സമരക്കാരെ അറിയിച്ചു. തുടര്‍ന്നാണ് സമരം അവസാനിപ്പിക്കുന്നതായി സമരസമിതി അറിയിച്ചത്. ജനശ്രീയ്ക്ക് ഫണ്ട് അനുവദിച്ചത് സംബന്ധിച്ച വിവാദത്തില്‍ കേന്ദ്ര കൃഷിമന്ത്രാലയം ഉചിതമായ തീരുമാനം എടുക്കട്ടെയെന്ന നിര്‍ദ്ദേശം ചച്ചയില്‍ ഇരുവിഭാഗവും അംഗീകരിച്ചു. തൊഴിലുറപ്പ് പദ്ധതിക്ക് കുടുംബശ്രീയുടെ എ.ഡി.എസ് അംഗത്വം നിര്‍ബന്ധമാക്കും. സര്‍ക്കാര്‍ കുടുംബശ്രീക്ക് നല്‍കുന്ന വായ്പയുടെ പലിശ 12 ശതമാനത്തില്‍ നിന്ന് ഏഴു ശതമാനമായി കുറയ്ക്കാനും യോഗത്തില്‍ ധാരണയായി. അതേസമയം ജനശ്രീയ്ക്ക് സര്‍ക്കാര്‍ സഹായം അനുവദിക്കരുതെന്ന ആവശ്യത്തില്‍ തീരുമാനമായിട്ടില്ല. കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കിയ സാഹചര്യത്തില്‍ കേന്ദ്ര തീരുമാനം വന്ന ശേഷം ചര്‍ച്ച ചെയ്യാമെന്നാണ് ധാരണ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.