എംപി ഫണ്ട്‌ വിനിയോഗം: പദ്ധതികള്‍ വൈകിപ്പിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന്‌ കേന്ദ്രമന്ത്രി

Friday 12 October 2012 7:45 pm IST

കൊച്ചി: എംപി ഫണ്ട്‌ വിനിയോഗിച്ച്‌ നടപ്പാക്കുന്ന പദ്ധതികളില്‍ ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന്‌ കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൊഫ.കെ.വി.തോമസ്‌ നിര്‍ദേശിച്ചു. ജനോപകാര പദ്ധതികള്‍ വൈകുന്നത്‌ അനുവദിക്കില്ല. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്‌ ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ പ്രത്യേക നിരീക്ഷണം വേണമെന്നും മന്ത്രി നിര്‍ദേശിച്ചു. ജില്ലയില്‍ എംപി ഫണ്ടുപയോഗിച്ച്‌ നടപ്പാക്കുന്ന പദ്ധതികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതികള്‍ നടപ്പാക്കുന്നതില്‍ തടസങ്ങളുണ്ടെങ്കില്‍ ഉടന്‍ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട്‌ പരിഹാരം കാണണം. പദ്ധതി നിര്‍ദേശത്തിന്‌ അംഗീകാരം ലഭിച്ച്‌ ഇതുവരെ ആരംഭിക്കാത്ത പദ്ധതികള്‍ ഒഴിവാക്കി പകരം പൂര്‍ത്തിയാക്കാനാവുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യണം. എഎസ്‌ ലഭിച്ച്‌ ഒരു മാസത്തിനകം പദ്ധതി ആരംഭിച്ചില്ലെങ്കില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കും. എഎസ്‌ ലഭിച്ചാല്‍ അടുത്ത നടപടിക്ക്‌ കാത്തുനില്‍കാതെ ഉടന്‍ നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കണം. പദ്ധതി നിര്‍ദേശം സമര്‍പ്പിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ കൃത്യത വരുത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തോപ്പുംപടി ഫുട്ബോള്‍ ഗ്രൗണ്ട്‌ നിര്‍മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. അടുത്തമാസത്തോടെ പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിക്കും. ആറു മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക്‌ പരീത്‌, പ്ലാനിങ്‌ ഓഫീസര്‍ ആര്‍.ഗിരിജ, വിവിധ വകുപ്പ്‌ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.