മലപ്പുറം: കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും വ്യവസായിയുമായ കെ.എ. റൗഫിന് ജാമ്യം. മലപ്പുറം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ ജബ്ബാര്‍ ഹാജിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ് റൗഫിനെതിരായ കേസ്.ഈ കേസുമായി ബന്ധപ്പെട്ട് റൗഫിനെ കഴിഞ്ഞ ദിവസം മലപ്പുറം ഡിവൈഎസ്പി അഭിലാഷിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. റൗഫ് ഉപയോഗിച്ചിരുന്ന അഞ്ചു മൊബെയില്‍ ഫോണുകളും പോലീസ് പരിശോധനക്ക് വിധേയമാക്കിയിരുന്നു. തുടര്‍ന്ന് കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്യുകയുമായിരുന്നു.
റൗഫിന്റെ വാഴക്കാട്ടുള്ള ചെങ്കല്‍ ക്വാറിയിലെ തര്‍ക്കം കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാര്‍ ഹാജി തീര്‍ത്തുകൊടുത്തില്ലെങ്കില്‍ മുസ്ലിം ലീഗിനെയും പാര്‍ട്ടി നേതാവ് കുഞ്ഞാലിക്കുട്ടിയെയും അപകീര്‍ത്തിപ്പെടുത്തുമെന്നായിരുന്നു റൗഫിന്റെ പ്രധാന ഭീഷണിയെന്നാണ് പരാതി.
മലപ്പുറം ഡിവൈഎസ്പി എസ്. അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. മലപ്പുറം സി ഐ വിജയന്, കൊണ്ടോട്ടി സി ഐ അസൈനാര്‍, തിരൂരങ്ങാടി സി ഐ ഉമേഷ്, കൊണ്ടോട്ടി എസ് ഐ ഹനീഫ എന്നിവരും അന്വേഷണസംഘത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: