ജില്ലയില്‍ വിഭാഗീയത രൂക്ഷം; സിപിഎം പ്രതിസന്ധിയില്‍

Sunday 14 October 2012 11:24 pm IST

കെ.വി.ഹരിദാസ് കോട്ടയം: സിപിഎമ്മിലെ വിഭാഗീയത ജില്ലയില്‍ രൂക്ഷമായി. ജില്ലാതലം മുതല്‍ ബ്രാഞ്ച് കമ്മിറ്റി വരെ വിഭാഗീയതയുടെ കരിനിഴലില്‍ പരന്നതോടെ പ്രവര്‍ത്തനം മന്ദീഭവിച്ചുതുടങ്ങി. അടുത്തകാലത്ത് സിപിഎം ഏറ്റെടുത്ത സമരങ്ങളും പ്രക്ഷോഭങ്ങളും വിജയിക്കുകയുണ്ടായില്ല. പലസ്ഥലങ്ങളിലും പ്രവര്‍ത്തകര്‍ എത്താത്തതിനെ തുടര്‍ന്ന് പരിപാടി ഉപേക്ഷിക്കേണ്ടി വന്നു. കെഎസ്ഇബി ഓഫീസിലേക്ക് അയര്‍ക്കുന്നം ഏരിയാ കമ്മറ്റി കഴിഞ്ഞദിവസം രാവിലെ 9ന് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. പതിനൊന്നുമണിയായിട്ടും മാര്‍ച്ച് തുടങ്ങാത്തതിനെ തുടര്‍ന്ന് സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളെ ഫോണില്‍വിളിച്ച ഉന്നതനായ ഒരു പോലീസ് ഉദ്യോഗസ്ഥന് കിട്ടിയ മറുപടി വിചിത്രമാണ്. ക്യൂബയിലെ സ്ഥിതിഗതികള്‍ കാരണം മാര്‍ച്ച് മാറ്റിവെക്കേണ്ടി വരും. അരമണിക്കൂറിനകം വിവരം പറയാം. പിന്നെ നേതാക്കളെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ്. രണ്ട് ഏരിയാ കമ്മറ്റികളിലും കെഎസ്ഇബി മാര്‍ച്ച് നടന്നില്ല. മാര്‍ച്ചിന് ആളെത്തിയില്ല. എത്തിയതോ പത്തില്‍ താഴെ പ്രവര്‍ത്തകര്‍ മാത്രം. അയര്‍ക്കുന്നത്ത് 4 സമരപരിപാടികള്‍ പ്രവര്‍ത്തകര്‍ എത്താത്തതിനെതുടര്‍ന്ന് മാറ്റിവച്ചു. ജില്ലയില്‍ 14 ഏരിയാ കമ്മറ്റിയും 110 ലോക്കല്‍ കമ്മിറ്റിയും 1400 ബ്രാഞ്ച് കമ്മറ്റിയും നിലവിലുണ്ട്. 16 ഏരിയാ കമ്മറ്റിയാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ സമ്മേളനത്തിനു ശേഷം 14 ഏരിയാ കമ്മറ്റിയായി ചുരുക്കുകയായിരുന്നു. പകുതിയിലേറെ ബ്രാഞ്ച് കമ്മിറ്റികളും കൂടാറില്ല. ലോക്കല്‍ കമ്മിറ്റികളില്‍ ആവശ്യത്തിന് പങ്കാളിത്തമുണ്ടാകാറില്ല. പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന പരിപാടികളില്‍ പ്രവര്‍ത്തകരുടെ പങ്കാളിത്തകുറവ് ഇതൊക്കെ നേതൃത്വത്തിനെ ഞെട്ടിച്ചിരിക്കുകയാണ്. ബ്രാഞ്ച് കമ്മിറ്റികളിലും ലോക്കല്‍ കമ്മിറ്റികളിലും ഏരിയാ കമ്മിറ്റി അംഗങ്ങളും ജില്ലാ കമ്മറ്റി അംഗങ്ങളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും മൂന്നുമാസത്തില്‍ ഒരിക്കല്‍ പങ്കെടുക്കണമെന്ന് പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടും പ്രതിസന്ധി തീരുന്നില്ല. കര്‍ഷക സംഘത്തിന്റെ ഇരുപത്തിയഞ്ച് മണിക്കൂര്‍ വില്ലേജാഫീസ് സമരം രണ്ടു മണിക്കൂറു പോലും നീണ്ടുനിന്നില്ല. സമരങ്ങളും പരിപാടികളും വഴിപാടായി മാറുന്നതായും പ്രവര്‍ത്തകരുടെ പങ്കാളിത്തം കുറയുന്നതായും ജില്ലയിലെ പ്രമുഖനായ സിപിഎം നേതാവ് തുറന്ന് സമ്മതിക്കുന്നു. കമ്മിറ്റികള്‍ കൂടിയാല്‍ വേല വയ്പും പാരപണിയുമാണ് പരിപാടി. പിന്നെന്തിനാ കമ്മിറ്റിക്ക് പോകുന്നത്. ഒരു പ്രാദേശിക നേതാവിന്റെ വിമര്‍ശനമാണിത്. മികച്ച പ്രാദേശിക നേതൃത്വമായിരുന്നു സിപിഎംന്റെ മുതല്‍ക്കൂട്ട്. ഇന്ന് അങ്ങനെ ഒന്നില്ല. സാമൂഹ്യവിരുദ്ധന്മാരുടെ ഒളിത്താവളമായി സിപിഎം കമ്മിറ്റികള്‍ മാറുകയാണ്. ഇതോടെ ജനങ്ങളില്‍നിന്നും പ്രസ്ഥാനം അകന്നു. ആളെ സംഘടിപ്പിക്കാനും കുറച്ചു ചില്ലറ മുടക്കാനും കഴിവുണ്ടെങ്കില്‍ നേതാവാകാം. ഇത് ഒരു നേതാവിന്റെ ആത്മരോഷം കലര്‍ന്ന വാക്കുകളാണ്. ജനങ്ങളുടെ ഇടയില്‍ സ്വാധീനമില്ലാത്ത നേതാക്കള്‍ പാര്‍ട്ടിക്ക് ബാദ്ധ്യതയായി മാറുകയാണ്. ന്യൂനപക്ഷ പ്രീണനനയം സിപിഎം ന്റെ പരമ്പരാഗത വോട്ടുകോട്ടയില്‍ വിള്ളല്‍ വീണു. സിപിഎമ്മിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഈഴവ സമൂഹത്തെ സിപിഎം വഞ്ചിക്കുകയായിരുന്നെന്ന തിരിച്ചറിവും പാര്‍ട്ടിക്ക് തിരിച്ചടിയായിട്ടുണ്ട്. പാര്‍ട്ടിയുടെ അടിത്തറയിലാണ് വിള്ളല്‍ വീണത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.