പാല്‍ വിലവര്‍ധന ഞായറാഴ്ച മുതല്‍

Thursday 11 October 2012 10:25 am IST

തിരുവനന്തപുരം: ഞായറാഴ്ച മുതല്‍ മില്‍മ പാല്‍വില ലിറ്ററിന്‌ അഞ്ചുരൂപ കൂടും. മില്‍മ ഡയറക്ടര്‍ ബോര്‍ഡിന്റേതാണ്‌ തീരുമാനം. വര്‍ധിപ്പിച്ച വിലയുടെ 92 ശതമാനം നേട്ടവും ക്ഷീരകര്‍ഷകര്‍ക്കാണെന്നാണ്‌ മില്‍മയുടെ അവകാശവാദം. ക്ഷീരകര്‍ഷകര്‍ക്ക്‌ 4.60 രൂപ, ഏജന്റിന്‌ 20 പൈസ, ക്ഷീരസഹകരണ സംഘങ്ങള്‍ക്ക്‌ 20 പൈസ എന്നിങ്ങനെയാണ്‌ വീതം വയ്പ്‌. കൂടിയ വിലയില്‍ ലാഭമെടുക്കുന്നില്ലെന്നും മില്‍മ ഡയറക്ടര്‍ ബോര്‍ഡ്‌ അറിയിച്ചു. മില്‍മയുടെ കാലിത്തീറ്റക്ക്‌ 50 കിലോ ചാക്കിന്‌ 200 രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്‌. കാലിത്തീറ്റയുടെ വില 650 രൂപയില്‍നിന്ന്‌ 850 രൂപയായി ഉയരും.
കഴിഞ്ഞ ദിവസം കല്‍പ്പറ്റയില്‍ ചേര്‍ന്ന മില്‍മ ഭരണസമിതി യോഗം പാല്‍ വിലയും കാലിത്തീറ്റ വിലയും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. വില വര്‍ദ്ധനവ്‌ പ്രഖ്യാപിക്കാന്‍ ചെയര്‍മാന്‍ പി.ടി.ഗോപാലകുറുപ്പിനെ ചുമതലപ്പെടുത്തിയതനുസരിച്ചാണ്‌ നടപടി. അതേസമയം വിലവര്‍ധനവ്‌ മില്‍മക്ക്‌ നേട്ടമുണ്ടാക്കില്ലെന്ന്‌ ചെയര്‍മാന്‍ പറഞ്ഞു.
കാലിത്തീറ്റയുടെ വില ക്രമാതീതമായി ഉയര്‍ന്നതും ഉല്‍പാദന ചെലവ്‌ വര്‍ധിപ്പിച്ചതുമാണ്‌ പാല്‍ വില വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയതെന്നും ചെയര്‍മാന്‍ വിശദീകരിച്ചു. മില്‍മയുടെ കേരളത്തിലെ മൂന്ന്‌ മേഖലാ യൂണിയനുകളും പാല്‍വില അഞ്ചു രൂപ ഉയര്‍ത്തണമെന്ന നിലപാട്‌ സ്വീകരിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ വരെ കേരളത്തിലെ ആഭ്യന്തര പാലുല്‍പാദനം 9.45 ലക്ഷം ലിറ്ററാണ്‌. കാലിത്തീറ്റ വിലവര്‍ധന അടക്കമുള്ള പ്രശ്നങ്ങള്‍ വന്നതോടെ ഉല്‍പാദനം എട്ടു ലക്ഷമായി ചുരുങ്ങിയതായി കണക്കാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.