ദാമോദരന്‍പോറ്റി ശബരിമല മേല്‍ശാന്തി; മാളികപ്പുറത്ത്‌ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി

Wednesday 17 October 2012 10:26 pm IST

ശബരിമല: പുറപ്പെടാശാന്തിയായി ശബരിമല ശ്രീധര്‍മ്മശാസ്താവിന്‌ പാദപൂജ ചെയ്യാന്‍ വൈക്കം ആറാട്ടുകുളങ്ങര പ്രണവത്തില്‍ എന്‍. ദാമോദരന്‍പോറ്റിക്ക്‌ നിയോഗം. കൂത്താട്ടുകുളം കാരമല കരിക്കോട്‌ ഇല്ലത്ത്‌ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ്‌ മാളികപ്പുറം മേല്‍ശാന്തി. തുലാമാസം ഒന്നാം തീയതിയായ ഇന്നലെ രാവിലെ 7.45 ഓടെയാണ്‌ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ്‌ നടന്നത്‌. അഭിമുഖത്തിലുടെയും എഴുത്തുപരീക്ഷയിലൂടെയും തെരഞ്ഞെടുത്ത 9 പേരില്‍ നിന്നാണ്‌ ദാമോദരന്‍ പോറ്റിയെ നറുക്കെടുത്തത്‌.
റാങ്ക്‌ ലിസ്റ്റില്‍ ഏഴാമനായ ദാമോദരന്‍ പോറ്റിക്ക്‌ ഏഴാമത്തെ റൗണ്ടിലാണ്‌ നറുക്ക്‌ വീണത്‌. പന്തളം കൊട്ടാരാംഗമായ അനൂപ്‌ വര്‍മ്മയുടെ ആറ്‌ വയസ്സുകാരനായ മകന്‍ ഋഷികേശാണ്‌ മേല്‍ശാന്തിയുടെ പേര്‌ നറുക്കെടുത്തത്‌. രണ്ട്‌ വെള്ളിക്കുടങ്ങളില്‍ ഒന്നില്‍ മേല്‍ശാന്തിമാരായി പരിഗണിക്കപ്പെട്ടവരുടെ പേരെഴുതിയ 9 ചുരുളുകളും മറ്റൊരു കുടത്തില്‍ ശൂന്യമായ എട്ട്‌ ചുരുളുകളും മേല്‍ശാന്തി എന്നെഴുതിയ ഒരു ചുരുളം നിക്ഷേപിച്ച്‌ തന്ത്രി കണ്ഠരര്‌ രാജീവരര്‌ ശ്രീകോവിലില്‍ പൂജിച്ച ശേഷമാണ്‌ നറുക്കെടുപ്പ്‌ നടത്തിയത്‌. മാളികപ്പുറത്തും ഇതേരീതിയിലായിരുന്നു നറുക്കെടുപ്പ്‌.
മാളികപ്പുറത്ത്‌ മേല്‍ശാന്തിയായി 10 പേരുടെ പേരുകളാണ്‌ പരിഗണിച്ചത്‌. റാങ്ക്ലിസ്റ്റില്‍ രണ്ടാമനായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അഞ്ചാംറൗണ്ടിലാണ്‌ മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്‌. പന്തളം കോയിക്കല്‍ കൊട്ടാരത്തിലെ ഗിരീഷ്കുമാറിന്റെ മകള്‍ കീര്‍ത്തനാ വര്‍മ്മയാണ്‌ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ പേര്‌ നറുക്കിട്ടെടുത്തത്‌. മേല്‍ശാന്തിമാര്‍ ഇരുവരുടെയും സ്ഥാനാരോഹണം തുലാം 30 ന്‌ വൈകുന്നേരം നടക്കും. വൃശ്ചികം ഒന്ന്‌ മുതല്‍ ഒരു വര്‍ഷത്തേക്കാണ്‌ നിയമനം.
നറുക്കെടുപ്പിന്‌ ചീഫ്‌ കമ്മീഷണര്‍ കെ. ജയകുമാര്‍, എഡിജിപി പി. ചന്ദ്രശേഖരന്‍, ദേവസ്വം കമ്മീഷണര്‍ എന്‍. വാസു, സ്പെഷ്യല്‍ കമ്മീഷണര്‍ കെ. ബാബു, ദേവസ്വം പിആര്‍ഒ മുരളി കോട്ടയ്ക്കകം, എക്സിക്യൂട്ടീവ്‌ ഓഫീസര്‍ ശങ്കരനാരായണപിള്ള തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.