സര്‍ക്കാരിന്റെ ശത്രുവല്ല സിഎജി: ചിദംബരം

Tuesday 9 October 2012 10:40 pm IST

ന്യൂദല്‍ഹി: കണ്‍ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ (സിഎജി)ജനറലിനെ അനുകൂലിച്ച്‌ ധനമന്ത്രി പി. ചിദംബരം രംഗത്തെത്തി. സിഎജിയെ കേന്ദ്രസര്‍ക്കാര്‍ ശത്രുവായി കാണില്ലെന്നും ചിദംബരം പറഞ്ഞു. കേന്ദ്രത്തിനും സിഎജിക്കുമിടയില്‍ പരസ്പ്പര വിശ്വാസം തിരിച്ചുകൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരും സിഎജിയും ശത്രുക്കളാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ ശ്രമിച്ചുവെന്നും ചിദംബരം ആരോപിച്ചു. സിഎജിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയതില്‍ സിഎജിയും സര്‍ക്കാരും തമ്മില്‍ അകലേണ്ടി വന്നിട്ടുണ്ട്‌. സിഎജിയുമായുള്ള ബന്ധം നല്ല നിലയിലാക്കണമെന്ന്‌ ധനകാര്യമന്ത്രിയെന്ന നിലയില്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ചെലവുകള്‍ പരിശോധിക്കുവാനും ധനദുര്‍വിനിയോഗം കണ്ടെത്താനും സിഎജിക്ക്‌ അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിഎജി റിപ്പോര്‍ട്ടുകള്‍ സ്വതന്ത്രവും നിഷ്പക്ഷവുമാകുമെന്നാണ്‌ പ്രതീക്ഷയെന്നും നയങ്ങളില്‍ സുതാര്യത കൊണ്ടുവരാന്‍ സിഎജിക്ക്‌ കഴിയുന്നുണ്ടെന്നും സിഎജിയും സര്‍ക്കാരും പരസ്പര പൂരകങ്ങളാണെന്നും ചിദംബരം പറഞ്ഞു. അടുത്തിടെ സിഎജിക്കെതിരെ ചിദംബരം ആഞ്ഞടിച്ചിരുന്നു. വിഭവങ്ങള്‍ ലേലം ചെയ്യുന്നതില്‍ ഭരണഘടനാ നിബന്ധനയില്ലെന്നും ഭരണഘടനാ പദവിയിലുള്ളവര്‍ ഇക്കാര്യം മറക്കരുതെന്നും ചിദംബരം സിഎജിയെ വിമര്‍ശിച്ചിരുന്നു. ഇതിനിടയിലാണ്‌ സിഎജിയും സര്‍ക്കാരും ശത്രുക്കളല്ലെന്ന്‌ പ്രസ്താവന നടത്തി ചിദംബരം മലക്കം മറഞ്ഞിരിക്കുന്നത്‌. കല്‍ക്കരിപ്പാടം ലേലം സംബന്ധിച്ച്‌ പരമാവധി വരുമാനമുണ്ടാക്കാനാണോ മറ്റേതെങ്കിലും ലക്ഷ്യത്തിനാണോ മുന്‍ഗണന നല്‍കേണ്ടതെന്ന്‌ തീരുമാനിക്കേണ്ടത്‌ സര്‍ക്കാരാണെന്നും ചിദംബരം പറഞ്ഞിരുന്നു. സിഎജി വെറുമൊരു കണക്കപ്പിള്ള അല്ലെന്ന്‌ സുപ്രീംകോടതി അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാര്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത്‌ പരിശോധിക്കാന്‍ സിഎജിക്കുള്ള അധികാരം ചോദ്യം ചെയ്ത ഹര്‍ജി തള്ളിക്കൊണ്ടാണ്‌ കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്‌. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും സാമ്പത്തിക ഇടപാടുകളുടേയും രാജ്യത്തിന്റെ സമ്പദ്ഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളുടേയും ഓഡിറ്റ്‌ നടത്താന്‍ സിഎജിക്ക്‌ ഭരണഘടനാദത്തമായി അധികാരമുണ്ടെന്ന്‌ ജസ്റ്റിസുമാരായ ആര്‍.എം.ലോധയും എ.ആര്‍.ദാവെയും അടങ്ങുന്ന ബെഞ്ചാണ്‌ അടുത്തിടെ വ്യക്തമാക്കിയത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.