ഇന്‍ഫോസിസിന്റെ ലാഭം ഉയര്‍ന്നു

Friday 12 October 2012 7:37 pm IST

ബാംഗ്ലൂര്‍: നടപ്പ്‌ സാമ്പത്തിക വര്‍ഷം രണ്ടാം ത്രൈമാസത്തില്‍ ഇന്‍ഫോസിസിന്റെ ലാഭം ഉയര്‍ന്നു. 2012 സപ്തംബര്‍ 30 ന്‌ അവസാനിച്ച പാദത്തില്‍ അറ്റ ലാഭം 24.29 ശതമാനം ഉയര്‍ന്ന്‌ 2,369 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജൂലൈ-സപ്തംബര്‍ കാലയളവില്‍ 1,906 കോടി രൂപയായിരുന്നു ലാഭം. ഇന്‍ഫോസിസിന്റെ വരുമാനം 21.7 ശതമാനം വര്‍ധിച്ച്‌ 9,858 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലിത്‌ 8,099 കോടി രൂപയായിരുന്നു.
നടപ്പ്‌ സാമ്പത്തിക വര്‍ഷത്തെ വരുമാന വളര്‍ച്ചാ ലക്ഷ്യം അഞ്ച്‌ ശതമാനമായി ഇന്‍ഫോസിസ്‌ നിലനിര്‍ത്തി. ഇത്‌ ഉയര്‍ത്തുമെന്നാണ്‌ പ്രതീക്ഷിച്ചത്‌. ഇതില്‍ മാറ്റം വരുത്താത്തതിനെ തുടര്‍ന്ന്‌ കമ്പനിയുടെ ഓഹരി വില ഇടിഞ്ഞു. 7 ശതമാനം ഇടിവാണ്‌ ഇന്നലെ രാവിലെ രേഖപ്പെടുത്തിയത്‌.
കഴിഞ്ഞ മൂന്ന്‌ മാസക്കാലയളവില്‍ 1.797 ബില്യണ്‍ ഡോളറായിരുന്നു ഇന്‍ഫോസിസിന്റെ ഡോളര്‍ വരുമാനം. ആഗോള സാമ്പത്തിക മാന്ദ്യം ഐടി വ്യവസായത്തെ തുടര്‍ന്നും പ്രതികൂലമായി ബാധിക്കുമെന്ന്‌ ഇന്‍ഫോസിസ്‌ സിഇഒയും എംഡിയുമായ എസ്‌.ഡി.ഷിബുലാല്‍ അഭിപ്രായപ്പെട്ടു. കണ്‍സള്‍ട്ടിങ്‌ ബിസിനസ്‌ നടത്തുന്ന ഒരു സ്ഥാപനത്തെ ഏറ്റെടുത്തതായും അദ്ദേഹം പറഞ്ഞു. ഗവേഷണ വികസന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട്‌ ഭാവി വളര്‍ച്ചയ്ക്ക്‌ ശക്തമായ അടിത്തറ നല്‍കാന്‍ ഇതിലൂടെ സാധിക്കുമെന്ന്‌ ഷിബുലാല്‍ പറഞ്ഞു. സ്വിറ്റ്സര്‍ലന്റ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോഡ്സ്റ്റോണ്‍ എന്ന സ്ഥാപനത്തെ ഏറ്റെടുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ത്രൈമാസത്തില്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓഹരി ഉടമകള്‍ക്ക്‌ ഓഹരി ഒന്നിന്‌ 15 രൂപ നിരക്കില്‍ ലാഭവിഹിതം നല്‍കുവാനും ഇന്‍ഫോസിസ്‌ ഡയറക്ടര്‍ ബോര്‍ഡ്‌ തീരുമാനിച്ചിട്ടുണ്ട്‌.
അതോടൊപ്പം തന്നെ ജീവനക്കാരുടെ ശമ്പളത്തില്‍ വര്‍ധനവ്‌ വരുത്താനും കമ്പനി തീരുമാനിച്ചിട്ടുണ്ട്‌. 6-8 ശതമാനം വരെ വര്‍ധനവാണ്‌ വരുത്തുന്നത്‌. ശമ്പള വര്‍ധനവ്‌ ഈ മാസം മുതല്‍ പ്രാബല്യത്തില്‍ വരും. ഓണ്‍സൈറ്റ്‌ ജീവനക്കാര്‍ക്ക്‌ രണ്ട്‌ ശതമാനമായിരിക്കും വര്‍ധനവ്‌. ജൂലൈ മുതല്‍ സപ്തംബര്‍ വരെയുള്ള കാലയളവില്‍ 2,610 ജീവനക്കാര്‍ക്ക്‌ കൂടി നിയമനം നല്‍കിയതായും ഷിബുലാല്‍ പറഞ്ഞു. നടപ്പ്‌ സാമ്പത്തിക വര്‍ഷം 39,582 കോടി രൂപയുടെ വരുമാനമാണ്‌ ഇന്‍ഫോസിസ്‌ ലക്ഷ്യമിടുന്നത്‌.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.