കൊച്ചി മെട്രോ ഡി.എം.ആര്‍.സിയെ എല്‍പ്പിക്കുന്നതില്‍ തടസമില്ല - ഇ.ശ്രീധരന്‍

Saturday 13 October 2012 4:39 pm IST

കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍മാണ ചുമതലയുടെ കരാര്‍ ഡിഎംആര്‍സിക്ക്‌ നല്‍കുന്നതില്‍ സാങ്കേതികമായി തടസമില്ലെന്ന്‌ ഇ. ശ്രീധരന്‍. കേന്ദ്ര നഗരവികസന മന്ത്രാലയത്തിനും കെഎംആര്‍എല്ലിനും അയച്ച കത്തിലാണ്‌ ശ്രീധരന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്‌. മെട്രോ റെയില്‍ നിര്‍മാണം ആഗോള ടെണ്ടര്‍ വിളിക്കാതെ ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ഏല്‍പ്പിക്കാ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ വ്യവസ്ഥകള്‍ തടസമാണെന്ന് സര്‍ക്കാര്‍ വാദിക്കുന്നതിനിടെയാണ് ഇ.ശ്രീധരന്‍ വിയോജിപ്പുമായി രംഗത്ത് എത്തിയത്. നാമ നിര്‍ദേശ വ്യവസ്ഥിതിയില്‍ ഒട്ടേറെ പദ്ധതികള്‍ ഡി.എം.ആര്‍.സി ഏറ്റെടുത്തിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങള്‍ തമ്മിലുള്ള ഇടപാടില്‍ ടെണ്ടര്‍ വിളിക്കേണ്ട കാര്യമില്ലെന്നും ഇ.ശ്രീധരന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മൂന്നു മാസത്തിലൊരിക്കല്‍ നിര്‍മാണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡി.എം.ആര്‍.സിയെ നിര്‍മാണ ചുമതല ഏല്‍പ്പിക്കുന്നതില്‍ വീജിലന്‍സ് കമ്മിഷന്‍ വ്യവസ്ഥകള്‍ തടസമാണെന്ന വാദം തെറ്റാണ്. ഡി.എം.ആര്‍.സി കൊച്ചി മെട്രോയുടെ കണ്‍സള്‍ട്ടന്‍സിയല്ല. വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. ഈ സാഹചര്യത്തില്‍ ഡി.എം.ആര്‍.സിയെ ഉടന്‍ നിര്‍മാണ കരാര്‍ ഏല്‍പ്പിക്കണമെന്നും ഇ.ശ്രീധരന്‍ ആവശ്യപ്പെട്ടു. അതേസമയം കമ്മിഷന്‍ കൈപ്പറ്റുന്നതിന് വേണ്ടിയാണ് പദ്ധതിക്കായി ആഗോള ടെണ്ടര്‍ വിളിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.