ഇന്ത്യ അഴിമതിക്കെതിരായ യുദ്ധത്തില്‍: അദ്വാനി

Wednesday 10 October 2012 9:23 pm IST

ന്യൂയോര്‍ക്ക്‌: കള്ളപ്പണവും അഴിമതിയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തര്‍ക്കുമെന്നും ഉല്‍പാദനമേഖലയുടെയും നിക്ഷേപത്തിന്റെയും വളര്‍ച്ച ഇല്ലാതാക്കുമെന്നും മുതിര്‍ന്ന ബിജെപി നേതാവ്‌ ലാല്‍ കൃഷ്ണ അദ്വാനി. ഇന്ത്യ അഴിമതിക്കെതിരായ യുദ്ധത്തിലാണെന്നും ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയില്‍ സംസാരിക്കവെ അദ്വാനി പറഞ്ഞു.
അഴിമതിയും കള്ളപ്പണവും വികസിത വികസ്വര രാജ്യങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ ഇവ ഏറ്റവും ഗുരുതരമായി ബാധിക്കുന്നത്‌ വികസ്വര രാജ്യങ്ങളെയാണ്‌. വികസ്വര രാഷ്ട്രങ്ങളിലെ അഴിമതി സേവനമേഖലയുടെ പ്രവര്‍ത്തനത്തെ അട്ടിമറിക്കുകയും ജനങ്ങളെ നേരിട്ട്‌ ബാധിക്കുകയും ചെയ്യുന്നു. സാമൂഹിക വികസനം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എന്നിന്റെ അഴിമതി വിരുദ്ധ നിലപാടുകള്‍ നടപ്പില്‍ വരുത്താന്‍ എല്ലാ അംഗരാജ്യങ്ങളുടെയും അന്താരാഷ്ട്രതലത്തിലുള്ള അര്‍ത്ഥവത്തായ സഹകരണം അഭ്യര്‍ത്ഥിച്ച അദ്വാനി വിദേശ രാജ്യങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള കള്ളപ്പണത്തിലും മറ്റു നിക്ഷേപങ്ങളിലും നടപടി എടുക്കാന്‍ രാജ്യങ്ങള്‍ തയ്യാറാകണമെന്ന്‌ പറഞ്ഞു. മെക്സിക്കോയില്‍ നടന്ന ജി20 ഉച്ചകോടി അഴിമതിക്കെതിരായ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു എന്നു പറഞ്ഞ അദ്വാനി ഉച്ചകോടിയില്‍ പങ്കെടുത്ത രാജ്യങ്ങള്‍ എല്ലാ തരത്തിലുമുള്ള അനധികൃത സമ്പാദനത്തിനും അവയുടെ സ്വീകര്‍ത്താക്കള്‍ക്കും എതിരായ നിയമനടപടികളിലൂടെ കള്ളപ്പണത്തിന്റെ സുരക്ഷിത താവളങ്ങള്‍ ഇല്ലാതാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായിരിക്കും 2015നു ശേഷമുള്ള വികസന അജണ്ടയില്‍ പ്രാമുഖ്യമെന്നും വരും വര്‍ഷങ്ങളില്‍ വികസനം ലക്ഷ്യമാക്കിയുള്ളതായിരിക്കും പ്രവര്‍ത്തനമെന്ന്‌ പറഞ്ഞ അദ്വാനി വികസ്വര രാഷ്ട്രങ്ങളിലെ ആഭ്യന്തര സാമ്പത്തിക അന്തരം കുറയ്ക്കുവാന്‍ നടപടിവേണമെന്ന്‌ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങള്‍ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തിയും ഭരണപരിഷ്കരണത്തിലൂടെയും നികുതി നയങ്ങളിലൂടെയും ആഭ്യന്തര വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയം സാദ്ധ്യമാക്കണം. എല്ലാത്തിനുമുപരിയായി സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പുവരുത്തി അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യണം അദ്വാനി നിര്‍ദ്ദേശിച്ചു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.