ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ ഐപിഎസ് ഉദ്യോഗസ്ഥനെ കാണാതായി. സംസ്ഥാന പോലീസിന്റെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സെല്‍ സൂപ്രണ്ട് എം.എസ്. ചൗഹാനെയാണു കാണാതായത്. പടിഞ്ഞാറന്‍ കമെങ് ജില്ലയിലെ തിപ്പി മേഖലയിലാണു കഴിഞ്ഞ ദിവസം രണ്ടരയോടെ ഇദ്ദേഹത്തെ കാണാതായത്.
തിപ്പി മാര്‍ക്കറ്റിനു സമീപം ഔദ്യോഗിക വാഹനത്തില്‍ നിന്ന് ഇറങ്ങിയ ഇദ്ദേഹം തന്നെ സമീപത്തുള്ള നദിക്കരയില്‍ കാത്തുനില്ക്കാന് ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചിരുന്നു. മാര്‍ക്കറ്റിലേക്കു പോയ ഇദ്ദേഹത്തെ പിന്നീട് കാണാതാകുകയായിരുന്നു. ഇദ്ദേഹത്തെ തട്ടിക്കൊണ്ടു പോയതായി സംശയിക്കുന്നു. പോലീസ് തെരച്ചില്‍ തുടരുന്നു.
2008ല്‍ സംസ്ഥാനത്തു നടന്ന കോടികളുടെ പൊതുവിതരണ അഴിമതിക്കേസ് അന്വേഷിക്കാന്‍ ഹൈക്കോടതി ചൗഹാനെ ചുമതലപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: