പോലീസില്‍ സ്ഥലം‌മാറ്റം അനിവാര്യം

Tuesday 19 July 2011 2:38 pm IST

തിരുവനന്തപുരം: സംസ്ഥാന പോലീസില്‍ സ്ഥലംമാറ്റം അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. എന്നാല്‍ സ്ഥലം മാറ്റം പൊലീസ് അന്വേഷണങ്ങളെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാന കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ ആവശ്യമെങ്കില്‍ തുടരാന്‍ അനുവദിക്കും. പോലീസ് വകുപ്പില്‍ എട്ടു മണിക്കൂര്‍ ജോലിസമയം പൂര്‍ണമായി നടപ്പിലാക്കാന്‍ അംഗസംഖ്യ കൂട്ടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. പറവൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടിയുടെ സുരക്ഷയും പുനരധിവാസവും സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടുവെന്നു മുഖ്യമന്ത്രി അറിയിച്ചു. പെണ്‍കുട്ടിയുടെ സംരക്ഷണം ഉറപ്പാക്കാന്‍ കലക്ടറോടും റേഞ്ച് ഐജിയോടും നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട്‌ പകുതിയിലധികം പ്രതികളെ അറസ്റ്റു ചെയ്‌തിട്ടുണ്ട്‌. ശേഷിക്കുന്നവരെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ ഉമ്മന്‍ചാണ്ടി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.