കിളിരൂര്‍ കേസ്: പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി

Tuesday 19 July 2011 5:08 pm IST

കൊച്ചി: കിളിരൂര്‍ കേസില്‍ പ്രത്യേക സി.ബി.ഐ കോടതി പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി. പെണ്‍കുട്ടികളെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് പ്രതികള്‍ക്കെതിരെയുള്ള പ്രധാന കുറ്റം. പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നു. ടെലി സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ശാരി എന്ന പെണ്‍കുട്ടിയെ 2003 ഓഗസ്റ്റ് മുതല്‍ 2004 ഫെബ്രുവരി വരെയുള്ള കാലഘട്ടങ്ങളില്‍ ഇടനിലക്കാരിയായ ലതാനായര്‍ വിവിധ കേന്ദ്രങ്ങളില്‍ എത്തിക്കുകയായിരുന്നു. തേക്കടി ഗവ. ഗസ്റ്റ് ഹൌസ്, ഇടപ്പള്ളി, പളനി, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ കൊണ്ടു പോയി മയക്കുമരുന്ന് കലര്‍ന്ന ഭക്ഷണം നല്‍കിയ ശേഷമായിരുന്നു പീഡിപ്പിച്ചത്. കേസില്‍ ഉള്‍പ്പെട്ട കുട്ടിയുടെ ബന്ധുവായ ഓമനയെ മാപ്പ് സാക്ഷിയാക്കി. പ്രതികളായ പ്രവീണ്‍, മനോജ്, ലതാനായര്‍, കൊച്ചുമോനെന്ന ബിനു, പ്രശാന്ത്, സോമനാഥന്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി. ലതാനായര്‍ക്ക് ഒളിവില്‍ പോകാന്‍ സഹായം നല്‍കിയ ദേവദാസ്, അബ്ദുള്‍ ലത്തീഫ് എന്നിവര്‍ക്കെതിരെയുള്ള കുറ്റപത്രവും കോടതിയില്‍ വായിച്ചു. കോടതി കേസ് സെപ്റ്റംബര്‍ 13ലേക്ക് മാറ്റി.