വളാഞ്ചേരി: കുട്ടികളെ ഇറക്കി പിന്നോട്ടെടുക്കുന്നതിനിടെ സ്കൂള്‍ ബസ്സിടിച്ച് പ്ളസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു. വളാഞ്ചേരി മാവണ്ടിയൂര്‍ ബ്രദേര്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ത്ഥിനി റാഷിദ(14)യാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതേകാലോടെയാണ് സംഭവം.
വിദ്യാര്‍ത്ഥികളെ സ്കൂളിനടുത്തുള്ള റോഡരികില്‍ ഇറക്കി പിന്നോട്ടെടുക്കുന്നതിനിടെ ബസ് റാഷിദയെ ഇടിക്കുകയായിരുന്നു. റാഷിദക്കൊപ്പം രണ്ട് കുട്ടികളും ഉണ്ടായിരുന്നു. ബസ്സ് വരുന്നത് കണ്ട് ഇവര്‍ ഓടിമാറിയതിനാല്‍ രക്ഷപ്പെട്ടു. ബസ്സിന്റെ പിന്‍ചക്രം തലയിലൂടെ കയറി ഇറങ്ങിയ കുട്ടി തല്‍ക്ഷണം മരിച്ചു. വളാഞ്ചേരി മേലേതില്‍ മാനുവാണ് റാഷിദയുടെ പിതാവ്.
മൃതദേഹം വളാഞ്ചേരി നടക്കാവിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്ഥലത്ത് നാട്ടുകാര്‍ തടിച്ചുകൂടിയിട്ടുണ്ട്. കഴിഞ്ഞ മാസം കല്പകഞ്ചേരി കല്ലിങ്ങപറമ്പില്‍ എച്ച്എസ്എം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി തസ്രിഫയും സ്കൂള്‍ ബസിടിച്ച് മരിച്ചിരുന്നു. സ്കൂള്‍ ഗ്രൗണ്ടില്‍ വച്ച് ബസ് പുറകോട്ടെടുത്തപ്പോഴാണ് ഇവിടെ അപകടം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: