പാക് സൈനികരെ താലിബാന്‍ വധിക്കുന്ന ദൃശ്യം പുറത്തു വിട്ടു

Tuesday 19 July 2011 11:40 am IST

ഇസ്ലാ‍മാബാദ്: പാക്കിസ്ഥാന്‍ സൈനികരെ നിരത്തി നിര്‍ത്തി വെടിവച്ച് കൊല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ താലിബാന്‍ പുറത്തുവിട്ടു. സൈനികര്‍ കൊല്ലപ്പെട്ടതായി പാക് സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ മാസമായിരുന്നു ഭീകരരുടെ കൂട്ടക്കുരുതി. പാക് - അഫ്ഗാന്‍ അതിര്‍ത്തിയില്‍ വച്ച് പിടികൂടിയ 16 പാക് സൈനികരെ ഒരു കുന്നിന്‍ചെരുവില്‍ നിരനിരയായി നിര്‍ത്തി വെടി വച്ച് വീഴ്ത്തുന്നതാണ് ദൃശ്യങ്ങള്‍. കൈകള്‍ പുറകില്‍ ചേര്‍ത്ത് കെട്ടിവച്ച നിലയിലാണ് സൈനികര്‍. മുഖം മൂടി ധരിച്ച നാല് ഭീ‍കരരാണ് സൈനികര്‍ക്ക് നേരെ തൊട്ടടുത്ത് നിന്ന് തുരുതുരാ വെടിവച്ചത്. വെടികൊണ്ട് വീണ സൈനികരില്‍ ജീവന്റെ ഞരക്കം അവശേഷിക്കുന്നവരുടെ തല ലക്ഷ്യമാക്കി പിന്നെയും വെടി വച്ചു. താലിബാന്‍ ശക്തികേന്ദ്രമായ സ്വാത് പ്രവിശ്യയില്‍ സൈനികര്‍ നടത്തിയ കൊലയ്ക്ക് പ്രതികാരമെന്ന് വിളിച്ചു പറഞ്ഞ ശേഷമായിരുന്നു വെടിവയ്പ്. കഴിഞ്ഞ മാസം ഒന്നാം തീയതി വടക്കു പടിഞ്ഞാറന്‍ പ്രദേശത്ത് അഫ്ഗാനിസ്ഥാനില്‍ നിന്നും അതിക്രമിച്ച് കയറിയ തീവ്രവാദികള്‍ സൈനികരെ പിടിച്ചുകൊണ്ടു പോയതായി സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സൈനിക വൃത്തങ്ങള്‍ വിസമ്മതിച്ചു.