റവന്യൂ കമ്മി പരിധി കടന്നതായി ധവളപത്രം

Tuesday 19 July 2011 4:19 pm IST

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കുറിച്ചുള്ള ധവളപത്രം മന്ത്രി കെ.എം.മാണി നിയമസഭയില്‍ വച്ചു. കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ റവന്യൂകമ്മി പരിധികടന്നതായി ധവളപത്രത്തില്‍ പറയുന്നു. ആഭ്യന്തര ഉത്പാദനത്തില്‍ കാര്‍ഷിക അനുബന്ധ മേഖലകളുടെ വിഹിതവും കുറഞ്ഞതായി ധവളപത്രത്തിലുണ്ട്‌. സംസ്ഥാനത്തിന്റെ ട്രഷറിയില്‍ മിച്ചമുള്ളത്‌ 3832 കോടി രൂപയാണെന്നും ഇത്‌ സാമ്പത്തിക ഭദ്രതയെ സൂചിപ്പിക്കുന്നതല്ലെന്നും ധവളപത്രം വ്യക്തമാക്കുന്നു. ട്രഷറിയിലെ മിച്ചമുള്ള തുകയില്‍ ഭൂരിഭാഗവും സ്ഥിരനിക്ഷേപമാണെന്നും ധവളപത്രത്തില്‍ പരാമര്‍ശമുണ്ട്‌. എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ നികുതി വരുമാനത്തില്‍ വര്‍ദ്ധനയുണ്ടായെങ്കിലും വികസനേതര ചെലവുകള്‍ വര്‍ദ്ധിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ശ്രദ്ധേയമായ കുറവുണ്ടായി. കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള പരിഷ്കരണം, പെന്‍ഷന്‍ പരിഷ്കരണം എന്നിവ സംസ്ഥാനത്തിന്‌ 4825 കോടി രൂപയുടെ അധിക ബാദ്ധ്യതയുണ്ടാക്കി. അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ റവന്യൂ കമ്മി പരിധി കടന്നു. കാര്‍ഷിക, കാര്‍ഷിക അനുബന്ധ മേഖലകളില്‍ വളര്‍ച്ചാ നിരക്ക്‌ താഴോട്ട്‌ പോയെന്നും വളര്‍ച്ചയില്‍ ഇത്‌ പ്രകടമായ മാറ്റം ഉണ്ടാക്കിയെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു.