മോട്ടോര്‍ വാഹന ഭേദഗതി ബില്ല് ഇന്‍ഷ്വറന്‍സ് പരിരക്ഷയെ ബാധിക്കുമെന്ന്

Saturday 13 October 2012 11:09 pm IST

പാലാ: രാജ്യസഭ പാസ്സാക്കിയ മോട്ടോര്‍ വാഹനഭേദഗതി ബില്ലിലെ അപാകതകള്‍ സംബന്ധിച്ച് പാലാ ബാര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 15ന് പാലായില്‍ സെമിനാര്‍ സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞ് 3.30ന് മീനച്ചില്‍ കോംപ്ലക്‌സ് ഹാളില്‍ ജോസ്. കെ. മാണി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.ജോബി ജോര്‍ജ് അദ്ധ്യക്ഷത വഹിക്കും. ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. ശ്രീധരന്‍നായര്‍ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. സി.ജെ. ഷാജി വിഷയാവതരണം നിര്‍വഹിക്കും. ബാര്‍ കൗണ്‍സില്‍ അംഗം അഡ്വ. അജിതന്‍ നമ്പൂതിരി, മുന്‍ എം.പി. അഡ്വ ജോയി നടുക്കര, അഡ്വ.ജയ്‌മോന്‍ ജോസ്, അഡ്വ. ജോണ്‍സി നോബിള്‍ എന്നിവര്‍ പ്രസംഗിക്കും. നിലവിലുള്ള നിയമത്തിലെ 147, 163-എ, 163-ബി വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിലൂടെ വാഹനാപകടങ്ങളില്‍ പരിക്കുപറ്റുന്ന തേര്‍ഡ് പാര്‍ട്ടിക്ക് പൂര്‍ണ്ണമായ നഷ്ടപരിഹാരം നല്‍കുന്നത് ഒഴിവാക്കി. 163എ, 163ബി വകുപ്പുകള്‍ പ്രകാരം ഫയല്‍ ചെയ്യാവുന്ന കേസുകളില്‍ മാത്രമായി ഒതുക്കുന്നു എന്നതാണ് ഭേദഗതിയിലൂടെ സംഭവിക്കുന്ന വിനാശമെന്ന് ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വ്യക്തമാക്കി. ലാഭത്തില്‍മാത്രം ലക്ഷ്യം വയ്ക്കുന്ന സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികളുടെ കടന്നുവരവോടെയാണ് പുതിയ ഭേദഗതിക്കുള്ള നീക്കം. വാഹനാപകടങ്ങളില്‍ പരിക്ക് പറ്റുന്ന വലിയൊരു വിഭാഗത്തിന് നിയമഭേദഗതി പ്രാബല്യത്തില്‍ വന്നാല്‍ അര്‍ഹമായ ഇന്‍ഷ്വറന്‍സ് സഹായം ലഭ്യമല്ലാതാകും. ഇന്‍ഷ്വറന്‍സ് കമ്പിനികള്‍ വാഗ്ദാനം ചെയ്യുന്ന പരിരക്ഷയെ ചോദ്യം ചെയ്യുന്നതും പരിമിതപ്പെടുത്തുന്നതുമാണ് വരാന്‍പോകുന്ന ഭേദഗതിയെന്നും നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിയമത്തിലെ 166-ാം വകുപ്പ് ഭേദഗതിയിലൂടെ പരിക്ക് പറ്റുന്ന വ്യക്തിക്ക് ഹര്‍ജി സമര്‍പ്പിക്കുന്നതിനുള്ള കാലാവധിയും 173-ാം വകുപ്പ് ഭേദഗതിയിലൂടെ വിധിയ്‌ക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി കുറയുകയും വിധി തുകയുടെ 50 ശതമാനം അപ്പീല്‍ ഹര്‍ജിക്ക് എതിര്‍കക്ഷി കെട്ടിവയ്ക്കുകയും വേണമെന്നതാണ്. ഇതും ഇന്‍ഷ്വറന്‍സ് വിഭാവനം ചെയ്യുന്ന പരിരക്ഷയ്ക്ക് നിരക്കുന്നതല്ലെന്നാണ് നിയമവിദഗ്ദ്ധര്‍ പറയുന്നത്.പത്രസമ്മേളനത്തില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ജോബി ജോര്‍ജ്, സെക്രട്ടറി അഡ്വ. ജയ്‌മോന്‍ ജോസ്, അഡ്വ. ഇ.വി.മാത്യു, അഡ്വ. സി.ജെ. ഷാജി, അഡ്വ. ആന്റണി ഞാവള്ളില്‍, അഡ്വ. ജോണ്‍സി നോബിള്‍, അഡ്വ. ജയിംസ്എം.വെട്ടം എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.