ഭീകരതയ്കെതിരെയുള്ള പോരാട്ടത്തില്‍ അമേരിക്ക ഇന്ത്യയ്ക്കൊപ്പം - ഹിലരി

Tuesday 19 July 2011 5:09 pm IST

ന്യൂദല്‍ഹി: ഭീകരതെയ്ക്കെതിരെ ഒറ്റക്കെട്ടാണെന്ന് ഇന്ത്യയും അമേരിക്കയും പ്രഖ്യാപിച്ചു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണും വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയും തമ്മില്‍ ചര്‍ച്ച നടത്തി. പ്രധാനമന്ത്രിയുമായി വൈകിട്ട് ഹിലരി ചര്‍ച്ചകള്‍ നടത്തും. തീവ്രവാദികള്‍ക്ക് സുരക്ഷിത താവളമാകാന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്ന് ഇന്ത്യയും അമേരിക്കയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. തീവ്രവാദത്തിനെതിരെ ശക്തമായ പിന്തുണയാണ് അമേരിക്ക ഇന്നത്തെ ചര്‍ച്ചയില്‍ ഇന്ത്യയ്ക്ക് നല്‍കിയത്. രാവിലെ പത്തരമണിയ്ക്കാണ് വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയുമായി ഹിലരി ക്ലിന്റണ്‍ ചര്‍ച്ചകള്‍ തുടങ്ങിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടു പോകും. ഒരു രാജ്യവും തീവ്രവാദികള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള അനുവാദവും സുരക്ഷിത താവളവും നല്‍കരുതെന്ന് ചര്‍ച്ചയ്ക്ക് ശേഷം നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഹിലരി ക്ലിന്റണ്‍ പറഞ്ഞു. പാക്കിസ്ഥാനാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയാവുന്നത്. പാക്കിസ്ഥാനിലെ ജനങ്ങള്‍ക്കെതിരെ തീവ്രവാദികള്‍ ആക്രമണം നടത്തുകയാണ്. ഈ സാഹചര്യത്തില്‍ സ്വയം പ്രതിരോധിക്കാനുള്ള തന്ത്രങ്ങള്‍ പാക്കിസ്ഥാന്‍ തന്നെ കൈക്കൊള്ളണം. തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പാക്കിസ്ഥാന്‍ തയാറാകണമെന്നും ഹിലരി ക്ലിന്റണ്‍ പറഞ്ഞു. മുംബൈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാനുള്ള ശ്രമങ്ങളും പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും ഉണ്ടാവണം. ഇക്കാര്യത്തില്‍ അമേരിക്കയുടെ പക്കലുള്ള രഹസ്യാന്വേഷണ വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറുന്നത് തുടരുമെന്നും ഹിലരി ക്ലിന്റണ്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.