ബംഗ്ലാദേശില്‍ ചുഴലികൊടുങ്കാറ്റ്: 23 മരണം

Friday 12 October 2012 1:04 pm IST

ധാക്ക: തെക്കു കിഴക്കന്‍ ബംഗ്ലാദേശിന്റെ തീരപ്രദേശങ്ങളിലുണ്ടായ ചുഴലിക്കൊടുങ്കാറ്റില്‍ വന്‍ നാശനഷ്ടം. 23 പേര്‍ മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. നിരവധി പേര്‍ക്കു ഗുരുതര പരുക്കേല്‍ക്കുകയും ആയിരത്തോളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ആഴക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്നവരെയാണ് കാണാതായത്. തീരമേഖലയിലുള്ള നവോഖലി, ഭോല ജില്ലകളിലെ ചെറുദ്വീപുകളിലാണ് കൊടുങ്കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. നവോഖലിയില്‍ മാത്രം പതിനാറ് പേര്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് അറിയുന്നത്. ചിറ്റഗോങ്ങില്‍ രണ്ടു പേരും മരിച്ചു. കൂടാതെ ഹാത്തിയ ഉപജില്ലയില്‍ അഞ്ചു പേരും മുഹമ്മദ്പുര്‍ യൂനിയനിലെ സുബര്‍നചാര്‍ ഉപജില്ലയില്‍ രണ്ടു പേരും മരണപ്പെട്ടതായി റിപ്പോര്‍ട്ട്. മരവും ടിന്‍ ഷീറ്റുകളും കൊണ്ട് നിര്‍മിച്ച ഭൂരിഭാഗം വീടുകളും നിലംപൊത്തി. നിരവധി മരങ്ങളും കടപുഴകിയിട്ടുണ്ട്. ഭവനരഹിതരായവര്‍ സമീപത്തെ സ്‌കൂളുകളിലാണ് അഭയംപ്രാപിച്ചിരിക്കുന്നത്. തീരമേഖലയിലെ മൂന്ന് ജില്ലകളിലും വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. പ്രാദേശിക സമയം പുലര്‍ച്ചെ രണ്ടു മണിക്കു വീശിയടിച്ച ചുഴലിക്കാറ്റ് അര മണിക്കൂര്‍ നീണ്ടു നിന്നു. വന്‍മരങ്ങള്‍ കടപുഴകുകയും വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങള്‍ താറുമാറാകുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ഹാത്തിയ പോലീസ് സ്റ്റേഷന്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് മുഖ്താര്‍ ഹുസൈന്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.